ഉര്‍വശിക്കൊപ്പം ഇങ്ങനെ ആദ്യം
ഒരു പമ്പുസെറ്റും അതിനെച്ചൊല്ലി ഉണ്ടാകുന്ന പുകിലുമാണ് ‘ജലധാര പമ്പ്സെറ്റ് സിന്‍സ് 1962’ എന്ന ചിത്രം. ചിത്രത്തിന്റെ 49 സെക്കന്റ് ദൈര്‍ഘ്യമുള്ള സ്നീക്ക് പീക്ക് കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. ഉര്‍വശിയും ഇന്ദ്രന്‍സും തമ്മിലുള്ള കൗണ്ടര്‍ സംഭാഷണമാണ് സ്നീക്ക് പീക്കിന്റെ ആകര്‍ഷണം. ചിത്രത്തിന്റെ വിശേഷങ്ങളെ കുറിച്ച് ഇന്ദ്രന്‍സ് കാന്‍ ചാനല്‍ മീഡിയയോട് മനസു തുറക്കുന്നു.
ജലധാര പമ്പ്സെറ്റിലെ ഇന്ദ്രന്‍സിന്റെ കഥാപാത്രത്തിന്റെ സ്വഭാവം എങ്ങനെയാണ്?
ചിത്രത്തിലെ മിക്കവാറും സീനുകളും കോടതി പരിസരത്താണ് സംഭവിക്കുന്നത്. ഉര്‍വശിയുടെ കഥാപാത്രം ഒരു ടീച്ചറാണ്. എന്റെ കഥാപാത്രത്തിന് അവരുമായി ഒരു തര്‍ക്കം മാത്രമേ ഉള്ളൂ. ഒരു പമ്പ്സെറ്റിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ചുള്ള തര്‍ക്കമാണ് സിനിമയുടെ ഇതിവൃത്തം. ഉര്‍വശിയുടെ വീട്ടിലെ പമ്പ് കാണാനില്ല. തുടര്‍ന്ന് അവര്‍ കേസ് കൊടുക്കുന്നു. ആ കേസിന്റെ കഥയാണ് ചിത്രം പറയുന്നത്. ഇത് കൂടാതെ ഉര്‍വശിയുടെ കഥാപാത്രത്തിന്റെ ജീവിതം പറയുന്നുണ്ട്. അത് അവര്‍ക്കു തന്നെയേ അറിയൂ. ഞാന്‍ കോടതി രംഗങ്ങളിലേ ഉള്ളൂ.
ആദ്യമായാണോ ഉര്വശിയുമൊത്ത് ഒരു മുഴുനീള കഥാപാത്രത്തെ അവതരിപ്പിക്കുന്നത്?
ഉര്‍വശിക്കൊപ്പം ആദ്യമായിട്ടാണ് ഇങ്ങനെ ഒരു മുഴുനീള കഥാപാത്രം കിട്ടുന്നത്. മുമ്പ് ചെറിയ സീനുകളിലൊക്കെ അഭിനയിച്ചിട്ടുണ്ട്.
അടുത്തിടെ ഇന്ദ്രന്‍സ് ചെയ്യുന്ന കഥാപാത്രങ്ങളുടെ മാനറിസങ്ങള്‍ ഒന്നിനൊന്ന് വ്യത്യസ്തമാണ്. അത് എങ്ങനെയാണ് സാധ്യമാകുന്നത്?
എനിക്ക് ഇപ്പോള്‍ വ്യത്യസ്തമായ കഥാപാത്രങ്ങള്‍ കിട്ടുന്നുണ്ട്. ഒരുപക്ഷേ ഇങ്ങനെ പാകപ്പെട്ട കഥാപാത്രങ്ങള്‍ വരാന്‍ ഇത്രയും പ്രായമാകണമായിരിക്കണം. അങ്ങനെയാണ് എനിക്ക് തോന്നുന്നത്. ഇത്തരം കഥാപാത്രങ്ങളെ കിട്ടിയില്ലെങ്കില്‍ എനിക്ക് ഈ പറഞ്ഞ പ്രകടനങ്ങളൊന്നും കാഴ്ചവെക്കാന്‍ കഴിഞ്ഞേക്കില്ല. കഥാപാത്രങ്ങളുടെ സ്വഭാവമാണ് പ്രധാനം. അത് ഒരു ഭാഗ്യത്തിന് ഒത്തു വരുന്നതാവും.
ഇനി വരാനിരിക്കുന്ന ചിത്രങ്ങള്‍ ഏതൊക്കെയാണ്?
സുനില്‍ ഇബ്രാഹിം സംവിധാനം ചെയ്യുന്ന ‘ദ തേര്‍ഡ് മര്‍ഡര്‍’, രാജേഷ് ഇരുളം സംവിധാനം ചെയ്യുന്ന ‘നൊണ’, കുണ്ഢല പുരാണം, ഇതൊക്കെയാണ് റിലീസിനൊരുങ്ങുന്ന ചിത്രങ്ങള്‍.
Recent Comments