30 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു വീടും വീട്ടുകാരും മലയാള സിനിമയിലേക്ക് കടന്നുവന്നു. ആ വീടിന്റെ പേര് മേലേപ്പറമ്പില്‍ ആണ്‍വീട്. ബോക്സ് ഓഫീസ് വിജയം നേടിയ ചിത്രം മലയാളത്തിലെ ക്ലാസിക്കുകളില്‍ ഒന്നായി മാറി. പണ്ഡിതനെയും പാമരനെയും നിരൂപകനെയും ഒരുപോലെ നിര്‍ത്താതെ ചിരിപ്പിക്കുന്ന ചിത്രം വര്‍ഷങ്ങള്‍ക്ക് ശേഷവും ഓര്‍മ്മകളില്‍ നിറയുന്നു.
കട ബാധ്യത മൂര്‍ഛിച്ചപ്പോള്‍ അയ്യായിരം രൂപയ്ക്ക് ഗുഡ് നൈറ്റ് മോഹന്‍ ഗിരീഷ് പുത്തഞ്ചേരി ഒരു കഥ വില്‍ക്കുന്നു. ഈ കഥ നേരത്തെ കേട്ടിരുന്ന ജയറാം പ്രിയദര്‍ശനെ സംവിധായകനാക്കി എന്നെ നായകനാക്കാന്‍ പറ്റുമോ എന്ന് മോഹനോട് ചോദിച്ചു. മോഹന്‍ സമ്മതം മൂളി. ശ്രീനി സ്ക്രിപ്റ്റ് എഴുതട്ടെ എന്ന് പ്രിയനും പറഞ്ഞു. പക്ഷേ ആ പ്രോജക്ട് മുമ്പോട്ട് പോയില്ല.
അവിടെയാണ് രാജസേനന് എന്ന സംവിധായകന് രംഗത്ത് വരുന്നത്. ഗുഡ് നൈറ്റ് മോഹനില് നിന്ന് സ്ക്രിപ്റ്റ് മേടിച്ച രാജസേനന് രഘുനാഥ് പലേരിയെ സ്ക്രിപ്റ്റ് എഴുതാന്‍ ഏല്‍പ്പിച്ചു. മാണി സി കാപ്പന് നിര്‍മാണം ഏറ്റെടുത്തു.
ജഗതിയൊഴിച്ച് സ്ഥിരം വില്ലന്മാരായ വിജയരാഘവന്, നരേന്ദ്രപ്രസാദ്, എക്സ് വില്ലനായ ജനാര്ദ്ദനന് എന്നിവരും അണിനിരന്നു. ജനാര്‍ദ്ദന്‍ പകരം ഇന്നസെന്റിനെയായിരുന്നു ആദ്യം കാസ്റ്റ് ചെയ്തത്. എന്നാല്‍ ഡേറ്റ് ഒത്തുവരാത്തത് കാരണം ജനാര്‍ദ്ദനനിലേക്ക് എത്തിപ്പെടുകയായിരുന്നു.
ഒരു കോമഡി വേഷം ചെയ്യാന്‍ നരേന്ദ്ര പ്രസാദ് വിമൂഖത കാണിച്ചെങ്കിലും സീരിയസായി ബിഹേവ് ചെയ്താല്‍ മതി എന്നുള്ള സംവിധായകന്റെ ഉറപ്പ് ധൈര്യമായി. മീന എന്ന അഭിനയത്രിയുടെ കരിയര്‍ ബെസ്റ്റാണ് ആണ്‍വീട്ടിലെ കഥാപാത്രം. ഏറ്റവും സ്വഭാവികതയോടെയാണ് മീന ആ അമ്മ വേഷം കൈകാര്യം ചെയ്തത്.
കണ്ണുകള്‍ കൊണ്ട് സംഭാഷണം പറയുന്ന നായികയുടെ വേഷം ശോഭന ഗംഭീരമാക്കി. തിരക്കഥയില്‍ ഒരു പ്രാവശ്യം മാത്രമുള്ള വേലക്കാരിയായിരുന്നാലും നീ എന്‍ മോഹവല്ലി എന്ന ഡൈലോഗ് വീണ്ടും വീണ്ടും ആവര്‍ത്തിച്ച് ജഗതി ശ്രീകുമാര്‍ ഷൂട്ട് ചെയ്തു കൊണ്ടിരുന്ന ക്യാമറമാനെ വരെ ചിരിപ്പിച്ചു. പാന്റിടുന്ന സീന്‍ ജഗതി ശ്രീകുമാര്‍ എന്ന അതുല്യ പ്രതിഭയ്ക്കല്ലാതെ മറ്റാര്‍ക്കാണ് ഇത്രയും മനോഹരമാക്കാന്‍ പറ്റുക.
രഘുനാഥ് പലേരിയുടെ ഡൈലോഗുകളില്ലാതെ ആണ്വീടിനെ ഓര്‍ക്കാന്‍ കഴിയില്ല. ‘ഇത് എന്റെ ഗര്‍ഭം അല്ല’ എന്ന് ഒരിക്കലെങ്കിലും പറയാത്ത മലയാളി ഉണ്ടാവുകയില്ല. നാട്ടിന്‍പുറങ്ങളിലെ പുഴയുടെ വക്കുകളില്‍ യശോദേ വിളി ഇന്നും മുഴങ്ങി കേള്‍ക്കാറുണ്ട്. ‘ഇനി അവളെങ്ങാനും നിങ്ങളുടെ പേര് പറയുമോ’ എന്ന് ചോദിക്കുന്ന അമ്മ കഥാപാത്രവും, തിരിച്ച് ആട്ടുന്ന അച്ഛന് കഥാപാത്രവും മലയാളം അന്നേവരെ കാണാത്തവയായിരുന്നു.
മേലേപ്പറമ്പില്‍ ആണ്‍വീടിന്റെ രാഷ്ട്രിയം ഇന്ന് വരെ ആരും പറഞ്ഞ് കേട്ടട്ടില്ല. അനര്‍ഗള നിര്‍ഗളമായ തമാശകള്‍ക്കിടയിലും അതികഠിനമായ രാഷ്ട്രീയം സിനിമ പറഞ്ഞു വെക്കുന്നുണ്ട്. പുരുഷന്മാരിലൂടെ സ്ത്രീപക്ഷ സിനിമ പറയുക എന്ന സങ്കേതം അന്ന് ആണ്‍വീടിന്റെ തിരക്കഥയില്‍ ഉപയോഗിച്ചിട്ടുണ്ട്. ആഘോഷിക്കപ്പെടുന്ന പല സ്ത്രീപക്ഷ സിനിമകളുടെയും മുന്‍പെ പറന്ന പക്ഷിയാണ് ആണ്‍വീട്. അടുക്കളയില്‍ നീറി പുകയുന്ന സ്ത്രീ ജീവനുകളും ശൃംഗാര ഭാവത്തോടെ മാത്രം സ്ത്രീയെ സമീപിക്കുന്ന പുരുഷ സമൂഹത്തെയും ചിത്രം വരച്ചിടുന്നു.
ജയറാം രാജസേനന് സഖ്യം എന്നത് വിജയത്തിന്റെ പര്യയായമായി മേലേപ്പറമ്പില്‍ ആണ്‍വീട് രേഖപ്പെടുത്തി. സൗഹൃദത്തിനപ്പുറം ജയറാം എന്ന ജനപ്രീതിക്ക് അടിത്തറ പാകിയത് രാജസേനന് എന്ന പരിണതപ്രജ്ഞനായ സംവിധായകനാണ്. ആത്മസുഹൃത്തുക്കള്‍ ഒത്തുചേര്‍ന്നപ്പോള്‍ എല്ലാം വിജയത്തിന്റെ പാഞ്ചജന്യം വീണ്ടും വീണ്ടും മുഴങ്ങി. രാജസേനന്റെ രാജതന്ത്രങ്ങളില്ലാതെ മേലേപ്പറമ്പില്‍ ആണ്‍വീട് ഇത്രത്തോളം ആസ്വാദികരമാകില്ല എന്ന് തീര്‍ച്ച.
സിനിമയുടെ പ്രിവ്യൂ പ്രിയദര്‍ശനെയും ഗുഡ് നൈറ്റ് മോഹനെയും കാണിച്ചിരുന്നു. ഒരു 15 മിനുറ്റ് കട്ട് ചെയ്താല്‍ ഇത് ഒരു ക്ലാസിക്ക് സിനിമയാകും എന്ന് അവര്‍ പറഞ്ഞു. അങ്ങനെ ബോബി കൊട്ടാരക്കരയും കുടുംബവും വരുന്ന ഒരു എപ്പിസോഡ് അതെ പടി വെട്ടി മാറ്റപ്പെട്ടു.
200 ദിവസം ഓടിയ ചിത്രം അസമില്‍ വരെ റീമേക്ക് ചെയ്യപ്പെട്ടു . മേലേപ്പറമ്പില്‍ ആണ്‍വീട് എന്ന സിനിമയുടെ ജീവചരിത്രം ഇവിടെ തീരുന്നില്ല . കാരണം തലമുറകളില്‍ നിന്ന് തലമുറകളിലേക്ക് ചിരി ഒരു അണുബാധ പോലെ പടരുന്നു .പല്ലുകള്‍ മുളയ്ക്കുന്ന ആറ് വയസ്സ്കാരനും പല്ലുകള്‍ പൊഴിയുന്ന അറുപത് വയസ്സുകാരനും ആണ്വീടിനെ ഒരുപോലെ ഇഷ്ടപ്പെടുന്നു .
Recent Comments