കന്നഡ താരം ധ്രുവ സര്‍ജ നായികനായി എത്തുന്ന പാന്‍ ഇന്ത്യന്‍ ചിത്രം മാര്‍ട്ടിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. കെ.ജി.എഫിന് ശേഷം കന്നഡയില്‍നിന്ന് മറ്റൊരു വിസ്മയിപ്പിക്കുന്ന ആക്ഷന്‍ ചിത്രം കൂടി എത്തുന്നുവെന്ന പ്രതീക്ഷയാണ് ട്രെയിലര്‍ നല്‍കുന്നത്. ഒരു മാസ് ഗെറ്റപ്പിലാണ് ധ്രുവ സര്‍ജ ചിത്രത്തിലെത്തുന്നത്. സ്ഫോടനാത്കമകമായ ആക്ഷന്‍ രംഗങ്ങളാല്‍ സമ്പന്നമാണ് ട്രെയിലര്‍. ഒക്ടോബര്‍ 11 ന് ചിത്രം പ്രദര്‍ശനത്തിനെത്തും.
പാകിസ്ഥാന് ജയിലില്‍ തടവിലാക്കപ്പെട്ട നായകന്റെ മാസ് എന്‍ട്രിയോടെയാണ് ട്രെയിലറിന്റെ തുടക്കം. ദേശസ്നേഹത്തിന്റെ കൂടി കഥയാണ് ചിത്രം പറയുന്നതെന്നും സൂചനയുണ്ട്. മാര്‍ച്ചിന് വളരെ ക്രൂരനാണെന്ന് ടീസറിലെ ഒരു കഥാപാത്രം പറയുന്നുണ്ട്. അതുപോലെ ഏറെ ക്രൂരമായ മാനറിസവും മലപോലെ ഭയപ്പെടുത്തുന്ന ശരീരവുമായാണ് ധ്രുവ സര്‍ജയെ കാണാനാകുക.
കന്നഡ, തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി എന്നീ ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുന്നത്. നടന് അര്ജുന് സര്ജയുടേതാണ് കഥ. വാസവി എന്റര്‍പ്രൈസസിന്റെ ബാനറില്‍ ഉദയ് കെ. മേത്ത, സുരാജ് ഉദയ് മേത്ത എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. എ.പി. അര്‍ജുനാണ് സംവിധായകന്. സംഗീതം രവി ബസ്രൂര്, മണി ശര്‍മ്മ. ഛായാഗ്രഹണം സത്യ ഹെഗ്ഡെ, എഡിറ്റര്‍ കെ.എം. പ്രകാശ്.
വൈഷ്ണവി ഷാന്ധില്യ, അന്വേഷി ജയിന്, ചിക്കണ്ണ, മാളവിക അവിനാഷ്, അച്യുത് കുമാര്‍, നികിറ്റിന്‍ ധീര്‍, നവാബ് ഷാ, രോഹിത് പതക് തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.
Recent Comments