മമ്മൂട്ടിയും വിനായകനും ഒന്നിക്കുന്ന സിനിമയെക്കുറിച്ചുള്ള ഇല്ലാക്കഥകള്‍ ഏറെ പ്രചരിക്കുന്നുണ്ട് സമൂഹമാധ്യമങ്ങളില്‍. അതില്‍ ഏറ്റവും പ്രധാനം മമ്മൂട്ടി ആ ചിത്രത്തില്‍ വില്ലനാകുന്നു എന്നതാണ്. മമ്മൂട്ടിക്ക് 18 നായികമാര്‍ കൂടി ഉണ്ടെന്ന മറ്റൊരു പ്രചരണവും തകൃതിയായി നടക്കുന്നുണ്ട്. ഇതിനെയെല്ലാം തിരുത്തി വിനായകനാണ് യഥാര്‍ത്ഥ വില്ലനെന്നുള്ള വാര്‍ത്തകളും സോഷ്യല്‍ മീഡിയയില്‍ വ്യാപകമാണ്. മമ്മൂട്ടിയും വിനായകനും ഒരുമിക്കുന്ന ചിത്രം എന്നതിനപ്പുറം ഈ പ്രചരിക്കുന്ന വാര്‍ത്തകളൊന്നും സത്യമല്ല.
ഗൗതം വാസുദേവ് മേനോന് സംവിധാനം ചെയ്ത ഡൊമിനിക്കിന്റെ ചിത്രീകരണം എറണാകുളത്ത് പൂര്‍ത്തിയായത് അടുത്തിടെയാണ്. ഡൊമിനിക്കിന് ശേഷം മഹേഷ് നാരായണന് ചിത്രമാണ് യഥാര്‍ത്ഥത്തില്‍ നടക്കേണ്ടിയിരുന്നത്. അത് ചില സാങ്കേതിക കാരണങ്ങളെത്തുടര്‍ന്ന് നീണ്ടതോടെയാണ് പുതിയ പ്രൊജക്ടിന്റെ ചര്‍ച്ചകള്‍ സജീവമാകുന്നത്. ഒഫീഷ്യല്‍ അനൗണ്‍സ്മെന്റ് ഇനിയും ഉണ്ടായിട്ടില്ല.
കുറുപ്പിന്റെ തിരക്കഥാകൃത്ത് ജിതിന് കെ. ജോസാണ് ഇനിയും പേരിട്ടിട്ടില്ലാത്ത ഈ ചിത്രത്തിന്റെ സംവിധായകന്. ജിതിനും ജിഷ്ണുവും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. മമ്മൂട്ടിയും വിനായകനുമാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് ഈ മാസം 25 ന് നാഗര്‍കോവിലില്‍ ആരംഭിക്കും. രണ്ടാഴ്ചത്തെ ഷെഡ്യൂളാണ് നാഗര്‍കോവിലില്‍ ഉള്ളത്. അതിനുശേഷം എറണാകുളത്തേയ്ക്ക് ഷിഫ്റ്റ് ചെയ്യും. പ്രമുഖ താരങ്ങളൊന്നും ചിത്രത്തിന്റെ ഭാഗമല്ല എന്നറിയുന്നു. ന്യൂജെന്‍ തലമുറയിലുള്ള നിരവധിപ്പേര്‍ പക്ഷേ ചിത്രത്തിന്റെ അണിയറയിലുണ്ടാകും.
ജിതിന്റെ മനോഹരമായൊരു കഥ തന്നെയാണ് ഈ ചിത്രത്തിലേയ്ക്ക് മമ്മൂട്ടിയെ ആകര്‍ഷിച്ചതും അതിന്റെ നിര്‍മ്മാണത്തിന് പ്രേരിപ്പിച്ചതും. അതായത് മമ്മൂട്ടി കമ്പനിയാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. അതിലെ രണ്ട് ശക്തമായ കഥാപാത്രങ്ങളെ മമ്മൂട്ടിയും വിനായകനും അവതരിപ്പിക്കുന്നു എന്നത് മാത്രമാണ് സത്യം. ഔദ്യോഗിക പ്രഖ്യാപനം രണ്ട് ദിവസത്തിനുള്ളില്‍ ഉണ്ടാകും.
ഫൈസല്‍ അലി ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കണ്ട്രോളര് അരോമ മോഹനാണ്.
Recent Comments