താരസംഘടനയായ അമ്മയുടെ 7-ാമത് ഭരണസമിതി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പത്രിക പിന്‍വലിക്കാനുള്ള സമയം ഇന്ന് അവസാനിച്ചതോടെ തെരഞ്ഞെടുപ്പ് ചിത്രം വ്യക്തമായി.
ഔദ്യോഗിക പാനലില്‍നിന്ന് പ്രസിഡന്റായി മോഹന്‍ലാലും ജനറല്‍ സെക്രട്ടറിയായി ഇടവേളബാബുവും ജോയിന്റ് സെക്രട്ടറിയായി ജയസൂര്യയും ട്രഷററായി സിദ്ധിക്കും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടും.
മത്സരം വൈസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്കാണ്. ഔദ്യോഗിക പാനലില്‍നിന്ന് ശ്വേതാമേനോനും ആശാശരത്തുമാണ് വൈസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് പത്രിക സമര്‍പ്പിച്ചിരുന്നത്. ഇവരെക്കൂടാതെ മുകേഷ്, മണിയന്‍പിള്ള രാജു, ജഗദീഷ് എന്നിവരും പത്രിക സമര്‍പ്പിച്ചിരുന്നു. മുകേഷും ജഗദീഷും പത്രിക പിന്‍വലിച്ചു. മണിയന്‍പിള്ള രാജു പത്രിക പിന്‍വലിക്കാത്ത സാഹചര്യത്തില്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മൂന്നുപേര്‍ മത്സരിക്കും. 19-ാം തീയതി നടക്കുന്ന ഇലക്ഷനില്‍ കൂടുതല്‍ വോട്ടുകള്‍ നേടുന്ന രണ്ടുപേര്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് വരും. ഇതോടെ വൈസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്കുള്ള മത്സരം കടുക്കുമെന്നുറപ്പായി.
ഹണിറോസ്, ലെന, രചന നാരായണന്‍കുട്ടി, മഞ്ജുപിള്ള, സുരഭി, ബാബുരാജ്, നിവിന്‍പോളി, സുധീര്‍ കരമന, ടിനിടോം, ടൊവിനോ, ഉണ്ണിമുകുന്ദന് എന്നിവരെയാണ് ഔദ്യോഗിക പാനല്‍ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി അവതരിപ്പിച്ചത്. ലാല്‍, വിജയ് ബാബു, സുരേഷ് കൃഷ്ണ, നാസര്‍ ലത്തീഫ് എന്നിവരും കമ്മിറ്റി അംഗങ്ങളാകാന്‍ പത്രിക സമര്‍പ്പിച്ചിരുന്നു. ഇവരില്‍ ലാലും നാസര്‍ ലത്തീഫുമൊഴിച്ച് മറ്റ് രണ്ടുപേരും പത്രിക പിന്‍വലിച്ചിട്ടുണ്ട്. ഇതോടെ 11 അംഗ കമ്മിറ്റി അംഗങ്ങളുടെ കാര്യത്തിലും മത്സരം ഉറപ്പായി. നിലവില്‍ 13 പേരാണ് മത്സരരംഗത്തുള്ളത്. വോട്ടെടുപ്പിലൂടെ 11 പേര് തെരഞ്ഞെടുക്കപ്പെടും. നാളെ രാവിലെ 11 മണിക്ക് അമ്മയുടെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും.
ഡിസംബര്‍ 19 ഞായറാഴ്ച രാവിലെ 10 മണിക്ക് ക്രൗണ്‍ പ്ലാസയിലാണ് അമ്മയുടെ ജനറല്‍ ബോഡി ചേരുന്നത്.
Recent Comments