നടുക്കം മാറാതെ കേരളം; ദുരന്ത ഭൂമിയായി വയനാട്; മുണ്ടക്കൈ ചൂരല്‍മലയിലുണ്ടായ ഉരുള്‍പ്പൊട്ടലുകളില്‍ മരണം 118 ആയി. നിരവധി മൃതദേഹങ്ങള്‍ കണ്ടെത്തി. ഉരുള്‍പ്പൊട്ടലിനൊപ്പമെത്തിയ മലവെള്ളപ്പാച്ചിലും കൂറ്റന്‍ പാറക്കല്ലുകളും ഒരു പ്രദേശത്തെ തന്നെ തുടച്ചുമാറ്റിയ കാഴ്ചയാണ് കാണാനാകുന്നത്.
ഇന്ന് പുലര്‍ച്ചെ 2 മണിക്കാണ് വയനാട് മേപ്പാടിയില്‍ ആദ്യ ഉരുള്‍പോട്ടല്‍ ഉണ്ടായത്. തുടര്‍ന്ന് 4.10-ഓടെ വീണ്ടും ഉരുള്‍പൊട്ടി. പാലങ്ങളും റോഡുകളും ഒലിച്ചു പോയതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്കരമായി. ഇതുവരെ രക്ഷപ്പെടുത്തിയ നൂറുകണക്കിനാളുകള്‍ നിലവില്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.
വയനാട് മേപ്പാടിയില്‍ ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലും ഒറ്റപ്പെട്ടയിടങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവരെ എയര്‍ ലിഫ്റ്റ് ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയും ഇതിനായി വ്യോമസേനയുടെ 2 ഹെലികോപ്റ്ററുകള്‍ കോയമ്പത്തൂരിലെ സുലൂരില്‍നിന്ന് എത്തിച്ചു. കര -നാവികസേന സംഘം രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
12 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. ചൂരല്‍മല ഒലിച്ചു പോയതായാണ് റിപ്പോര്‍ട്ടുകള്‍. മുണ്ടക്കൈയിലേക്ക് പാലം നിര്‍മ്മിക്കാനുള്ള പ്രവര്‍ത്തനങ്ങളിലാണ് സൈന്യം. പാലം നിര്‍മ്മിച്ചാല്‍ മാത്രമേ രക്ഷാപ്രവര്‍ത്തനം സുഗമമായി നടത്തുവാന്‍ കഴിയൂ.
വയനാട് മുണ്ടക്കൈ ചൂരല്‍മലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ അഗാധമായ ദുഃഖം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രക്ഷാപ്രവര്‍ത്തനത്തിന് എല്ലാ സഹായവും അദ്ദേഹം വാഗ്ദാനം ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയനുമായി ഫോണില്‍ സ്ഥിതിഗതികള്‍ ചോദിച്ചറിയുകയും ചെയ്തു. വയനാടിലെ രക്ഷാപ്രവര്‍ത്തനത്തിന് എല്ലാ സഹായവും പ്രധാനമന്ത്രി വാഗ്ദാനം ചെയ്തു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് അന്‍പതിനായിരം രൂപയും സഹായം പ്രഖ്യാപിച്ചു.
പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും ദുരന്തത്തില്‍ ദുഃഖമറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയനുമായി ആശയവിനിമയം നടത്തി സഹായങ്ങള്‍ വാഗ്ദാനം ചെയ്തു. രക്ഷാപ്രവര്‍ത്തനത്തിന് സൈന്യത്തെ വിളിക്കണമെന്നും അദ്ദേഹം പറഞ്ഞു.
Recent Comments