സിനിമയില്‍ 25 വര്‍ഷം തികഞ്ഞവര്‍ക്ക് അതിജീവനത്തിനുള്ള ഓസ്കാര്‍ നല്‍കണമെന്ന് പറഞ്ഞത് പ്രശസ്ത നടന് കബീര്‍ ബേദിയാണ്. ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചിട്ട് 50 വര്‍ഷം തികഞ്ഞെന്ന് അഭിമുഖകാരന് ഓര്‍മ്മപ്പെടുത്തുമ്പോള്‍ അദ്ദേഹം ഒട്ടും ആലങ്കാരികത പടരാതെ പറഞ്ഞ വാക്കുകളാണിത്. കേള്‍ക്കുമ്പോള്‍ ഒരല്‍പ്പം അതിശയോക്തി കലര്‍ന്നെന്ന് തോന്നാമെങ്കിലും അദ്ദേഹം പറഞ്ഞതിന് പിന്നില്‍ ഒരു മഹാസത്യം ഒളിഞ്ഞുകിടപ്പുണ്ട്.
ഇക്കാലത്തിനിടയില്‍ സിനിമ എന്ന മഹാ അരങ്ങിലേയ്ക്ക് വന്നുപോയവരും വന്നുകൊണ്ടിരിക്കുന്നവരുമായ അസംഖ്യം പ്രതിഭകളുണ്ട്. അവര്‍ക്കിടയിലെ മത്സരങ്ങള്‍ക്കൊപ്പം പിടിച്ചുനില്‍ക്കുക മാത്രമല്ല, ഇത്രയുംവര്‍ഷം ജനസാമാന്യത്തെ ആനന്ദിപ്പിക്കുകയും അവരുടെ ഹൃദയങ്ങളില്‍ ഇഴുകിച്ചേരുകയും ചെയ്യേണ്ടത് ഒരു തപസ്സാണ്. ആ തപശുദ്ധിയെ ഭംഗപ്പെടുത്താന്‍ അനവധി പ്രതിബന്ധങ്ങള്‍ ഉണ്ടായിക്കൊണ്ടേയിരിക്കും. അതിനെയൊക്കെ അതിജീവിച്ചാണ് ഒരാള്‍ ലക്ഷ്യമണയുന്നത്. അതുകൊണ്ടാണ് കീര്ത്തിബേദി പറയാതെ പറഞ്ഞത് സിനിമയില്‍ 25 വര്‍ഷം തികഞ്ഞവര്‍ക്ക് അതിജീവനത്തിന്റെ ഓസ്കാര്‍ നല്‍കണമെന്ന്.
ഇവിടെ ഇതാ അഭിനയത്തിന്റെ ഒരു മഹാമേരു സപ്തതിയുടെ നിറവിലാണ്. അദ്ദേഹത്തിന് സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും അസംഖ്യം ജനവിഭാഗങ്ങളും ചേര്‍ന്ന് ജന്മദിന ആശംസകള്‍ നേരുകയാണ്. സ്നേഹത്തില്‍ ചാലിച്ച വാക്കുകള്‍കൊണ്ടാണ് അവര്‍ അദ്ദേഹത്തെ വിശേഷിപ്പിച്ചുകൊണ്ടിരിക്കുന്നത്. മികച്ച അഭിനേതാവ്, മനുഷ്യസ്നേഹി, ജ്യേഷ്ഠതുല്യന്, ഗുരുതുല്യന്‍, സുമുഖന്‍ അങ്ങനെ വിശേഷണങ്ങള്‍ അനവധിയുണ്ട്. ആ വിശേഷങ്ങളത്രയും അവരുടെ അനുഭവപാഠങ്ങളില്‍നിന്ന് ചേര്‍ത്ത് കുറിക്കുന്നവയാണ്.
പക്ഷേ അത്ഭുതപ്പെടുത്തുന്നത് അദ്ദേഹത്തിന്റെ അഭിനയജീവിതത്തിന്റെ കാലഗണനയാണ്. 70 വര്‍ഷം ജീവിച്ചപ്പോള്‍, 50 വര്‍ഷവും സിനിമയ്ക്കുള്ളിലായിരുന്നു. ഇനിയുള്ള കാലവും അങ്ങനെതന്നെയാവും. എതാണ്ട് അഞ്ച് തലമുറയ്ക്കൊപ്പം അദ്ദേഹം അതിജീവനത്തിനുള്ള പോരാട്ടത്തിലായിരുന്നു. അവരോടൊക്കെ വീറോടെ പൊരുതി ജയിച്ചാണ് അദ്ദേഹം ഇന്നും നിത്യഹരിതനായകനായി തുടരുന്നത്. എണ്ണമറ്റ കഥാപാത്രങ്ങളിലൂടെ ഇതിഹാസ സമാനമായ അഭിനയവാഴ്ച തുടരുന്നത്.
അഭിനയത്തിന്റെ ഊര്ജ്ജരേണുക്കളാണ് അദ്ദേഹത്തിന്റെ ജീവന്റെ ഓരോ തുടിപ്പില്‍നിന്നും പ്രവഹിക്കുന്നത്. അതുണ്ടാക്കുന്ന പ്രഹരശേഷി ചെറുതല്ല. അത് ഒരു ശാസ്ത്രലോകത്തിനും പിടിതരാത്ത സമസ്യയാണ്. കാലാതിവര്‍ത്തിയാണ്. അതുകൊണ്ടാണ് മോഹന്ലാലുപോലും പറഞ്ഞത് ആ ഊര്‍ജ്ജപ്രവാഹത്തിന്റെ ഭാഗമാവാന്‍ കഴിഞ്ഞത് ഒരു സുകൃതമാണെന്ന്.
മമ്മൂട്ടി എന്ന അഭിനേതാവിന് സപ്തതി നേരുമ്പോള്‍ ഞങ്ങളുടെ ഹൃദയവും ആ ഒഴുക്കിനൊപ്പമാണ്. സുകൃതി, സുകൃതി, സുകൃതി.
Recent Comments