അല്‍പ്പം മുമ്പ് മരണമടഞ്ഞ ഇന്നസെന്റിനെ അവസാനമായി ഒരു നോക്കു കാണാന്‍ അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകര്‍ ഓരോരുത്തരായി ലേക്ക്ഷോര്‍ ഹോസ്പിറ്റലില്‍ എത്തിക്കൊണ്ടിരിക്കുകയാണ്. ജയറാമിന് പിന്നാലെ മമ്മൂട്ടിയും ദിലീപും അടക്കമുള്ളവര്‍ എത്തി. കഴിഞ്ഞ ദിവസം മുതല്‍ ആശുപത്രിയില്‍ താരസംഘടനയായ അമ്മയുടെ ജനറല്‍ സെക്രട്ടറി ഇടവേളബാബു ഒപ്പമുണ്ട്. ബാബുവിനെ സംബന്ധിച്ചിടത്തോളം ഇന്നസെന്റ് അദ്ദേഹത്തിന് ഗുരുസ്ഥാനീയന്‍ കൂടിയാണ്.
തെക്കേത്തല വറീതിന്റെയും മര്‍ഗലീത്തയുടെയും മകനായി 1948 ഫെബ്രുവരി 28 നാണ് ഇന്നസെന്റിന്റെ ജനനം. ഇരിങ്ങാലക്കുടയില്‍ ലിറ്റില്‍ ഫ്ളവര്‍ കോണ്‍വെന്റ് ഹൈസ്കൂള്‍, നാഷണല്‍ ഹൈസ്കൂള്‍, ഡോണ്‍ ബോസ്കോ എസ്.എന്‍.എച്ച് സ്കൂള്‍ എന്നിവിടങ്ങളില്‍ പഠിച്ചു. എട്ടാം ക്ലാസില്‍ പഠിപ്പ് നിര്‍ത്തി. പല ജോലകള്‍ മാറി മാറി ചെയ്തു. ഇടയ്ക്ക് രാഷ്ട്രീയരംഗത്ത് പ്രവേശിച്ചു. മുന്‍സിപ്പല്‍ കൗസിലറായി.
സംവിധായകന് മോഹന്‍ മുഖേനയാണ് സിനിമാരംഗത്ത് വരുന്നത്. 1972 ല്‍ പുറത്തിറങ്ങിയ നൃത്തശാലയാണ് ആദ്യസിനിമ. തുടര്‍ന്ന് ചെറിയ വേഷങ്ങളില്‍ പ്രത്യക്ഷപ്പെട്ടു. ഡേവിഡ് കാച്ചാപ്പിള്ളിയുമായി ചേര്‍ന്ന് ശത്രു കമ്പയിന് എന്ന നിര്‍മ്മാണ കമ്പനി ആരംഭിച്ചു. ഇളക്കങ്ങള്‍, വിടപറയും മുമ്പേ, ഓര്‍മ്മയ്ക്കായി, ലേഖയുടെ മരണം ഒരു ഫ്ളാഷ് ബാക്ക്, ഒരു കഥ ഒരു നുണക്കഥ എന്നിവ ഈ ബാനറില്‍ നിര്‍മ്മിച്ച ചിത്രങ്ങളാണ്. മഴവില്‍ക്കാവടി, കിലുക്കം, ദേവാസുരം, റാംജിറാവ് സ്പീക്കിംഗ്, ഗോഡ്ഫാദര്, വിയറ്റ്നാം കോളനി, രാവണപ്രഭു, ഹിറ്റ്ലര്‍, മനസ്സിനക്കരെ, രസതന്ത്രം, കാബൂളിവാല, ഡോക്ടര്‍ പശുപതി, ഗജകേസരിയോഗം തുടങ്ങി അറുന്നൂറിലേറെ മലയാളസിനിമയില്‍ വ്യത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ഡോലി സജാ കെ രഖ്ന, മാലാമാല്‍ വീക്കിലി എന്നിവ അദ്ദേഹം അഭിനയിച്ച ഹിന്ദി ചിത്രങ്ങളാണ്. മഴവില്‍ക്കാവടിയിലെ പ്രകടനത്തെ മുന്‍നിര്‍ത്തി മികച്ച സഹനടനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചു.
തുടര്‍ച്ചയായി ആറു തവണ താരസംഘടനയായ അമ്മയുടെ പ്രസിഡന്റായിരുന്നു. ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായി ചാലക്കുടിയില്‍ മത്സരിച്ച അദ്ദേഹം എം.പിയുമായി. രണ്ടാംതവണ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. ഞാന്‍ ഇന്നസെന്റ് എന്ന പേരില്‍ ഒരു ആത്മകഥ എഴുതിയിട്ടുണ്ട്. മഴക്കണ്ണാടി, കാന്‍സര്‍ വാര്‍ഡിലെ ചിരി എന്നിവ അദ്ദേഹം എഴുതിയ പുസ്തകങ്ങളാണ്. ആലീസാണ് ഭാര്യ. മകന് സോണറ്റ്. രശ്മി സോണറ്റ് മരുമകളുമാണ്. ഇന്നസെന്റ് സോണറ്റ്, അന്ന സോണറ്റ് എന്നിവര്‍ കൊച്ചുമക്കളാണ്.
Recent Comments