കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഒരു ചിത്രമാണ് ഇതും. സദ്യ ഉണ്ണുന്ന സുകുമാരനും മക്കളായ പൃഥ്വിയും ഇന്ദ്രനും. സമീപത്ത് അവരെ നോക്കിക്കൊണ്ട് നില്‍ക്കുന്നത് പ്രശസ്ത സംവിധായകന് കെ. മധുവാണ്. കൗതുകമുള്ള ഈ ഫോട്ടോയുടെ പശ്ചാത്തലമന്വേഷിച്ചാണ് കെ. മധുവിനെ വിളിക്കുന്നത്. അപ്പോള്‍ അദ്ദേഹം മുംബയിലായിരുന്നു. ഒരു സിനിമാ പ്രൊജക്ടിന്റെ ചര്‍ച്ചകള്‍ക്കായി എത്തിയതായിരുന്നു. ഫോട്ടോയെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ മധു പറഞ്ഞുതുടങ്ങി-
‘ഈ ഫോട്ടോ എന്റെ ശ്രദ്ധയിലും പെട്ടിരുന്നു. എന്റെ മകള്‍ പാര്‍വ്വതിയുടെ ഒന്നാം ജന്മദിനത്തിന് എടുത്ത ചിത്രമാണിത്. 1988 ല്‍. ഹരിപ്പാട്ടിലെ എന്റെ കുടുംബവീടായ വൈപ്പില്വച്ചാണ് ഈ ഫോട്ടോ എടുത്തത്. ഫോട്ടോയിലില്ലെങ്കിലും സുകുമാരന്റെ ഭാര്യ മല്ലികയും അവിടെ ഉണ്ടായിരുന്നു.’
‘എം. കൃഷ്ണന്‍നായര്‍ സാറിന്റെ സംവിധാനസഹായിയായി നില്ക്കുന്ന കാലത്താണ് ഞാന്‍ സുകുമാരനെ ആദ്യമായി പരിചയപ്പെടുന്നത്. പിന്നീട് ആ സൗഹൃദം വളര്‍ന്നു. കുടുംബങ്ങളിലേയ്ക്കും ആ ബന്ധം നീണ്ടു. സിബിഐ ഡയറി കുറിപ്പിന്റെ ചര്‍ച്ചകള്‍ നടക്കുമ്പോള്‍ അതിലെ ദേവദാസ് എന്ന കഥാപാത്രം സുകുമാരന്‍ ചെയ്യണമെന്ന് ഞാനും തിരക്കഥാകൃത്ത് എസ്.എന്‍. സ്വാമിയും ഒരുമിച്ച് എടുത്ത തീരുമാനമായിരുന്നു. ഒരു അഭിനേതാവെന്ന നിലയില്‍ സുകുമാരന്റെ കഴിവില്‍ ഞങ്ങള്‍ക്ക് തികഞ്ഞ ബോധ്യമുണ്ടായിരുന്നു.ചിത്രത്തിന്റെ നിര്‍മ്മാതാവിന് ചില എതിരഭിപ്രായങ്ങള്‍ ഉണ്ടായിരുന്നെങ്കിലും. അതുപക്ഷേ തീരുമാനങ്ങള്‍ എടുക്കുന്നതിലുള്ള നിശ്ചയദാര്‍ഢ്യവും ആരെയും കൂസാക്കാത്ത സുകുമാരന്റെ പ്രകൃതവും കൊണ്ടായിരുന്നു. സുകുമാരന്റെ ഈ കാര്‍ക്കശ്യ സ്വഭാവം ഇടയ്ക്ക് സിനിമയില്‍ അദ്ദേഹത്തിന്റെ അവസരങ്ങള്‍ നഷ്ടപ്പെടുത്തിയിരുന്ന കാലം കൂടിയായിരുന്നു.’
‘സിബിഐ കഴിഞ്ഞിടയ്ക്കാണ് എന്റെ മകളുടെ ഒന്നാം പിറന്നാള്‍. സുകുമാരനെയും കുടുംബത്തെയും ഞാന്‍ ക്ഷണിച്ചു. അവര്‍ കൃത്യസമയത്തുതന്നെ വന്നു. ചടങ്ങുകളില്‍ ഉടനീളം പങ്കെടുത്തു. അതിനുശേഷമാണ് മടങ്ങിയത്. ഈ ഒത്തുചേരലുകള്‍ അക്കാലത്ത് പതിവായിരുന്നു. ഹരിപ്പാട്ടുനിന്ന് ഞാന്‍ തിരുവനന്തപുരത്തേയ്ക്ക് താമസം മാറിയപ്പോഴും ആ സൗഹൃദം തുടര്‍ന്നു. ഇടയ്ക്ക് ഞാനും കുടുംബവും സുകുമാരന്റെ വീട്ടിലേയ്ക്കും പോകാറുണ്ട്. നിലയ്ക്കല്‍ ഒരു ഷോപ്പിംഗ് കോംപ്ലക്സ് പണികഴിപ്പിച്ചുകൊണ്ടിരുന്ന സമയത്ത് സുകുമാരന്‍ എന്നെയും കൂട്ടിയാണ് അവിടേയ്ക്ക് പൊയ്ക്കൊണ്ടിരുന്നത്.’
‘ഹരിപ്പാട്ടെ എന്റെ കുടുംബ വീട്ടിലേയ്ക്ക് സുകുമാരന്‍ മാത്രമല്ല, പ്രേംനസീര്സാറും മമ്മുട്ടിയും മോഹന്‍ലാലും സുരേഷ് ഗോപിയും ജനാര്‍ദ്ദനനുമൊക്കെ മൊക്കെ എത്തിയിട്ടുണ്ട്. സൗഹൃദങ്ങള്‍ക്ക് നല്ല മൂല്യം കല്‍പ്പിച്ചിരുന്ന ഒരു കാലമായിരുന്നു അത്. ഇന്നത്തെ തലമുറയ്ക്ക് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നതും അതാണ്.’
Recent Comments