ഉണ്ണി മുകുന്ദന് ചിത്രം ‘മാര്‍ക്കോ’യ്ക്ക് വിലക്കേര്‍പ്പെടുത്തി സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്ട്ടിഫിക്കേഷന് (സിബിഎഫ്സി). ടെലിവിഷന്‍ ചാനലുകളില്‍ പ്രദര്‍ശിപ്പിക്കാനുള്ള അനുമതി നിഷേധിച്ചു. ലോവര്‍ കാറ്റഗറി മാറ്റത്തിനുള്ള അപേക്ഷ സിബിഎഫ്സി നിരസിച്ചു. റീജിയണല്‍ എക്സാമിനേഷന് കമ്മിറ്റിയുടെ ശുപാര്‍ശ സെന്‍ട്രല്‍ ബോര്‍ഡ് അംഗീകരിക്കുകയായിരുന്നു. യു അല്ലെങ്കില്‍ യു/എ കാറ്റഗറിയിലേയ്ക്ക് മാറ്റാന്‍ പറ്റാത്ത തരത്തില്‍ വയലന്‍സ് സിനിമയില്‍ ഉണ്ടെന്നായിരുന്നു വിലയിരുത്തല്‍. സീനുകള്‍ ഇനിയും വെട്ടിമാറ്റി വേണമെങ്കില്‍ നിര്‍മ്മാതാക്കള്‍ക്ക് വീണ്ടും അപേക്ഷിക്കാം. ചിത്രത്തിന്റെ ഒടിടി പ്രദര്‍ശനം തടയണമെന്ന് ആവശ്യപ്പെട്ടും കേന്ദ്രസര്‍ക്കാരിന് കത്തയച്ചിട്ടുണ്ട്. എ സര്‍ട്ടിഫിക്കറ്റ് ആയതുകൊണ്ടാണ് നടപടിയെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്ട്ടിഫിക്കേഷന് കേരള റീജിയന് മേധാവി നദീം തുഫേല്‍ വിശദീകരിച്ചു.
ചിത്രത്തിലെ രംഗങ്ങള്‍ പൂര്‍ണ്ണമായും മുറിച്ചുമാറ്റിയുള്ള സെന്‍സറിംഗ് ഇപ്പോള്‍ നിലവിലില്ലെന്നും ഉള്ളടക്കത്തിന്റെ അടിസ്ഥാനത്തില്‍ വിവിധ കാറ്റഗറിയായി തരംതിരിച്ച് സര്‍ട്ടിഫിക്കറ്റ് നല്‍കുകയാണ് നിലവിലെ രീതിയെന്നും അദ്ദേഹം വ്യക്തമാക്കി. സിനിമയില്‍ വയലന്‍സ് കൂടുന്നുവെന്നത് യാഥാര്‍ത്ഥ്യമാണെന്നും സി.ജി. അരുണ്‍ സിംഗുമായി നടത്തിയ സംഭാഷണത്തില്‍ അദ്ദേഹം സമ്മതിച്ചു.
ഒരു സിനിമയ്ക്ക് എത്രത്തോളം വയലന്‍സ് ആകാം എന്നു തീരുമാനിക്കുന്നത് അതിന്റെ പ്രമേയവുമായി ബന്ധപ്പെട്ടാണ്. കഥ പറയുന്നതിന് ആവശ്യമായ മച്യൂരിറ്റി കണ്ടന്റ് മാത്രമാണ് അതിലുണ്ടാകാന്‍ പാടുള്ളൂ. ഇതൊക്കെയാണെങ്കിലും സിനിമയില്‍ വരുന്ന വയലന്‍സ് ഈ അടുത്ത കാലത്ത് കൂടുതലാണ്. കുട്ടികള്‍ വയലന്‍സ് കൂടുതലുള്ള സിിമകള്‍ കാണാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തേണ്ടത് മാതാപിതാക്കളാണ്. ഉള്ളടക്കം പരിശോധിച്ച് ഏതൊക്കെ പ്രായത്തിലുള്ളവര്‍ കാണരുതെന്ന് നിഷ്കര്‍ഷിച്ചാണ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്. സമൂഹത്തില്‍ നടക്കുന്ന ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ സിനിമകളിലെ വയലന്‍സ് നിയന്ത്രിക്കാന്‍ നടപടികളുമായി ഫിലിം സര്ട്ടിഫിക്കേഷന് ബോര്‍ഡ് രംഗത്ത് വരും. ഉള്ളടക്കം കര്‍ശനമായി പരിശോധിക്കണമെന്ന് നിര്‍ദ്ദേശം നല്കി കഴിഞ്ഞു. സിനിമകളുടെ സര്‍ട്ടിഫിക്കറ്റ് ഏതാണെന്ന് പ്രേക്ഷകര്‍ക്ക് മനസ്സിലാകുന്ന തരത്തില്‍ പ്രദര്‍ശിപ്പിക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് നദീം തുഫേല്‍ പറഞ്ഞു.
Recent Comments