ഇന്ത്യയുടെ വികസന കുതിപ്പിനു തുടക്കമിട്ട മൻമോഹൻസിംഗ് അന്തരിച്ചു .ഡൽഹിയിലെ എയിംസ് ആശുപത്രിയിലായിരുന്നു അന്ത്യം. മരിക്കുമ്പോൾ പ്രായം 92, വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് വീട്ടിൽ ചികിത്സയിലായിരുന്ന അദ്ദേഹത്തിനു ഇന്നലെ ( ഡിസംബർ 26) പെട്ടെന്ന് ബോധക്ഷയമുണ്ടായി. വീട്ടിൽ തന്നെ ഉടൻ പുനരുജ്ജീവന നടപടികൾ ആരംഭിച്ചു.തുടർന്ന് രാത്രി 8:06 ന് ന്യൂഡൽഹിയിലെ എയിംസിലെ മെഡിക്കൽ എമർജൻസിയിലേക്ക് കൊണ്ടുവന്നു. എല്ലാ ശ്രമങ്ങളും നടത്തിയിട്ടും പുനരുജ്ജീവിപ്പിക്കാൻ കഴിഞ്ഞില്ല, രാത്രി 9:51 ന് മരിച്ചു.
ഇന്ത്യയുടെ പതിമൂന്നാമത്തെയും, പതിനാലാമത്തെയും പ്രധാനമന്ത്രിയും, രാജ്യാന്തരതലത്തിൽ ശ്രദ്ധേയനായ സാമ്പത്തിക ശാസ്ത്രജ്ഞനുമാണ് ഡോ. മൻമോഹൻ സിങ്. ഇന്ത്യാ വിഭജനത്തിനു മുൻപ് ഇപ്പോഴത്തെ പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലെ ഗായിൽ 1932 സെപ്റ്റംബർ 26ന് ജനിച്ചു.
സാമ്പത്തികശാസ്ത്രം ഇഷ്ടമേഖലയാക്കിയ മൻമോഹൻ സിങ് മുൻ പ്രധാനമന്ത്രി പി.വി. നരസിംഹറാവുവിന്റെ നിർബന്ധത്തിനു വഴങ്ങിയാണ് രാഷ്ട്രീയത്തിലെത്തിയത്. ഒടുവിൽ 2004 മേയ് 22 ഇന്ത്യയുടെ പ്രധാനമന്ത്രിക്കസേരയിലുമെത്തി. സിഖ്മതസ്ഥനായ ആദ്യ പ്രധാനമന്ത്രിയും, ഹൈന്ദവ സമുദായത്തിൽ നിന്നുമല്ലാതെ പ്രധാനമന്ത്രിയാവുന്ന ആദ്യത്തെ വ്യക്തിയും കൂടിയാണ് മൻമോഹൻ സിങ്.
ഇടതുപക്ഷകക്ഷികളുടെ പിന്തുണയോടെയായിരുന്നു ഇദ്ദേഹത്തിന്റെ സർക്കാർ നിലവിൽ വന്നത്. എന്നാൽ അമേരിക്കയുമായുള്ള ആണവക്കരാറിന്റെ പേരിൽ ഇടതുപക്ഷം പിന്തുണ പിൻവലിച്ചതിനെത്തുടർന്ന് 2008 ജൂലൈ 22-ന് മൻമോഹൻ സർക്കാർ ലോക്സഭയിൽ വിശ്വാസവോട്ട് തേടി. സമാജ് വാദി പാർട്ടിയുടെ പിന്തുണയോടു കൂടി സർക്കാർ വിശ്വാസവോട്ട് അതിജീവിച്ചു .മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തകൻ എന്നതിനേക്കാൾ സാമ്പത്തിക വിദഗ്ദ്ധനായാണ് മൻമോഹനെ വിലയിരുത്തേണ്ടത്.
അദ്ദേഹത്തിന്റെ മന്ത്രിസഭയിലെ മിക്കവാറും മന്ത്രിമാർക്കെതിരെ അഴിമതി ആരോപണം ഉയർന്നപ്പോൾ ആ കളങ്കം അദ്ദേഹത്തെ സ്പർശിച്ചത് പോലുമില്ല..അതായിരുന്നു മൻമോഹൻ സിംഗ് .കൊടുങ്കാറ്റിലും തളരാത്ത നിർഭയൻ, മിത ഭാഷി.
വിവരാവകാശ നിയമം ,ഭക്ഷ്യ സുരക്ഷ ,തൊഴിലുറപ്പ് ,സ്വകാര്യവൽക്കരണം,നവ സാമ്പത്തിക നയങ്ങൾ ഇവയെല്ലാം അദ്ദേഹത്തിന്റെ സുപ്രധാന നേട്ടങ്ങളാണ് .ഇന്ത്യ വലിയൊരു കടക്കെണിയിൽ വീണ 1991 കാലത്ത് രാജ്യത്തെ റാവു സർക്കാർ രക്ഷിച്ചത് മൻമോഹൻ സിംഗിന്റെ സാമ്പത്തിക ശാസ്ത്രത്തിലൂടെയാണ് .മികച്ച പ്രധാനമന്ത്രിയായിരുന്നിട്ടും നരസിംഹറാവു അന്തരിച്ചപ്പോൾ അദ്ദേഹത്തിന്റെ മൃതദേഹം കോൺഗ്രസ് പാർട്ടിയുടെ ആസ്ഥാനത്ത് പൊതുദർശനത്തിനു വെയ്ക്കാൻ പോലും അന്നത്തെ കോൺഗ്രസ് നേതാക്കൾ സമ്മതിക്കാതിരുന്നതും ചരിത്രമാണ് .മൻമോഹൻ സിംഗിന് ആ ഗതി ഉണ്ടായില്ല . ആശ്വാസം
മൻമോഹൻ സിംഗിനെ ഏറ്റവും വേദനിപ്പിച്ചത് അദ്ദേഹത്തിന്റെ സർക്കാർ ഡ്രാഫ്റ്റ് ചെയ്ത ഓർഡിനൻസ് യുവരാജാവായ രാഹുൽ ഗാന്ധി അന്ന് പരസ്യമായി കീറിക്കളഞ്ഞ സംഭവമാണ് .എന്നിട്ടും ഈ വേദന അദ്ദേഹം പരസ്യപ്പെടുത്തിയില്ല .അതാണ് മൻമോഹൻ സിംഗിന്റെ മാന്യത.അദ്ദേഹം സോണിയയിലും പാർട്ടിയിലുമായിരുന്നു വിശ്വസിച്ചിരുന്നത് .രാജ്യത്തോടായിരുന്നു കൂറ് . ചരടുകളില്ലാതെ അദ്ദേഹത്തെ സ്വതന്ത്രമായി ഭരിക്കുവാൻ അനുവദിച്ചിരുന്നെങ്കിൽ കോൺഗ്രസിനു ഇപ്പോൾ അനുഭവിക്കുന്ന ദുർഗതി ഉണ്ടാവുമായിരുന്നില്ല .കോൺഗ്രസിലെ ഏറ്റവും മികച്ച പ്രധാനമന്ത്രിമാരായ നരസിംഹ റാവു ,മൻമോഹൻ സിംഗ് എന്നിവരോട് കാട്ടിയ നെറികേടുകളുടെ പരിണിത ഫലമാണ് കോൺഗ്രസിനെയും നെഹ്റു കുടുംബത്തെയും ഇപ്പോൾ വേട്ടയാടുന്നത്.മന്മോഹൻ സിംഗിനെ വേദനിപ്പിച്ച രാഹുൽ ഗാന്ധി ഈ സമയത്തെങ്കിലും മാപ്പ് അപേക്ഷിക്കുക ഉചിതമായിരിക്കും.
Recent Comments