നീണ്ട ഇടവേളയ്ക്കുശേഷം മീരാ ജാസ്മിന് മലയാള സിനിമയിലേയ്ക്ക് തിരിച്ചെത്തുന്നു. സത്യന് അന്തിക്കാട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ജയറാമിന്റെ നായികയാണ് മീരാജാസ്മിന്.
സത്യന് അന്തിക്കാട് തന്നെയാണ് ഈ വിവരം തന്റെ ഫേസ്ബുക്കിലൂടെ പങ്കുവച്ചത്. ചിത്രത്തിന്റെ ഷൂട്ടിംഗ് ജൂലൈ പകുതിയോടെ ആരംഭിക്കും.
അച്ചുവിന്റെ അമ്മയിലെ നായികയായി മീരാജാസ്മിനെ ഒപ്പം കൂട്ടിയ സത്യന് തുടര്‍ന്ന് രസതന്ത്രം, വിനോദയാത്ര, ഇന്നത്തെ ചിന്താവിഷയം എന്നീ ചിത്രങ്ങളിലും മീര എന്ന അഭിനേത്രിയെ സമര്‍ത്ഥമായി ഉപയോഗിച്ചു.
ജയറാമിനോടൊപ്പം ഫോര്‍ ഫ്രണ്ട്സിലും ഒന്നുമറിയാതെയിലും നായികയായി അഭിനയിച്ചിട്ടുണ്ട്. എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത പൂമരത്തിലാണ് മീര ഏറ്റവും ഒടുവിലായി അഭിനയിച്ചത്.
2014 ലായിരുന്നു മീരയുടെ വിവാഹം. അതിനുശേഷവും രണ്ടുമൂന്ന് മലയാള സിനിമകളില്‍ അഭിനയിച്ചിരുന്നു. പിന്നീട് പൂര്‍ണ്ണമായും അഭിനയരംഗം വിട്ടു. ഇപ്പോള്‍ ദുബായിലാണ് സ്ഥിരതാമസം.
സത്യന്റെ നായികയായി മീര വീണ്ടും അരങ്ങിലേക്ക് എത്തുന്നതോടെ മറ്റൊരു മികച്ച അഭിനേത്രിയെ കൂടിയാണ് മലയാളസിനിമയ്ക്ക് തിരിച്ച് കിട്ടിയിരിക്കുന്നത്.
മോഹന്‍ലാല്‍- ശ്രീനിവാസന് കൂട്ടുകെട്ടില്‍ നിരവധി ഹിറ്റുകള്‍ സമ്മാനിച്ച സത്യന് ഇടക്കാലത്ത്് ലാല്‍ ചിത്രങ്ങളില്‍നിന്ന് വിട്ടുനിന്നതോടെ മലയാളത്തിന് ലഭിച്ച മറ്റൊരു സൗഭാഗ്യമാണ് സത്യന് ജയറാം ദ്വയം. നിരവധി മികച്ച ചിത്രങ്ങളാണ് ഈ കൂട്ടുകെട്ട് മലയാളസിനിമയ്ക്ക് സമ്മാനിച്ചത്. സന്ദേശം, തലയണമന്ത്രം, മനസ്സിനക്കരെ, ഇരട്ടക്കുട്ടികളുടെ അച്ഛന്, കഥ തുടരുന്നു, യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, തൂവല്‍കൊട്ടാരം എന്നിവ അവയില്‍ ചിലതുമാത്രം. സത്യനോടൊപ്പമുള്ള ഈ തിരിച്ചുവരവ് ജയറാമും ഏറെക്കാലമായി കാത്തിരുന്നതാണ്. തനിക്ക് ലഭിച്ച വിഷുസമ്മാനമെന്നാണ് പുതിയ ചിത്രത്തെ ജയറാം വിശേഷിപ്പിച്ചത്.
സത്യനുവേണ്ടി കഥയും തിരക്കഥയും സംഭാഷണവും എഴുതുന്നത് ഇക്ബാല്‍ കുറ്റിപ്പുറമാണ്. എസ്. കുമാറാണ് ഛായാഗ്രാഹകന്‍.
ഇന്നസെന്റ്, ശ്രീനിവാസന്, സിദ്ധിഖ്, ദേവികാ സഞ്ജയ് (ഞാന്‍ പ്രകാശന് ഫെയിം) എന്നിവരാണ് മറ്റഭിനേതാക്കള്‍. സെന്‍ട്രല്‍ പിക്ച്ചേഴ്സാണ് നിര്‍മ്മാണവും വിതരണവും. ഗാനരചന ഹരിനാരായണന്, സംഗീതസംവിധാനം വിഷ്ണു വിജയ്, കലാസംവിധാനം പ്രശാന്ത് മാധവന്, കോസ്റ്റ്യൂം ഡിസൈനര്‍ സമീറാ സനീഷ്, പ്രൊഡക്ഷന്‍ കണ്ട്രോളര് ബിജു തോമസ്, മേക്കപ്പ് പാണ്ഡ്യന്, സ്റ്റില്‍സ് മോമി.
Recent Comments