ഈ വെള്ളിയാഴ്ച 13 ചിത്രങ്ങളാണ് കേരളത്തിലെ തീയേറ്ററുകളില്‍ റിലീസിന് എത്തുന്നത്. ഇതില്‍ 8 എണ്ണം മലയാള ചിത്രങ്ങളാണ്. ഒരു ആഴ്ചയുടെ ദൈര്‍ഘ്യം 7 ദിവസം. അപ്പോള്‍ എല്ലാ ദിവസവും ഒരു സിനിമ വീതം കണ്ടാല്‍ പോലും മുഴുവന്‍ സിനിമകളും കാണാന്‍ സാധിക്കില്ല. രണ്ടാമത്തെ ആഴ്ചയിലേക്ക് കാത്തിരിക്കാനും പറ്റില്ല. കാരണം അടുത്ത ആഴ്ചയിലും വരും ഏഴും എട്ടും സിനിമകള്‍ വേറെ.
സിനിമ പ്രേക്ഷകരെ വെല്ലുവിളിക്കുകയാണോ എന്ന് സംശയം തോന്നാം. മാസങ്ങളോളം അട വെച്ച് വിരിയിച്ചെടുത്ത കല പ്രദര്‍ശനത്തിന് വെക്കുമ്പോള്‍ വന്നു കാണേണ്ടത് പ്രേക്ഷകരുടെ ബാധ്യതയാണല്ലോ. ആ ബാധ്യതയെ തന്നെ വെല്ലുവിളിച്ചാലെ ഇന്‍ഡസ്ട്രി ഇനിയും മുന്നേറുകയുള്ളു. ഇത്തരമൊരു ചിന്താഗതി മനസ്സില്‍ വെച്ചാകണം സിനിമ പ്രവര്‍ത്തകര്‍ മാല പടക്കം പൊട്ടിക്കുന്ന മാതൃകയില്‍ റിലീസുകള്‍ നടത്തുന്നത്.
ഇത്തരം അബദ്ധ പഞ്ചാംഗങ്ങളായ പ്രവൃത്തികള്‍ കണ്ടില്ലെന്ന് നടിക്കാം. എന്നിട്ടും ‘അയ്യോ പ്രേക്ഷകര്‍ തീയറ്ററുകളിലേക്ക് വരുന്നില്ലെ ‘എന്ന കരച്ചിലാണ് സഹിക്കാന്‍ കഴിയാത്തത്. ഇത് ഏറ്റവും കൂടുതല്‍ ബാധിക്കാന്‍ പോകുന്നത് ഇതിനിടയില്‍ പെട്ടുപോയ നല്ല സിനിമകള്‍ക്കാണ്.
25 വര്‍ഷം മുമ്പ് ഹരികൃഷ്ണന്‍സും സമ്മര്‍ ഇന്‍ ബത്ലഹേമും പഞ്ചാബി ഹൗസും ഒരുമിച്ചാണ് ഇറങ്ങിയത്. മൂന്ന് ചിത്രങ്ങളും വലിയ ഹിറ്റുകളായ ചരിത്രം മലയാള സിനിമയ്ക്ക് അവകാശപ്പെടാനുണ്ട്. പക്ഷേ സൂചി കുത്തുന്ന ദ്വാരത്തില്‍ കത്തി കുത്തിയിറക്കിയതിന് ശേഷം വിലാപ ഗാനങ്ങള്‍ ആലപിക്കുന്നത് ശരിയല്ല. കെജിഎഫ്-2 വിനെ പേടിച്ച് എല്ലാ ചിത്രങ്ങളും മാളത്തില്‍ ഒളിച്ചിരുന്നതും മലയാള സിനിമ ചരിത്രത്തില്‍ വിസ്മരിക്കാന്‍ പാടുള്ളതല്ല.
റിലീസ് ഒരുമിച്ച് എന്ന പോലെ തന്നെ സിനിമകളുടെ എണ്ണവും ക്രമാതീതമായി വര്‍ധിക്കുകയാണ്. സിനിമ കുടില്‍ വ്യവസായം എന്ന നിലയിലേക്ക് തരം താഴ്ത്തപ്പെട്ടിരിക്കുന്നു. കയ്യില്‍ ക്യാമറ ഉള്ളവന് ക്യാമറാമാനും ഉച്ചത്തില്‍ ആക്ഷനും കട്ടും പറയുന്നവന് സംവിധായകനുമാണ് ഇന്ന്. സിനിമ എടുക്കാനുള്ള സ്വാതന്ത്ര്യത്തെ നിഷേധിക്കുകയല്ല, ഇത്രയും സിനിമകളുടെ ആവശ്യം നമ്മുടെ വിനോദ മേഖലയ്ക്ക് ഉണ്ടോ എന്ന ചോദ്യമാണ് പ്രേക്ഷകര്‍ക്ക് ഉള്ളത്.
ഈ വര്‍ഷം ഇത്രയധികം സിനിമകളിറങ്ങിയിട്ടും പ്രേക്ഷകരുടെ സജീവശ്രദ്ധ ആകര്ഷിക്കാനായവയുടെ എണ്ണം തുലോം തുച്ഛം. സിനിമകളുടെ എണ്ണം കൂടുന്നതിനനുസരിച്ച് തിയേറ്ററിലെത്തുന്ന പ്രേക്ഷകരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനയുണ്ടാകുന്നില്ലെന്ന് കണക്കുകള്‍ നിരത്തി തിയേറ്റര്‍ ഉടമകള്‍ പറയുന്നു. കൂടുതല്‍ സിനിമകള്‍ റിലീസ് ചെയ്യുന്നതു കൊണ്ടുമാത്രം സിനിമയില്‍ ബിസിനസ് നടക്കുന്നില്ലെന്നതാണ് യഥാര്‍ത്ഥ സത്യം.
Recent Comments