ഷിരൂരില്‍ മണ്ണിടിച്ചിലില്‍ മരണപ്പെട്ട അര്‍ജുന്റെ കുടുംബം നല്കിയ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ലോറി ഉടമ മനാഫിനെ പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കും. മനാഫിന്റെ യുട്യൂഫ് ചാനല്‍ പരിശോധിച്ചപ്പോള്‍ അപകീര്‍ത്തിപ്പെടുത്തുന്നതൊന്നും കണ്ടെത്താന്‍ കഴിയാത്തതിനെത്തുടര്‍ന്നാണ് നടപടി. മനാഫിനെതിരെ കേസെടുക്കണം എന്ന് അര്‍ജുന്റെ കുടുംബം ആവശ്യപ്പെട്ടിരുന്നില്ല. മനാഫിനെ സാക്ഷിയാക്കും. പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായാണ് മനാഫിന്റെ പേര് ഉള്‍പ്പെടുത്തിയത്.
ചേവായൂര്‍ പോലീസാണ് അര്‍ജുന്റെ കുടുംബം നല്കിയ പരാതിയെത്തുടര്‍ന്ന് കേസെടുത്തത്.
കുടുംബത്തിന്റെ മൊഴി പോലീസ് രേഖപ്പെടുത്തിയിരുന്നു. മനാഫിനെതിരെ പരാതിയില്ലെന്നും മനാഫിന്റെ യുട്യൂബ് വീഡിയോയ്ക്ക് താഴെയും മറ്റു സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളിലും അധിക്ഷേപകരമായ കമന്റ് ഇട്ടവര്‍ക്കെതിരെയാണ് പരാതിയെന്നും കുടുംബം മൊഴി നല്കി. ജൂലൈ 15 ന് മണ്ണിടിഞ്ഞുവീണ് ലോറിക്കൊപ്പം കാണാതായ അര്‍ജുന്റെ മൃതദേഹം 73 ദിവസങ്ങള്‍ക്കുശേഷമാണ് കണ്ടെടുക്കാനായത്. പിന്നാലെ ലോറിയുടമ മനാഫിനെതിരെ അര്‍ജുന്റെ കുടുംബം ാരോപണവുമായി രംഗത്തെത്തി. ഇതിനെ തുടര്‍ന്നാണ് കുടുംബത്തിനെതിരെ സൈബര്‍ ആക്രമണം ഉണ്ടായത്.
Recent Comments