മലയാളി പ്രേക്ഷകര്‍ മാത്രമല്ല സിനിമ താരങ്ങള്‍ പോലും മമ്മൂട്ടിയെ വാഴ്ത്താന്‍ മത്സരിക്കുകയാണ് ഇപ്പോള്‍. ഭ്രമയുഗത്തിലെ കൊടുമണ്‍ പോറ്റിയായിട്ടുള്ള മമ്മൂട്ടിയുടെ വേഷപ്പകര്‍ച്ച അതിശയം ഉണര്‍ത്തുന്നതാണ്. ഇതുപോലൊരു കഥാപാത്രം മമ്മൂട്ടിയല്ലാതെ മറ്റാര്‍ക്കും ചെയ്യാന്‍ കഴിയില്ല എന്ന് നിസ്സംശയം പറയാം.
ഒരു നടന് പോയാല്‍ അതുപോലുള്ള നൂറ് നടന്മാര് വേറെ വരും എന്നതാണ് സാധാരണ സിനിമയുടെ പൊതു തത്ത്വം. എന്നാല്‍ ഇവിടെ അനുകരിക്കാനോ പകരം വയ്ക്കാന്‍ കഴിയാത്ത നടനായി മമ്മൂട്ടി മാറിയിരിക്കുന്നു. ഒരു നടന് എന്ന നിലയില്‍ അദ്ദേഹത്തിന്റെ അത്യുനതിയാണ് ഇത് അര്‍ത്ഥമാക്കുന്നത്. മമ്മൂട്ടിയുടെ അഭിനയ ജീവിതത്തില്‍ കൊടുമണ്‍ പോറ്റി പോലുള്ള കഥാപാത്രങ്ങള്‍ ഇതാദ്യമല്ല. കഥാപാത്രത്തിന്റെ സ്വഭാവം ഇത്തരത്തില്‍ വികൃതമാക്കാനുമുള്ള ഒരു കൊമേഴ്ഷ്യല്‍ ലൈസെന്‍സ് മമ്മൂട്ടി പണ്ട് മുതല്‍ വിനിയോഗിച്ചു വരുന്നതാണ്.
എന്നാല്‍ സിനിമയില്‍ കാല് കുത്തിയ കാലം തൊട്ട് പ്രേക്ഷകനില്‍നിന്ന് മമ്മൂട്ടിക്ക് കനിഞ്ഞ് കിട്ടിയതല്ല ഈ ലൈസെന്‍സ്. പടിപടിയായി ഓരോ സിനിമയിലെയും അഭിനയത്തിലൂടെ ആര്‍ജിച്ചെടുത്തതാണ്. സ്വരം കൊള്ളില്ലെന്നു വിധിച്ചു ചിലര്‍ ആദ്യകാലത്ത് മമ്മൂട്ടിയെക്കൊണ്ട് സ്വന്തം ശബ്ദത്തില്‍ ഡബ്ബ് ചെയ്യിച്ചിരുന്നില്ല എന്നതാണ് രസകരമായ ഒരു വസ്തുത.
ശരീരഘടന ഏത് ഭാഷയിലെ സിനിമകളിലും താരനായകത്വത്തെ നിയന്ത്രിക്കുകയും നിര്‍ണ്ണയിക്കുകയും ചെയ്തിരുന്ന യോഗ്യതകളിലൊന്നു തന്നെയായിരുന്നു. അമിതാഭ് ബച്ചനെ പോലെ ശബ്ദ ഗാംഭീര്യത്തിന്റെ പ്രതിച്ഛായയും അദ്ദേഹം മലയാള സിനിമയില്‍ സ്ഥാപിച്ചെടുത്തു. അങ്ങനെ ശരാശരി മലയാളി പുരുഷ സങ്കല്പങ്ങളിലെ ശരീരത്തിന്റേയും ശബ്ദത്തിന്റേയും പ്രതിരൂപമായി എണ്പതുകളില്ത്തന്നെ മമ്മൂട്ടി മാറിയിരുന്നു.
എണ്‍പതുകളുടെ അവസാനം മുതല്‍ അതിനെ അപനിര്‍മ്മിക്കാനുള്ള സാധ്യതകള്‍ മമ്മൂട്ടി തിരഞ്ഞ് തുടങ്ങി. അതിന് വേണ്ടി ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുതന്നെ ഉണ്ടായി. തനിയാവര്‍ത്തനവും മൃഗയയും അതിനുള്ള ഉദാഹരണങ്ങളായി എടുത്തു പറയാം. ഹീറോയിസം എന്ന പദത്തിന്റെ വിപരീത അര്‍ത്ഥമായിരുന്നു തനിയാവര്‍ത്തനത്തിലെ ബാലന് മാഷ്. പെണ്‍കോന്തനും വിരൂപിയുമായ മൃഗയയിലെ വാറുണ്ണി അന്യഭാഷാ താരങ്ങള്‍ക്ക് ജന്മങ്ങള് ഇനിയും ജനിച്ച് മരിച്ചാലും തീണ്ടാപാട് അകലെയാണ്.
ഇന്ത്യന്‍ ഭാഷകളിലെ മറ്റൊരു താരനടനും ചെയ്യാന്‍ മുതിരാത്ത തരത്തില്‍ തന്റെ ഇമേജിനു കടകവിരുദ്ധമായ വേഷങ്ങള്‍ പിന്നീടും അദ്ദേഹം ആവര്‍ത്തിച്ചു പോന്നിരുന്നു. കൃത്യമായ ഇടവേളകളും ഈ കഥാപാത്രങ്ങളുടെ ഇടയില്‍ വെച്ചിരുന്നു. അന്യഭാഷാ നടന്മാരില് ഇമേജിന് പ്രാധാന്യം കൊടുക്കുന്ന കാര്യത്തില്‍ ഒരേയൊരു അപവാദം കമലഹാസനായിരുന്നു. പക്ഷേ അദ്ദേഹം അവതരിപ്പിച്ച കഥാപാത്രങ്ങളൊക്കെത്തന്നെ നായകവിജയം എന്ന സങ്കല്പത്തെ മറ്റൊരുതരത്തില്‍ ഊട്ടിയുറപ്പിക്കുന്നതായിരുന്നു. പരാജിതരായ നായക കഥാപാത്രങ്ങള്‍ കമലഹാസന്റെ കരിയറിലുണ്ടെങ്കിലും മമ്മൂട്ടി കഥാപാത്രങ്ങളുടെയത്രയും താഴാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടില്ല.
സമാന്തര സിനിമകളില്‍ മാത്രമായി ഈ ശ്രമങ്ങള്‍ ഒതുക്കി നിര്‍ത്തിയിട്ടില്ല. അതുവരെ വില്ലന്റെ മുഖമുള്ള ചന്തുവിനെ അവതരിപ്പിക്കുന്നതിലൂടെ മറ്റൊരു നോക്കി കാണലും ജനം അംഗീകരിക്കും എന്ന് മമ്മൂട്ടി ബോക്സ് ഓഫീസിനെ സാക്ഷി നിര്‍ത്തി തെളിയിച്ചു. വിവാഹിതയായ മുന്‍ കാമുകിയുടെ വീട്ടില്‍ ഭര്‍ത്താവില്ലാത്ത നേരത്ത് പോകുന്ന നായകന് വേണ്ടിയും വടക്കന്‍ വീരഗാഥ കണ്ടവര്‍ കൈയടിച്ചു. വാണിജ്യ സിനിമയിലെ എക്കാലത്തെയും വലിയ പൊളിച്ചെഴുത്തായിരുന്നു അത്. അമരത്തിലെ അച്ചൂട്ടിയാണ് വെറൊരു ഉദാഹരണം. പ്രായമായ മകളുടെ അച്ഛന് കഥാപാത്രം അവതരിപ്പിക്കാന്‍ അന്ന് ചെറുപ്പക്കാരനായിരുന്ന മമ്മൂട്ടി കാണിച്ച ധൈര്യവും പ്രശംസനീയമാണ്.
പ്രച്ഛന്നവേഷമെന്ന നിലയില്‍ അല്ല മമ്മൂട്ടി ഈ വേഷങ്ങളെ സമീപിച്ചത്. അതുകൊണ്ട് തന്നെ കൃത്രിമത്വം കലരുകയും ചെയ്തില്ല. കമലാഹാസനെ പോലെ ഇത്തരം വേഷങ്ങള്‍ വ്യവസായ കണ്ണുകളോടെ മാര്‍ക്കറ്റ് ചെയ്യാനും മമ്മൂട്ടി ശ്രമിച്ചില്ല. കാരണം സിനിമയോടുള്ള അഭിനിവേശമായിരുന്നു ആ കഥാപാത്രങ്ങള്‍ അവതരിപ്പിക്കുന്നതില്‍ അദ്ദേഹത്തിന്റെ ഇന്ധനം. പിന്നീട് വിധേയനിലും പൊന്തന്‍മാടയിലും സൂര്യമാനസത്തിലും ഈ അപനിര്‍മിതി തുടര്‍ന്ന് കൊണ്ടേയിരുന്നു. ഇപ്പോള്‍ അത് പേരന്‍പും നന്‍പകലും കടന്ന് ഭ്രമയുഗത്തില്‍ എത്തി നില്ക്കുന്നു. ഇനിയും നായക സങ്കല്പങ്ങളെ പൊളിക്കാന്‍ അദ്ദേഹത്തിന് കഴിയും എന്നത് തീര്‍ച്ചയാണ്. അരസികന് എന്ന് അദ്ദേഹം തന്നെ വിശേഷിപ്പിച്ച കാലം അതിന് വീണ്ടും വീണ്ടും അവസരം ഒരുക്കട്ടെ.
Recent Comments