നടനും സംവിധായകനുമായ ജി. മാരിമുത്തുവിന്റെ അകാല വിയോഗം അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകര്‍ക്കും തമിഴ് സിനിമാ ലോകത്തിനും ഇനിയും ഉള്‍ക്കൊള്ളാനായിട്ടില്ല. മരണത്തിന് തൊട്ടുമുമ്പുവരെയും അദ്ദേഹം സജീവമായിരുന്നു. ഡബ്ബിംഗിനിടെ ഹൃദയാഘാതത്തിന്റെ രൂപത്തിലാണ് ആ വലിയ കലാകാരനെ മരണം കവര്‍ന്നുകൊണ്ടുപോയത്.
ഒരു വലിയ സ്വപ്നം ബാക്കി വച്ചിട്ടാണ് മാരിമുത്തു വിടവാങ്ങിയത്. തന്റെ പഴയകാല സുഹൃത്തും സുപ്പര്‍താരവുമായ അജിത്തിനൊപ്പം അഭിനയിക്കണമെന്നുള്ളതായിരുന്നു അദ്ദേഹത്തിന്റെ വലിയ ആഗ്രഹം. അജിത്തിന്റെ അടുത്ത പടത്തില്‍ നല്ലൊരു വേഷം അദ്ദേഹത്തിനായി നീക്കിവച്ചിരുന്നു. അതിന്റെ സന്തോഷത്തിലായിരുന്നു മാരിമുത്തു. അജിത്തിനോടൊപ്പം അഭിനയിക്കാന്‍ കഴിയുന്നതിലൂടെ തങ്ങളുടെ പഴയ സൗഹൃദം പുതുക്കാന്‍ കഴിയുമെന്നും പഴയതുപോലെ ഹൃദയം തുറന്ന് സംസാരിക്കാന്‍ കഴിയുമെന്നും അദ്ദേഹം വിശ്വസിച്ചിരുന്നു. ആ ആഗ്രഹപൂര്‍ത്തീകരണത്തിന് കാത്തുനില്‍ക്കാതെയാണ് മാരിമുത്തു വിടവാങ്ങിയത്.
1990 കളില്‍ അസിസ്റ്റന്റ് ഡയറക്ടറായിരുന്ന കാലത്താണ് മാരിമുത്തു അജിത്തുമായി സൗഹൃദം സ്ഥാപിക്കുന്നത്. അജിത് നായകനായ ആസൈ എന്ന ചിത്രത്തിന്റെ സംവിധായകന് വസന്തിന്റെ അസോസിയേറ്റായിരുന്നു മാരിമുത്തു. അന്ന് ഇരുവരും ഒരു ബൈക്കിലായിരുന്നു ഷൂട്ടിങ്ങ് സെറ്റില്‍ എത്തിയിരുന്നത്. വ്യക്തിപരമായ കാര്യങ്ങള്‍ സംസാരിക്കുന്ന അത്രയും സ്വാതന്ത്ര്യം ഇരുവരുടെയും ഇടയില്‍ ഉണ്ടായിരുന്നു. ആസൈയുടെ ലൊക്കേഷനില്‍ വെച്ചാണ് തനിക്കൊരു ആണ്‍കുട്ടി ജനിച്ചു എന്ന് മാരിമുത്തു അജിത്തിനോട് പറയുന്നത്.
ഏറെക്കാലം ഈ സൗഹൃദം തുടര്‍ന്നു. ആ ഇഴയടുപ്പം കൂടുതല്‍ ദൃഢപ്പെടുന്നത് ‘വാലി’യുടെ സെറ്റില്‍വച്ചാണ്. മകന്റെ പഠനവുമായി ബന്ധപ്പെട്ട് വലിയ ഡൊണേഷനും ഫീസും കൊടുക്കേണ്ട സാഹചര്യത്തെക്കുറിച്ച് ഒരിക്കല്‍ യാദൃശ്ചികമായി അജിത്തിനോട് സംസാരിക്കാന്‍ ഇടയായി. അത്രയും പണം തന്റെ കൈയിലില്ലെന്നും മാരിമുത്തു അജിത്തിനോട് തുറന്നുപറഞ്ഞു. പിന്നീട് മാരിമുത്തു ഇക്കാര്യം മറക്കുകതന്നെ ചെയ്തു. പക്ഷേ മാരിമുത്തുവിന്റെ എല്ലാ പ്രതീക്ഷകളെയും തെറ്റിച്ച് അജിത്ത് തന്റെ സ്റ്റാഫ് വഴി മകന്റെ പഠനത്തിനുള്ള മുഴുവന്‍ തുകയും സ്കൂളില്‍ കെട്ടിവച്ചു. സഹപ്രവര്‍ത്തകരോടുള്ള അജിത്തിന്റെ കരുതല്‍ മാരിമുത്തു തിരിച്ചറിഞ്ഞ ആദ്യ അനുഭവമായിരുന്നു അത്. പിന്നീട് ഓരോ വര്‍ഷവും ഫീസടയ്ക്കാനായി മാരിമുത്തു സ്കൂളില്‍ ചെല്ലുമ്പോഴെല്ലാം ആ വര്‍ഷത്തെ മുഴുവന്‍ ഫീസും അജിത്ത് അടച്ചുവെന്ന വാര്‍ത്തയാണ് കേട്ടുകൊണ്ടിരുന്നത്. എട്ടുവര്‍ഷം അത് തുടരുകയും ചെയ്തു. തന്നോട് മാത്രമല്ല, അദ്ദേഹത്തോടൊപ്പം വര്‍ക്ക് ചെയ്തിട്ടുള്ള എല്ലാവര്ക്കും വീട് വച്ചു കൊടുത്തിട്ടുള്ള ഏക താരവും അജിത്താണെന്ന് മാരിമുത്തു തുറന്നു പറഞ്ഞിട്ടുണ്ട്. അജിത്ത് മുന്‍കോപിയാണെങ്കിലും മറ്റുള്ളവരോട് സ്നേഹത്തോടെ പെരുമാറാനും അവരെ സഹായിക്കാനും അദ്ദേഹം ഒരിക്കലും വിമുഖത കാട്ടിയിരുന്നില്ല. എല്ലാ തീരുമാനങ്ങളും വേഗത്തിലാണ് എടുക്കുക. എടുത്ത തീരുമാനങ്ങളില്‍ അദ്ദേഹം ഉറച്ചു നില്‍ക്കുകയും ചെയ്യും. ഒരു അഭിമുഖത്തില്‍ അജിത്തിനെ മാരിമുത്തു ഓര്‍ത്തെടുത്തത് ഇങ്ങനെയൊക്കെയാണ്.
പിന്നീട് അജിത്ത് പ്രശസ്തിയുടെ ഉയരങ്ങളിലേയ്ക്ക് എത്തിയപ്പോള്‍ പഴയതുപോലെ ഇടപഴകാന്‍ മാരിമുത്തുവിന് കഴിഞ്ഞില്ല. വീരം എന്ന സിനിമയ്ക്ക് ശേഷമാണ് അജിത്ത് സുഹൃത്തുക്കളില്‍നിന്നും അകലാന്‍ തുടങ്ങിയത്. അതിന് കാരണം അവരില്‍നിന്ന് നേരിട്ട ചതിയും വഞ്ചനയുമാണെന്നും മാരിമുത്തു പറഞ്ഞിരുന്നു. എന്നിരുന്നാലും തന്റെയുള്ളില്‍ അദ്ദേഹത്തോടുള്ള സൗഹൃദത്തിന് കുറവുണ്ടായിരുന്നില്ല. അതിന് പിന്നാലെയാണ് അജിത്തിനൊപ്പം അഭിനയിക്കാനുള്ള അവസരം മാരിമുത്തുവിനെ തേടിവന്നതും ആ സ്വപ്നം പൂവണിയുംമുമ്പേ ഈ ലോകത്തോട് വിട പറഞ്ഞതും.
Recent Comments