നല്ലൊരു അഭിനേത്രി മാത്രമല്ല, മികച്ചൊരു ഗായിക കൂടിയാണ് മംമ്ത. തെലുങ്കിലും തമിഴിലും മലയാളത്തിലുമായി നിരവധി പാട്ടുകള്‍ മംമ്ത പാടിയിട്ടുണ്ട്. മംമ്ത എന്ന ഗായികയെ ജനപ്രിയയാക്കിയത് ‘ഡാഡിമമ്മി വീട്ടിലില്ലാ’ എന്നു തുടങ്ങുന്ന ഗാനമാണ്. വില്ല് എന്ന വിജയ് ചിത്രത്തിനുവേണ്ടി ദേവിശ്രീ പ്രസാദ് ഒരുക്കിയ ഗാനമായിരുന്നു അത്. അതിനുശേഷം നിരവധി സിനിമകളില്‍ മംമ്ത പിന്നണി ഗായികയായി നിറഞ്ഞുനിന്നു.
ഏതാനും ദിവസങ്ങള്‍ക്കുമുമ്പ് മംമ്ത വീണ്ടും ഒരു പാട്ട് പാടി. ഇത്തവണ വി.കെ. പ്രകാശ് സംവിധാനം ചെയ്യുന്ന ലൈവ് എന്ന ചിത്രത്തിനുവേണ്ടിയായിരുന്നു റെക്കോര്‍ഡിംഗ് സ്റ്റുഡിയോയിലെത്തിയത്. ഈ ചിത്രത്തില്‍ മംമ്തയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സിനിമയില്‍ മംമ്ത പാടി അഭിനയിക്കുന്ന പാട്ടാണിത്. മംമ്തയെ ഈ സിനിമയിലേയ്ക്ക് കാസ്റ്റ് ചെയ്യുമ്പോള്‍, അവര്‍തന്നെ ഈ പാട്ട് പാടണമെന്ന ധാരണയില്‍ അണിയറപ്രവര്‍ത്തകര്‍ എത്തിയിരുന്നു. മാധ്യമപ്രവര്‍ത്തകനും ഗാനരചയിതാവുമായ വിവേക് മുഴക്കുന്നാണ് ഇതിലെ വരികളെഴുതിയത്. അല്‍ഫോന്‍സ് ജോസഫായിരുന്നു സംഗീത സംവിധായകന്. ‘കണ്ണാടിയില്‍ കണ്‍നട്ട നാള് കണ്ടില്ല ഞാന്‍ ഇന്നലെ…’ എന്ന് തുടങ്ങുന്ന ഗാനം പാടി അവസാനിപ്പിക്കുമ്പോള്‍ അത് മംമ്തയുടെ മികച്ച പാട്ടുകളുടെ ഗണത്തിലേയ്ക്ക് സ്ഥാനം പിടിക്കുകയാണ്. ഇത് കൂടാതെ രണ്ട് പാട്ടുകള്‍കൂടി ചിത്രത്തിലുണ്ട്. കുഴൂര്‍ വില്‍സനാണ് മറ്റൊരു ഗാനം എഴുതിയിരിക്കുന്നത്. ആ പാട്ട് പാടിയിരിക്കുന്നത് അല്‍ഫോന്‍സ് ജോസഫാണ്. ഇംഗ്ലീഷിലുള്ളതാണ് മൂന്നാമത്തെ ഗാനം.
മെയ് 12 ന് ചിത്രം തീയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. മംമ്തയെ കൂടാതെ സൗബിന്, ഷൈന്‍ ടോം ചാക്കോ, പ്രിയാവാര്യര്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒരുത്തീക്ക് ശേഷം എസ്. സുരേഷ് ബാബു തിരക്കഥയെഴുതിയ ചിത്രം കൂടിയാണ് ലൈവ്.
Recent Comments