എം.ടി. വാസുദേവന്‍ നായരുടെ ആത്മകഥാംശം പുരണ്ട ഒരു ചെറുകഥ കൂടിയാണ് ‘കടുഗന്നാവ ഒരു യാത്രാ കുറിപ്പ്’. മാതൃഭൂമിയുടെ പത്രാധിപരായിരിക്കെ ഒരു അന്തര്‍ദ്ദേശീയ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിന്റെ ഭാഗമായിട്ടാണ് ഒരിക്കല്‍ എം.ടി. ശ്രീലങ്കയിലെത്തിയത്. ആ യാത്രയുടെ ഓര്‍മ്മയില്‍ അദ്ദേഹം എഴുതിയ ചെറുകഥയാണ് കടുഗന്നാവ ഒരു യാത്രാ കുറിപ്പ്.
തന്റെ കുട്ടിക്കാലത്ത് അച്ഛനോടൊപ്പം വീട്ടിലേയ്ക്ക് കയറിവന്ന ഒരു സിംഹള പെണ്‍കുട്ടിയുടെ അസ്ഥിത്വാന്വേഷണം ചികയുന്നതാണ് ആ ചെറുകഥയുടെ ഉള്ളടക്കം. അത് സിനിമയാക്കുമ്പോള്‍ എം.ടിയുടെ ആത്മകഥാംശമുള്ള കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സാക്ഷാല്‍ മമ്മൂട്ടിയാണ്. എം.ടിയും മമ്മൂട്ടിയും തമ്മിലുള്ള ആത്മബന്ധം തന്നെയാണ് ഇങ്ങനെയൊരു കഥാപാത്രം മമ്മൂട്ടിയെ തന്നെ തേടിച്ചെന്നതിന് പിന്നിലും. കടുഗന്നാവ ഒരു യാത്ര എന്നാണ് സിനിമയ്ക്ക് നല്‍കിയിരിക്കുന്ന പേര്.
ഇത് സിനിമയാക്കുന്നത് ലിജോ പെല്ലിശ്ശേരിയാണ്. മലയാളസിനിമയുടെ ദൃശ്യഭാഷയ്ക്ക് നവഭാവുകത്വം സമ്മാനിച്ച ചലച്ചിത്രകാരനാണ് ലിജോ പെല്ലിശ്ശേരി. എം.ടിയുടെ തിരക്കഥയില്‍ ആദ്യമായിട്ടാണ് ലിജോ ഒരു സിനിമ സംവിധാനം ചെയ്യുന്നത്. മമ്മൂട്ടിയും ലിജോയ്ക്കൊപ്പം ഇതാദ്യമാണ്.
ശ്രീലങ്കയിലും കേരളത്തിലുമായിട്ടാണ് ചിത്രീകരണം. ഷൂട്ടിംഗ് തീയതി തീരുമാനിച്ചിട്ടില്ല. പക്ഷേ ഈ വര്‍ഷത്തിന് മുമ്പ് പത്ത് സിനിമകളും പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
എം.ടിയുടെ നിര്‍മ്മാണക്കമ്പനിയായ ന്യൂസ് വാല്യൂ പ്രൊഡക്ഷന്‍ പ്രൈവറ്റ് ലിമിറ്റഡാണ് ഈ പത്ത് ചിത്രങ്ങളും നിര്‍മ്മിക്കുന്നത്. ആര്.പി.എസ്.ജി ഗ്രൂപ്പും നിര്‍മ്മാണ പങ്കാളിയാണ്. നെറ്റ്ഫ്ളിക്സാണ് ചിത്രങ്ങള്‍ പ്രദര്‍ശനത്തിനെത്തിക്കുന്നത്.
Recent Comments