മഞ്ജു വാര്യര്‍ നായികയായി എത്തിയ ചിത്രമായ ‘കയറ്റം’ സൗജന്യമായി ഓണ്‍ലൈനിലൂടെ റിലീസ് ചെയ്ത് സംവിധായകന് സനല്‍കുമാര്‍ ശശിധരന്. കൂടാതെ ചിത്രം അപ്ലോഡ് ചെയ്ത വിമിയോ ലിങ്കും സിനിമയുടെ ഫയല്‍ അടങ്ങിയ ഗൂഗിള്‍ ഡ്രൈവ് ലിങ്കും സമൂഹ മാധ്യമ അക്കൗണ്ടുകളിലൂടെ പങ്കുവച്ചു. സിനിമ തീയേറ്ററുകളില്‍ റിലീസ് ചെയ്യുന്നത് തടയാന്‍ ആസൂത്രിത ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന് അവകാശപ്പെട്ടാണ് ഇങ്ങനെയരു നീക്കമെന്ന് സംവിധായകന് പറയുന്നു. പൂര്‍ണ്ണമായും ഹിമാലയത്തില്‍ ചിത്രീകരിച്ച സിനിമ മഞ്ജു വാര്യര്‍ തന്നെയാണ് നിര്‍മ്മിച്ചത്. ചന്ദ്രു സെല്‍വരാജാണ് ഛായാഗ്രാഹകന്‍. തന്റെ ജീവന് അപകടത്തിലായതിനാലാണ് ഇന്ത്യ വിട്ട് അമേരിക്കയിലേയ്ക്ക് പോകേണ്ടിവന്നുവെന്നും ഇന്ത്യയില്‍ സിനിമ ചെയ്യുന്നത് തുടരാന്‍ അനുവദിക്കുന്നില്ലെന്നും സംവിധായകന് പറയുകയുണ്ടായി. നിരവധി പേര് പദ്ധതിയില്‍ ഉള്‍പ്പെട്ടതിനാല്‍ കയറ്റം റിലീസ് ചെയ്യാന്‍ തനിക്ക് ധാര്‍മ്മിക ബാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
‘2019 ലാണ് ഞാന്‍ കയറ്റം എന്ന സിനിമ ചെയ്യുന്നത്. ഇന്ത്യയിലും വിദേശത്തുമായി സിനിമയ്ക്ക് നിരവധി അവാര്‍ഡുകള്‍ ലഭിച്ചു. എന്നിരുന്നാലും എന്റെ പ്രേക്ഷകര്‍ക്കായി ചിത്രം ഇതുവരെ റിലീസ് ചെയ്യാന്‍ എനിക്ക് കഴിഞ്ഞില്ല. സിനിമയുടെ നിര്‍മ്മാതാവും നടിയുമായ മഞ്ജു വാരിയരെ ഞാന്‍ ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോഴൊക്കെ ആരോ എന്നെ തടയാന്‍ ശ്രമിക്കുന്നതായി എനിക്ക് തോന്നി. ആരോ അവരെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നതായി എനിക്ക് തോന്നുന്നു. അതിനുശേഷമാണ് മഞ്ജു വാരിയരുടെ ജീവന് അപകടത്തിലാണെന്ന പോസ്റ്റ് ഇടുന്നത്. എനിക്കെതിരെ അവര്‍ ഒരു വ്യാജ പരാതി കൊടുക്കുകയും എന്നെ അറസ്റ്റ് ചെയ്യുകയും ചെയ്തു. എന്നിട്ടും മജിസ്ട്രേറ്റ് കോടതിയില്‍ ജയിലില്‍ നിന്ന് ഇറങ്ങിയതിന് ശേഷം എന്നെ ജാമ്യത്തില്‍ വിട്ടയച്ചു. എന്റെ ജീവന് അപകടത്തിലാണെന്ന് എനിക്ക് മനസ്സിലായി, അതിനാലാണ് ഞാന്‍ ഇന്ത്യ വിട്ട് യുഎസിലേക്ക് പോയത്.’
‘കയറ്റം’ എന്ന സിനിമ നിര്‍മിക്കുന്നതില്‍ ഒരുപാട് അപകടസാധ്യതകള്‍ ഉണ്ടായിരുന്നു. സിനിമ ഹിമാലയത്തിലാണ് ചിത്രീകരിച്ചത്. ചിത്രീകരണത്തിനായി അഭിനേതാക്കള്‍ അവരുടെ ജീവന് വരെ അപകടത്തിലാക്കി. സിനിമ റിലീസ് ചെയ്യേണ്ടത് എന്റെ ഉത്തരവാദിത്തമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. സിനിമയുടെ ലിങ്ക് വിവിധ സൈറ്റുകളില്‍ ലഭ്യമാണ്. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ എന്റെ തീരുമാനത്തിന് ഒരുപാട് വിമര്‍ശനങ്ങള്‍ നേരിടേണ്ടി വരുമെന്ന് എനിക്കറിയാം. എങ്കിലും ഇത്തരമൊരു ‘വിഡ്ഢിത്തം’ ഞാന്‍ എടുക്കുന്നത് രണ്ടാം തവണയാണ്. ഒരു മുന്‍വിധിയും കൂടാതെ സിനിമ കാണുക.’ സനല്‍കുമാര്‍ വീഡിയോ സന്ദേശത്തിലൂടെ പറഞ്ഞു.
Recent Comments