ഒരു അഭിമുഖത്തില്‍ നടി തൃഷയ്ക്കെതിരെ മോശം പരാമര്‍ശം നടത്തിയതിനെത്തുടര്‍ന്ന് കേസില്‍ അകപ്പെട്ട നടന് മന്‍സൂര്‍ അലിഖാന് മാനനഷ്ടക്കേസുമായി ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. നടിമാരായ തൃഷ, ഖുഷ്ബു എന്നിവര്‍ ഒരു കോടി രൂപ വീതം നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് കേസ് ഫയല്‍ ചെയ്തത്. സോഷ്യല്‍മീഡിയയില്‍ തനിക്കെതിരെ നടത്തിയ അപകീര്‍ത്തികരമായ പരാമര്‍ശങ്ങളെ തുടര്‍ന്നാണ് ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തത്.
താന്‍ തമാശയായി പറഞ്ഞ കാര്യങ്ങള്‍ എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചതാണെന്നും വീഡിയോ പൂര്‍ണ്ണമായും കാണാതെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്നുമാണ് ഹര്‍ജിയിലെ ആരോപണം.
അടുത്തിടെ പുറത്തിറങ്ങിയ ലിയോ സിനിമയുമായി ബന്ധപ്പെട്ട അഭിമുഖത്തിനിടെ മന്‍സൂര്‍ അലിഖാന് തൃശയെക്കുറിച്ച് നടത്തിയ മോശം പരാമര്‍ശമാണ് വിവാദമായത്. സംഭവത്തില്‍ സ്വമേധയാ ഇടപെട്ട ദേശീയ വനിതാ കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരം പോലീസ് കേസെടുത്തിരുന്നെങ്കിലും കേസുമായി മുന്നോട്ടു പോകാന്‍ താല്പര്യമില്ലെന്ന് തൃഷ അറിയിച്ചതോടെ പോലീസ് നടപടികള്‍ അവസാനിപ്പിച്ചിരുന്നു.
ഇതോടെ വിഷയം അവസാനിച്ചെന്നു കരുതിയിരിക്കെയാണ് പുതിയ നീക്കവുമായി മന്‍സൂര്‍ അലിഖാന് രംഗത്തെത്തിയത്.
Recent Comments