ഓരോ സിനിമയുടെ പിറവിക്ക് പിന്നിലും ഓരോ കാരണങ്ങള്‍ വന്നുഭവിക്കും. ചിലത് മുന്‍കൂട്ടി നിശ്ചയിച്ചത് പ്രകാരമാകാം. മറ്റു ചിലത് ഒഴുക്കിലങ്ങനെ പൊയ്ക്കൊണ്ടിരിക്കുകയും ഒടുവില്‍ തീരമണയുകയും ചെയ്യുന്നതാകാം. ഇനിയും ചിലത് തീര്‍ത്തും ആകസ്മികമായി സംഭവിക്കുന്നതുമാവാം. അങ്ങനെയുള്ള നിരവധി സംഭവങ്ങള്‍ ഓരോ സിനിമാപ്രവര്‍ത്തകരുടെയും ജീവിതത്തിലുണ്ടായിട്ടുണ്ട്. മമ്മൂട്ടിയുടെ ഈ അനുഭവവും അതില്‍നിന്ന് വ്യത്യസ്തമല്ല.
ആള്‍ക്കൂട്ടത്തില്‍ തനിയെ എന്ന സിനിമയുടെ ഷൂട്ടിംഗ് കോട്ടയത്ത് നടന്നുകൊണ്ടിരിക്കുന്നു. എം.ടി. വാസുദേവന്‍നായരുടെ തിരക്കഥയില്‍ ഐ.വി. ശശി സംവിധാനം ചെയ്യുന്ന ചിത്രമാണ്. മമ്മൂട്ടിയും മോഹന്‍ലാലും ബാലന് കെ. നായരും അടൂര്‍ ഭാസിയും ലാലു അലക്സും സീമയും ഉണ്ണിമേരിയും ശുഭയും ജലജയുമടക്കം വലിയ താരനിര അഭിനയിക്കുന്ന ചിത്രമാണ്.
ഒരു ദിവസം ലൊക്കേഷനില്‍ മമ്മൂട്ടിയെ കാണാന്‍ ചിലരെത്തി. കോട്ടയത്ത് തന്നെയുള്ള ചില നിര്‍മ്മാതാക്കളാണ്. അവര്‍ക്ക് മമ്മൂട്ടിയെവച്ച് ഒരു സിനിമ ചെയ്യണം. അവരുടെ കൈവശം ഒരു കഥയുണ്ട്. ആരെക്കൊണ്ട് എഴുതിക്കണം എന്നതായിരുന്നു അവരുടെ ആശയക്കുഴപ്പം. മമ്മൂട്ടി പത്മരാജന്റെ പേര് പറഞ്ഞു. അവര്‍ക്ക് എതിര്‍പ്പൊന്നും ഉണ്ടായിരുന്നില്ല. പക്ഷേ ഇക്കാര്യം പത്മരാജന്റെ മുന്നില്‍ അവതരിപ്പിക്കേണ്ടേ? അതാര് ചെയ്യും? ആ ദൗത്യം മമ്മൂട്ടി സ്വയം ഏറ്റെടുത്തു.
കോട്ടയത്തെ ഐഡ ഹോട്ടലിലാണ് മമ്മൂട്ടി താമസിക്കുന്നത്. അന്നവിടെ പത്മരാജനുമുണ്ടായിരുന്നു. മറ്റെന്തോ ആവശ്യത്തിന് വന്നതാണ്. മമ്മൂട്ടി അപ്പോള്‍തന്നെ പത്മരാജനെ ഫോണ്‍ ചെയ്തു. കഥ പറഞ്ഞു. കഥ കേട്ടുകഴിഞ്ഞപ്പോള്‍ തനിക്ക് എഴുതാന്‍ പറ്റില്ലെന്ന് കീറിമുറിച്ച് പറയുകയും ചെയ്തു.
അന്ന് ഷൂട്ടിംഗ് കഴിഞ്ഞ് മമ്മൂട്ടി നേരെ പോയത് പത്മരാജന്റെ മുറിയിലേക്കാണ്. അപ്പോള്‍ സമയം രാത്രി 11 മണി കഴിഞ്ഞിരുന്നു. മുറി അകത്തുനിന്ന് പൂട്ടിയിരിക്കുകയാണ്. പത്മരാജന് നല്ല ഉറക്കത്തിലാണ്. കതകില്‍ മുട്ടി വിളിച്ചു. അല്‍പ്പം കഴിഞ്ഞപ്പോള്‍ ഉറക്കച്ചടവോടെ പത്മരാജന് എഴുന്നേറ്റ് വന്ന് വാതില്‍ തുറന്നു.
തിരക്കഥ എഴുതാന്‍ പറ്റില്ലെന്ന് പത്മരാജന് പറഞ്ഞതിനര്‍ത്ഥം ഒന്നേയുള്ളൂ, അദ്ദേഹത്തിന് കഥ ഇഷ്ടമായിട്ടില്ല. ഇക്കാര്യം കൃത്യമായി അറിയാവുന്ന മമ്മൂട്ടി പത്മരാജനോട് തനിക്ക് വേണ്ടി മറ്റൊരു കഥ എഴുതണമെന്ന് പറഞ്ഞു. പാതിരായ്ക്ക് വന്ന് ഭീഷണിപ്പെട്ടുത്തുകയാണോ എന്നായിരുന്നു പത്മരാജന്റെ ചിരിയോടെയുള്ള പ്രതികരണം.
എന്ത് ധരിച്ചാലും തനിക്ക് കഥ വേണമെന്ന വാശിയില്‍ മമ്മൂട്ടി ഉറച്ചുനിന്നു. രണ്ട് ദിവസം കഴിഞ്ഞ് വിളിക്കാന്‍ മമ്മൂട്ടിയോട് പത്മരാജന് പറഞ്ഞു.
കൃത്യം രണ്ടാം ദിവസം മമ്മൂട്ടി പത്മരാജനെ വിളിച്ചു. കഥ എവിടെവരെയായി എന്ന് അന്വേഷിച്ചു. ഇത്തവണ പത്മരാജന് കുറച്ചു ദിവസംകൂടി നീട്ടി വാങ്ങിച്ചു. 25 ദിവസം കഴിഞ്ഞ് പറയാമെന്ന് പറഞ്ഞു. 25-ാം ദിവസം പത്മരാജന് മമ്മൂട്ടിയോട് ആ കഥ പറഞ്ഞു. അതാണ് കാണാമറയത്ത് എന്ന ചിത്രം.
മികച്ച കഥയ്ക്കടക്കം ആ വര്‍ഷത്തെ സംസ്ഥാന സര്‍ക്കാരിന്റെ മൂന്ന് അവാര്‍ഡുകള്‍ സ്വന്തമാക്കിയ ചിത്രം. പത്മരാജന്റെ തിരക്കഥയില്‍ ഐ.വി. ശശി ഒരുക്കിയ മറ്റൊരു സൂപ്പര്‍ ഹിറ്റ് ചിത്രം. മമ്മൂട്ടിയും ശോഭനയും റഹ്മാനും ലാലു അലക്സും സീമയുമെല്ലാം തകര്‍ത്ത് അഭിനയിച്ച ചിത്രം. ആ സിനിമയുടെ പിറവിക്ക് പിന്നില്‍ ഇങ്ങനെയൊരു അസാധാരണ സംഭവം ഉണ്ടായിരുന്നു.
ജനുവരി 24 ന് പത്മരാജന് നമ്മളെയെല്ലാം വിട്ടുപിരിഞ്ഞിട്ട് 30 വര്‍ഷങ്ങള്‍ തികയാന്‍ പോവുകയാണ്. ആ ഓര്‍മ്മകള്‍ക്ക് മുന്നില്‍ സ്മരണാഞ്ജലി.
Recent Comments