പ്രശസ്ത ബോളിവുഡ് പിന്നണി ഗായകനും മലയാളിയുമായ കെ.കെ. എന്ന കൃഷ്ണകുമാര്‍ കുന്നത്ത് അന്തരിച്ചു. ചൊവ്വാഴ്ച കൊല്‍ക്കത്തയിലെ നാസറുല്‍ മാഞ്ച് ഓഡിറ്റോറിയത്തില്‍ നടന്ന സംഗീത പരിപാടിക്ക് ശേഷം ഹോട്ടലില്‍ എത്തിയ ഗായകന് കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍ തന്നെ അദ്ദേഹത്തെ കൊല്‍ക്കത്ത മെഡിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ എത്തിച്ചെങ്കിലും അന്ത്യം സംഭവിക്കുകയായിരുന്നു. 53 വയസായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം. കാല്‍നൂറ്റാണ്ടോളമായി പിന്നണി ഗായകനിരയില്‍ സജീവമായിരുന്നു കെ.കെ.
ഡല്‍ഹിയിലാണ് ജനനമെങ്കിലും മലയാളിയായ കെ.കെ. എഴുന്നൂറോളം ഗാനങ്ങള്‍ വിവിധ ഭാഷകളില്‍ പാടി അദ്ദേഹം ആസ്വാദകരുടെ മനം കവര്‍ന്നു. ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം, ബംഗാളി, കന്നട എന്നീ ഭാഷകളില്‍ നിരവധി ഹിറ്റ് ഗാനങ്ങള്‍ ആലപിച്ചു. 1999ല്‍ ആദ്യ മ്യൂസിക് ആല്‍ബമായ ‘പല്’ സോളോ സ്ക്രീന്‍ ആല്‍ബത്തിനുള്ള സ്റ്റാര്‍ സ്ക്രീന്‍ അവാര്‍ഡ് നേടി. ഫിലിം ഫെയര്‍ അവാര്‍ഡ് സൗത്ത്, 2012 ലെ ഈണം സ്വരലയ അവാര്‍ഡ് അടക്കം നിരവധി അവാര്‍ഡുകള്‍ നേടുകയും നോമിനേറ്റ് ചെയ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
2009 ല്‍ പൃഥ്വിരാജ് നായകനായി പുറത്തിറങ്ങിയ പുതിയ മുഖം എന്ന സിനിമയില്‍ ‘രഹസ്യമായ്’ എന്ന ഗാനം ആലപിച്ചിട്ടുണ്ട്. പ്രധാന മന്ത്രി ഉള്‍പ്പെടെ രാഷ്ട്രീയ-കല-സാംസ്കാരിക-കായിക രംഗത്തെ പ്രമുഖര്‍ താരത്തിന്റെ വിയോഗത്തില്‍ അനുശോചിച്ചു.
Recent Comments