‘ഇന്ന് രാവിലെ പൃഥ്വിരാജ് വിളിച്ചിരുന്നു’ അമ്മ റെഡിയായി നിന്നോളൂ, ഞാന്‍ കൂട്ടിക്കൊണ്ട് പോകാം’ എന്നാണ് അവന് പറഞ്ഞത്. ലളിതചേച്ചിയെ അവസാനമായി ഒരു നോക്ക് കാണാന്‍ ഞാനും ആഗ്രഹിക്കുന്നുണ്ടെന്ന് അവന് തോന്നിയിരിക്കണം.
രാജുവിനൊപ്പമാണ് രാവിലെ ലായത്തിലെ കൂത്തമ്പലത്തിലെത്തിയത്. ചേച്ചിയുടെ ചേതനയറ്റ ശരീരം എനിക്ക് കണ്ടുകൊണ്ട് നില്ക്കാനാകുമായിരുന്നില്ല. ഞാന്‍ വിങ്ങിപ്പോയി.
ഏറെനാളത്തെ പരിചയമുണ്ട് ഞങ്ങള്‍ തമ്മില്‍. കുറച്ച് സിനിമകളില്‍ ഞങ്ങള്‍ ഒരുമിച്ച് അഭിനയിച്ചിട്ടുമുണ്ട്. അതിനും അപ്പുറത്തേയ്ക്ക് ഒരു ബന്ധം ഞങ്ങള്‍ക്കിടയിലുണ്ടായിരുന്നു. എന്ത് വിഷമങ്ങളുണ്ടായാലും ചേച്ചി എന്നെ ഫോണില്‍ വിളിച്ച് പറയും.
ഇടയ്ക്കെപ്പോഴോ ഞാന്‍ ചേച്ചിയെ കണ്ടപ്പോള്‍ ഞെട്ടിപ്പോയി. ആകെ മെലിഞ്ഞുണങ്ങിയ പ്രകൃതം. എന്തു പറ്റിയെന്ന് ചോദിച്ചപ്പോള്‍, അടുത്തിടെയാണ് ഗാല്ബ്ലാഡറിന് ഒരു ഓപ്പറേഷന് വേണ്ടിവന്നതെന്ന് പറഞ്ഞു. ഡയബറ്റിക്സ് ശ്രദ്ധിക്കണമെന്ന് പറഞ്ഞപ്പോള്‍ അതൊന്നുമല്ല കാരണമെന്ന് ചേച്ചി നിസ്സാരമട്ടില്‍ പറഞ്ഞു. വരാനുള്ളതൊന്നും വഴിയില്‍ തങ്ങില്ലെന്നും.
ഏഷ്യാനെറ്റിന്റെ ഒരു അവാര്‍ഡ് ദാന ചടങ്ങില്‍വച്ച് പാട്ട് പാടണമെന്ന ആവശ്യമുയര്‍ന്നപ്പോള്‍ ഞാന്‍ കൂടെയുണ്ടെങ്കില്‍ പാടാമെന്നായി ചേച്ചി. വരികളൊന്നും ഓര്‍മ്മയില്ലെന്ന് ഞാന്‍ പറഞ്ഞു. അതൊക്കെ എന്റെ കൈവശമുണ്ടെന്ന് പറഞ്ഞ് ചേച്ചി ഒരു പേപ്പറില്‍ പാട്ടിന്റെ വരികള്‍ എഴുതിത്തന്നു. ‘എല്ലാരും ചൊല്ലണ്’ എന്ന് തുടങ്ങുന്ന ഗാനം ആ വേദിയില്‍വച്ച് ഞങ്ങള്‍ ഒരുമിച്ച് പാടി.
പിണറായി വിജയന്റെ മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ഞങ്ങള്‍ ഒരുമിച്ചാണ് തലശ്ശേരിയില്‍ പോയതും മടങ്ങിയതും. ഞങ്ങള്‍ ഒരുമിച്ച് ഒരു ഹോട്ടല്‍മുറിയിലാണ് തങ്ങിയത്. അങ്ങനെ എത്രയെത്ര ഓര്‍മ്മകള്‍. ആ ഓര്‍മ്മകള്‍ മാത്രം മതി ചേച്ചിയെ എനിക്ക് എന്നും ഓര്‍മ്മിക്കാന്‍.
Recent Comments