നവംബര്‍ 14 മംമ്താമോഹന്ദാസിന്റെ ജന്മദിനമാണ്. അന്ന് ചില പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്നാണ് മംമ്താ പറഞ്ഞിരിക്കുന്നത്. പുതിയ സിനിമയെക്കുറിച്ചുതന്നെയാണ് മംമ്തയ്ക്ക് പറയാനുള്ളത്. പക്ഷേ ഒരു ചെറിയ വ്യത്യാസം മാത്രം. അത് മംമ്തയുടെ പുതിയ നിര്‍മ്മാണ സംരംഭത്തെക്കുറിച്ചായിരിക്കും. അതിന്റെ വിശദാംശങ്ങള്‍ നവംബര്‍ 14 ന് വെളിപ്പെടുത്തുമെന്ന് മംമ്ത കാന്‍ ചാനലിനോട് പറഞ്ഞു.
‘ഇപ്പോള്‍ പ്രചരിക്കുന്നതുപോലെ മംമ്താമോഹന്‍ദാസ് പ്രൊഡക്ഷനെന്നാവില്ല അതിന്റെ പേര്. അതടക്കമുള്ള കാര്യങ്ങള്‍ അന്ന് പറയും. അതിനുവേണ്ടി ചില കണ്ടന്റുകളും ഞങ്ങള്‍ ഇതിനോടകം ഷൂട്ട് ചെയ്തിട്ടുണ്ട്. അതും അന്ന് റിലീസ് ചെയ്യും. കോവിഡ് കാലമായതിനാല്‍ അതിന്റെ നിയന്ത്രണങ്ങള്‍ ഉണ്ടാകുമെന്നുമാത്രം.’
‘എന്നോട് ധാരാളംപേര്‍ വന്ന് കഥ പറയാറുണ്ട്. വ്യത്യസ്തമായ പ്രമേയങ്ങളും ഉള്‍ക്കാമ്പുള്ള കഥകളും. അപ്പോള്‍ ഞാന്‍ ആലോചിച്ചിട്ടുണ്ട്, എനിക്കൊരു പ്രൊഡക്ഷന്‍ ഹൗസ് ഉണ്ടായിരുന്നെങ്കില്‍ അതൊക്കെ ചെയ്യാമായിരുന്നുവെന്ന്. അപ്പോള്‍ നമ്മള് ആഗ്രഹിക്കുന്ന രീതിയിലൊക്കെ അത് പ്രൊമോട്ട് ചെയ്യാന്‍ കഴിയും. രണ്ട് വര്‍ഷമായി ഈ ചിന്തകളുടെ പിറകെയാണ് ഞാന്‍. ഇക്കാര്യത്തില്‍ രണ്ട് ചുവടുകള്‍ ഞാന്‍ മുന്നോട്ട് വയ്ക്കുമ്പോള്‍ എന്റെ മാതാപിതാക്കള്‍ നാല് ചുവടുകള്‍ പിറകോട്ട് വയ്ക്കും. ഒരു മകളെന്ന നിലയില്‍ അവര്ക്കെന്റെമേലുള്ള പ്രത്യേക പരിഗണന തന്നെയാണ് അതിന് കാരണം. അടുത്തിടെയാണ് അവരില്‍നിന്ന് എനിക്ക് അനുകൂലമായ പ്രതികരണം ഉണ്ടായത്.’
‘പുതിയ നിര്‍മ്മാണ സംരംഭത്തില്‍ എനിക്ക് നല്ലൊരു പങ്കാളിയെക്കൂടി കിട്ടിയിട്ടുണ്ട്. നോയല്‍ ബെന്‍. കൊച്ചി സ്വദേശിയാണ്. നല്ലൊരു വ്യവസായ സംരംഭകനും. അദ്ദേഹത്തിന്റെ അനുഭവങ്ങളും ഇക്കാര്യത്തില്‍ മുതല്‍കൂട്ടാവും.’
‘കഴിവുള്ള ഒരുപാടുപേര് നമ്മള്‍ക്കിടയിലുണ്ട്. അവസരങ്ങള്‍ കിട്ടാത്തതുകൊണ്ടുമാത്രം സിനിമയുടെ കോട്ടവാതില്‍ കടന്നുവരാന്‍ അവര്‍ക്കാവുന്നില്ല. അങ്ങനെയുള്ളവരെക്കൂടി കണ്ടെത്തി അവതരിപ്പിക്കാനുള്ള ശ്രമമാണ് ഞങ്ങളുടേത്.’
‘മറ്റു മേഖലയിലെന്നപോലെ സിനിമയിലും സ്ത്രീപ്രാതിനിത്യം തീരെ കുറവാണ്. അവര്‍ക്കുള്ള അവസരങ്ങള്‍കൂടി ഞങ്ങള്‍ തുറന്നിടുന്നുണ്ട്. അത് സംവിധായികയിലോ നടിയിലോ ഒതുക്കി നിര്‍ത്താതെ സിനിമയുടെ സമസ്ത മേഖലയിലും അവരുടെ കഴിവ് പ്രയോജനപ്പെടുത്താനും ഞങ്ങള്‍ ആഗ്രഹിക്കുന്നു. മൂന്ന് ദേശീയ പുരസ്കാരജേതാക്കള്‍ ഒന്നിക്കുന്ന ചിത്രമാകും ഞങ്ങളുടെ ആദ്യ നിര്‍മ്മാണസംരംഭം. കൂടുതല്‍ വിവരങ്ങള്‍ക്ക് നവംബര്‍ 14 വരെ കാത്തിരിക്കൂ.’ മംമ്ത പറഞ്ഞുനിര്‍ത്തി.
Recent Comments