ലോക്ഡൗണിനുശേഷം മലയാളസിനിമയും താരങ്ങളും പതിയെ പതിയെ സജീവമായി തുടങ്ങിയെങ്കിലും ആര്‍ക്കും പിടികൊടുക്കാതെ നിന്നിരുന്നത് മമ്മൂട്ടി മാത്രമായിരുന്നു. മമ്മൂട്ടിയുടെ നീക്കങ്ങള്‍ എന്തായിരിക്കുമെന്ന് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ക്കുപോലും അജ്ഞാതമായിരുന്നു. ആ വല്മീകത്തെ അദ്ദേഹംതന്നെ പൊളിച്ച് പുറത്തുവന്നത് കഴിഞ്ഞ ദിവസങ്ങളിലാണ്.
മമ്മൂട്ടി, ആന്റോ ജോസഫിനെയും രമേഷ് പിഷാരടിയെയും ബാദുഷയെയും ജോര്‍ജിനെയും വീട്ടിലേയ്ക്ക് വിളിച്ചുവരുത്തുകയായിരുന്നു. വെറുതെ സംസാരിച്ചിരിക്കാന്‍ മാത്രമായിരുന്നില്ല, പുറത്തേയ്ക്ക് ഒന്ന് ഇറങ്ങാന്കൂടിയായിരുന്നു. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനുശേഷം അദ്ദേഹം വീട്ടിന് പുറത്തിറങ്ങിയിട്ടുണ്ടായിരുന്നില്ല.
മമ്മൂട്ടി സിനിമയില്‍ സജീവമാകുന്നതിന്റെ സൂചനകള്‍ നല്കാന് ഇത് ധാരാളമായിരുന്നു.
തൊട്ടടുത്ത ദിവസം പാതാളത്തിനടുത്തുള്ള വി.വി.എം. സ്റ്റുഡിയോയില്‍ അദ്ദേഹം ഒരു പരസ്യചിത്രത്തില്‍ അഭിനയിക്കാന്‍ എത്തിയതും ഇതിന്റെ തുടര്‍ച്ചയായിരുന്നു.
പുതുതായി പണി കഴിപ്പിച്ച കാരവനും കഴിഞ്ഞ ദിവസം മമ്മൂട്ടിയെ തേടിയെത്തിയിരുന്നു. വി.വി.എം. സ്റ്റുഡിയോയില്‍ ഷൂട്ടിംഗ് കഴിഞ്ഞ് പുറത്തിറങ്ങിയതിനുശേഷം മമ്മൂട്ടി യാത്ര ചെയ്തത് തന്റെ പുതിയ കാരവനിലാണ്. സാധാരണഗതിയില്‍ കാരവന് യാത്രായോഗ്യമല്ല. എന്നാല്‍ പുതിയ കാരവനില്‍ അതിനുള്ള സൗകര്യങ്ങളുമുണ്ട്. വോള്‍വോ ബസ്സിലാണ് പുതിയ കാരവന് പണി കഴിപ്പിച്ചിരിക്കുന്നത്. ബെഡ്റൂം അടക്കമുള്ള അത്യാധുനിക സൗകര്യങ്ങളും ഈ കാരവനിലുണ്ട്.
പാതാളത്ത് നിന്ന് കണ്ടൈനര്‍ റോഡ് വഴിയാണ് മമ്മൂട്ടിയും സംഘവും കാരവനിലൂടെ യാത്ര ചെയ്തത്. യാത്രാമദ്ധ്യേ ഹൈബി ഈഡന് എം.പിയും ഈ കാരവനില്‍ കയറി.
ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി അവിടെ അടുത്തൊരു സ്ഥലത്ത് എത്തിയതായിരുന്നു ഹൈബി. പെട്ടെന്നാണ് കാരവനും 369 എന്ന വണ്ടിനമ്പരും ശ്രദ്ധിച്ചത്. ആ നമ്പരിലുള്ള വാഹനം മമ്മൂട്ടിയുടേതാണെന്ന് ഹൈബിക്ക് അറിയാം. അദ്ദേഹം വണ്ടി കൈകാണിച്ച് നിര്‍ത്തി. പിന്നെ അദ്ദേഹത്തെയും കയറ്റിയായിരുന്നു യാത്ര. ഗോസറി പാലം എത്തുന്നതിനുമുമ്പായി കാരവന് യാത്ര അവസാനിച്ചു. പിന്നെ എല്ലാവരോടും യാത്ര പറഞ്ഞ് മമ്മൂട്ടി തന്റെ കാറില്‍ കയറി വീട്ടിലേക്ക് പോയി.
ഇപ്പോള്‍ മൂന്ന് പ്രോജക്ടുകളാണ് മമ്മൂട്ടിയുടെ മുന്നിലുള്ളത്. ഒന്ന് അമല്‍ നീരദിന്റെ ചിത്രമാണ്. ബിലാലിന് മുമ്പ് ഒരു കൊച്ചു ചിത്രം ചെയ്യാനുള്ള ഒരുക്കത്തിലാണ് അമല്‍. ഈ കോവിഡ് സമയത്ത് ബിലാല്‍ പോലൊരു ബിഗ് പ്രോജക്ട് ചിത്രത്തിന്റെ ഷുട്ടിംഗ് സാധ്യമല്ല. അതിന്റെ പശ്ചാത്തലത്തിലാണ് മറ്റൊരു കൊച്ചുചിത്രവുമായി അമല്‍ എത്തിയത്.
രണ്ടാമത്തെ ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതയായ റത്തീന ഷര്‍ഷാദാണ്. ജോര്‍ജാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. മൂന്നാമത്തെ ചിത്രം ആഗസ്റ്റ് സിനിമയുടെ ബാനറില്‍ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന സിനിമയാണ്.
അമലിന്റെ ചിത്രത്തിലായിരിക്കും മമ്മൂട്ടി ആദ്യം ജോയിന്‍ ചെയ്യുന്നത്. ജനുവരി ആദ്യം ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കും.
Recent Comments