എം.ടി. വാസുദേവന്‍നായര്‍ തിരക്കഥയെഴുതിയ ഒന്‍പത് ചെറുസിനിമകളുടെ സമാഹാരമായ ‘മനോരഥങ്ങള്‍’ ഓഗസ്റ്റ് 15-ന് പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തുകയാണ്. ചിത്രത്തില്‍ ശിലാലിഖിതം, ഓളവും തീരവും എന്നീ രണ്ട് കഥകളാണ് പ്രിയദര്ശന് സംവിധാനം ചെയ്തിരിക്കുന്നത്. ഈ രണ്ട് ചിത്രങ്ങളുടെയും അണിയറ വിശേഷങ്ങള്‍ ഒരു അഭിമുഖത്തില്‍ പങ്കുവെച്ചിരിക്കുകയാണ് പ്രിയദര്ശന്.
‘ശിലാലിഖിതത്തില്‍ നായക വേഷം ചെയ്യാന്‍ പ്രിയദര്ശന് ആദ്യം സമീപിച്ചത് മമ്മൂട്ടിയെ ആയിരുന്നു. എന്നാല്‍ ചില കാരണങ്ങളാല്‍, മമ്മൂട്ടി ആ റോള്‍ നിരസിച്ചു. തുടര്‍ന്ന് ബിജു മേനോന്, ശാന്തി കൃഷ്ണ, ജോയ് മാത്യു എന്നിവരെ ശിലാലിഖിതത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. തറവാട് പൊളിച്ച് വില്‍ക്കാനുള്ള തന്റെ ആശയത്തെ പിന്തുണയ്ക്കാന്‍ അമ്മയെ പ്രേരിപ്പിക്കുന്ന ഗോപാലന്‍കുട്ടി എന്ന നായക കഥാപാത്രത്തെയാണ് ബിജു മേനോന് അവതരിപ്പിക്കുന്നത്.’ പ്രിയന് അഭിമുഖത്തില്‍ പറഞ്ഞു.
‘എംടി സാറിന് കാണാന്‍ വേണ്ടി ശീലാലിഖിതം സ്ക്രീന്‍ ചെയ്തിരുന്നു. തുടര്‍ന്ന് അദ്ദേഹം എന്നെ കൈ കൊണ്ട് നെഞ്ചോട് ചേര്‍ത്തു പിടിച്ചു നന്നായിട്ടുണ്ടെന്ന് പറഞ്ഞു. എന്റെ കണ്ണുകള്‍ നിറഞ്ഞു പോയി. എനിക്ക് ഇതില്‍ കൂടുതല്‍ ഒന്നും കിട്ടാനില്ല!’ പ്രിയന് പറഞ്ഞു. ദേശീയ അവാര്‍ഡ് നേടിയ കാഞ്ചീവരത്തിന് ശേഷം തന്റെ ഏറ്റവും മികച്ച സൃഷ്ടിയാണ് ശിലാലിഖിതമെന്നും പ്രിയദര്ശന് അഭിമുഖത്തില്‍ പറയുന്നു.
ആന്തോളജിയില്‍ ഒരു മോഹന്‍ലാല്‍ ചിത്രത്തിന് നിര്‍മ്മാതാക്കള്‍ താല്‍പ്പര്യം പ്രകടിപ്പിച്ചപ്പോഴാണ് പ്രിയദര്ശന് ഒരു കഥ കൂടി സംവിധാനം ചെയ്യാന്‍ അവസരം ലഭിച്ചത്. മോഹന്‍ലാലിന് കംഫര്‍ട്ടബിള്‍ ആയ ഒരു സംവിധായകന് എന്ന നിലയിലാണ് പ്രിയനെ എംടിയുടെ മകളുമായ അശ്വതി വി നായര്‍ ഈ ദൗത്യം ഏല്‍പ്പിച്ചത്.
ഓളവും തീരവും എന്ന ചിത്രത്തിന്റെ തിരക്കഥ എഡിറ്റ് ചെയ്യാന്‍ എംടിയോട് പ്രിയന് അഭ്യര്‍ത്ഥിച്ചു. ‘ഇന്നത്തെ കാലത്ത് ഈ കഥയ്ക്ക് എന്തെങ്കിലും പ്രസക്തിയുണ്ടോ എന്ന് എംടി സാര്‍ എന്നോട് ചോദിച്ചു. ഇതൊരു പീരിയഡ് ഫിലിമായാണ് എടുക്കുന്നത് എന്ന് ഞാന്‍ മറുപടി നല്കി’ പ്രിയന് തുടര്‍ന്നു. ആന്തോളജിയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ചിത്രമാണ് ഓളവും തീരവും. 50 മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രമായി തിരക്കഥയെ എംടി എഡിറ്റ് ചെയ്യുകയായിരുന്നു.
‘മോഹന്‍ലാലിനോട് ഞാന്‍ എന്റെ ബാപ്പൂട്ടി ആകുമോ എന്ന് ചോദിച്ചു. മുഴുവന്‍ ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ ചിത്രീകരിക്കുമെന്നും അറിയിച്ചു. തീര്‍ച്ചയായും എനിക്കായി അഭിനയിക്കാം എന്നവന് എന്നോട് പറഞ്ഞു. ആറ് ദിവസത്തിനുള്ളിലാണ് ചിത്രം ഷൂട്ട് ചെയ്തത്. ഈ അടുത്ത് മധു സാറിനെ ഞങ്ങള്‍ ഈ ചിത്രം കാണിച്ചിരുന്നു. അദ്ദേഹം വളരെയധികം അഭിനന്ദിച്ചു. എന്നാല്‍ സിനിമ ആദ്യമായി നിര്‍മ്മിച്ച അറുപതുകളുടെ അവസാനത്തില്‍ പോലും കളര്‍ ചിത്രങ്ങള്‍ ഉണ്ടായിരുന്നു, പിന്നെ എന്തിനാണ് ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ ചിത്രീകരിച്ചതെന്ന് അദ്ദേഹം ചോദിച്ചു.’ പ്രിയദര്ശന് പറഞ്ഞു.
Recent Comments