ബാലേട്ടനെ ഞാനാദ്യമായി പരിചയപ്പെടുന്നത് ‘ഇവന് മേഘരൂപ’ന്റെ സെറ്റില്‍വച്ചാണ്. ബാലേട്ടന് ആദ്യമായും അവസാനമായും സംവിധാനം ചെയ്ത ചിത്രമായിരുന്നു അത്. തിരുവനന്തപുരത്തെ കുതിരമാളികയില്വച്ചായിരുന്നു ആദ്യ കൂടിക്കാഴ്ച. വളരെ പെട്ടെന്നാണ് ഞങ്ങള്‍ക്കിടയിലെ സൗഹൃദം ദൃഢപ്പെട്ടത്. അതിനുള്ള കാരണമെന്തെന്ന് എനിക്കിപ്പോഴും അജ്ഞാതമാണ്. പിന്നീട് പല സെറ്റുകളിലും വച്ചുകണ്ടു. ഇടയ്ക്ക് അങ്ങോട്ടുമിടങ്ങോട്ടും ഫോണ്‍ ചെയ്യും. സൗഹൃദത്തിന്റെ ദീപ്തി കരിപടരാതെ തെളിഞ്ഞു കത്തിയ നാളുകള്‍.
മോഹന്‍ലാലിനെക്കുറിച്ച് ഞാനെഴുതിയ നടനവിസ്മയം എന്ന പുസ്തകത്തിന്റെ പ്രകാശനത്തീയതി നിശ്ചയിക്കപ്പെട്ടു. അന്ന് ആ ചടങ്ങിലേയ്ക്ക് ക്ഷണിക്കപ്പെട്ടവരിലേറെയും പുസ്തകത്തിന്റെ നിര്‍മ്മിതിയില്‍ എന്നെ സഹായിച്ച നടന്മാരും സംവിധായകരും ടെക്നീഷ്യന്മാരും നിര്‍മ്മാതാക്കളുമായിരുന്നു. അതിനപ്പുറത്തേയ്ക്ക് മാറി ആ ചടങ്ങില്‍ നിര്‍ബ്ബന്ധമായി ഉണ്ടായിരിക്കണമെന്ന് എന്റെ മനസ്സ് വാശി പിടിച്ചൊരാള്‍ ബാലേട്ടനായിരുന്നു. എന്റെ ക്ഷണം അദ്ദേഹം ഹൃദയപൂര്‍വ്വം സ്വീകരിച്ചു. പറഞ്ഞതിനേക്കാളും നേരത്തേയെത്തി. മനോഹരമായൊരു പ്രസംഗവും നടത്തി. മോഹന്ലാലുപോലും തന്റെ മറുപടിപ്രസംഗം ഉപസംഹരിച്ചത് ബാലേട്ടന്റെ വാക്കുകളെ തൊട്ടായിരുന്നു. അദ്ദേഹത്തിന്റെ ചിന്തയുടെ ആഴവും പരപ്പും വെളിപ്പെട്ട അപൂര്‍വ്വം പ്രസംഗങ്ങളില്‍ ഒന്നുകൂടിയായിരുന്നു അത്.
നാനയില്‍ വര്‍ക്ക് ചെയ്തിരുന്ന സമയത്താണ് അദ്ദേഹത്തിന്റെ ഒരു കുടുംബചിത്രം വേണമെന്ന് ഞാന്‍ ആവശ്യപ്പെടുന്നത്. നാനയുടെ ഓണപ്പതിപ്പിന് വേണ്ടിയായിരുന്നു. അന്ന് മക്കളാരും സ്ഥലത്ത് ഇല്ലാതിരുന്നതുകൊണ്ട് മറ്റൊരവസരത്തിലാകാമെന്ന് എന്നോട് പറഞ്ഞു. ഈ ആവശ്യത്തിനുവേണ്ടിമാത്രം പലതവണ ഞാനദ്ദേഹത്തെ വിളിച്ചിരുന്നു. അപ്പോഴെല്ലാം ഓരോ തടസ്സങ്ങള്‍ അതിനെ മൂടിനിന്നു. മാസങ്ങള്‍ക്കിപ്പുറം ഒരു കുടുംബചിത്രം ബാലേട്ടന്തന്നെ ഫേസ്ബുക്കില്‍ പങ്കുവച്ചപ്പോള്‍ ഞാന്‍ വിളിച്ചു. അവരുടെ ഒത്തുചേരല്‍ എന്നെ അറിയിക്കാത്തതില്‍ പരിഭവപ്പെട്ടു. മറന്നുപോയതാണെന്ന് അദ്ദേഹം തുറന്നുപറഞ്ഞു. ഇനിയൊരവസരവസരമുണ്ടായാല് ഒരിക്കലും മിസ് ചെയ്യില്ലെന്നും വാക്കുതന്നു.
കോവിഡ് പൊട്ടിപ്പുറപ്പെട്ട നാളുകളില്‍ ഒരു ദിവസം പതിവുപോലെ ഞാനദ്ദേഹത്തെ വിളിച്ചു. അദ്ദേഹം മകളോടൊപ്പം തിരുവണ്ണാമലയിലായിരുന്നു. ലോക്ഡൗണ്‍ ആയതുകൊണ്ട് പുറത്തെവിടെയും ഇറങ്ങാന്‍ കഴിയാത്തതിന്റെ പരിഭവം അദ്ദേഹത്തിന്റെ വാക്കുകളിലുണ്ടായിരുന്നു. എങ്കിലും കൊച്ചുമക്കളോടൊപ്പം ചെലവിടാനായതിന്റെ സന്തോഷവും മറച്ചുവച്ചില്ല.
രണ്ടാഴ്ച കഴിഞ്ഞ് ഒരിക്കല്‍കൂടി ഞാനദ്ദേഹത്തെ വിളിച്ചു. ഇത്തവണ ഞാന്‍ എഴുതിക്കൊണ്ടിരുന്ന ഒരു പുസ്തകത്തെക്കുറിച്ചാണ് സംസാരിച്ചത്. മലയാളസിനിമയിലെ സ്വാഭാവികാഭിനയം. അതായിരുന്നു ആ പുസ്തകത്തിന് നല്‍കിയിരുന്ന തലക്കെട്ട്. എഴുതിയ അഞ്ച് അദ്ധ്യായങ്ങള്‍ അദ്ദേഹത്തിന്റെ വാട്ട്സ്ആപ്പിലേക്ക് അയച്ചുകൊടുത്തിരുന്നു. അത് വായിച്ചിട്ട് അഭിപ്രായം പറയണമെന്നും അതിനുശേഷമേ എഴുതുന്നതിനെക്കുറിച്ച് ആലോചിക്കുന്നുള്ളൂവെന്നും പറഞ്ഞു.
പിറ്റേന്ന് വൈകുന്നേരമായിട്ടും മറുപടിയൊന്നും ഉണ്ടാകാതെ വന്നപ്പോള്‍ ഞാന്‍ അദ്ദേഹത്തെ വിളിച്ചു. കാരണം അന്വേഷിച്ചു. എന്നോട് തുറന്നുപറയാന്‍ മടിയായതുകൊണ്ടുമാത്രം വിളിക്കാത്തതാണെന്ന് അദ്ദേഹം പറഞ്ഞു. എന്നിട്ട് അദ്ദേഹത്തിന്റെ വിയോജിപ്പുകള്‍ എന്നെ അറിയിച്ചു. അത് എഴുത്തിനെപ്രതിയായിരുന്നില്ല. സ്വാഭാവിക അഭിനേതാക്കളായി ഞാന്‍ തെരഞ്ഞെടുത്തിരുന്ന ചിലരെ ചൊല്ലിയായിരുന്നു. പകരം അദ്ദേഹം വേറെ ചില പേരുകള്‍ പറഞ്ഞു. ഇത് തന്റെമാത്രം അഭിപ്രായമാണെന്നും എന്നോട് എഴുത്ത് തുടര്‍ന്നുകൊള്ളാനും അദ്ദേഹം ആവശ്യപ്പെട്ടു. എന്റെ നിലപാട് വിശദീകരിക്കാന്‍ നിന്നില്ല. പകരം അദ്ദേഹത്തിന്റെ അഭിപ്രായത്തെ മാനിക്കുകയായിരുന്നു. തുടര്‍ന്നിങ്ങോട്ട് ഒരു വാക്കുപോലും ഞാനാ പുസ്തകത്തിനുവേണ്ടി എഴുതിയിട്ടില്ല.
ആഴ്ചകള്‍ക്കിപ്പുറം ടി.കെ. രാജീവ്കുമാര്‍ വഴിയാണ് ബാലേട്ടന് മസ്തിഷ്കജ്വരം ബാധിച്ച് ഹോസ്പിറ്റലിലാണെന്നറിയുന്നത്. രണ്ടുതവണ അദ്ദേഹത്തിന്റെ ഫോണിലേക്ക് വിളിച്ചെങ്കിലും ആരും എടുത്തില്ല. പിന്നീടുള്ള വിവരങ്ങളെല്ലാമറിഞ്ഞത് ടി.കെയില്‍നിന്നാണ്. വൈക്കത്തെ ഹോസ്പിറ്റലില്‍നിന്ന് അദ്ദേഹത്തെ അമൃതയിലേയ്ക്ക് മാറ്റിയതും അവിടുത്തെ ചികിത്സയ്ക്കുശേഷം ഡിസ്ചാര്‍ജ് വാങ്ങി വീട്ടിലെത്തിയതുമെല്ലാം. മിക്കവാറും അബോധാവസ്ഥയിലായിരുന്നു ബാലേട്ടന്. ഇടയ്ക്ക് ബോധം തെളിയുമ്പോള്‍ ചിലരെ ഓര്‍ത്തെടുക്കും. ആയിടെ ഒരിക്കല്‍കൂടി ബാലേട്ടന്റെ ഫോണിലേയ്ക്ക് വിളിച്ചു. മകന് ശ്രീകാന്താണ് ഫോണെടുത്തത്. അച്ഛന്റെ അസുഖവിവരം അന്വേഷിച്ചു. വാര്‍ത്ത കൊടുക്കട്ടെ എന്ന് ചോദിച്ചപ്പോള്‍ വേണ്ടെന്നായിരുന്നു സ്നേഹപൂര്‍വ്വമുള്ള മറുപടി.
ഇന്ന് അതിരാവിലെയാണ് ആ വാര്‍ത്ത അറിഞ്ഞത്. ഒരായുസ്സു മുഴുവനും ചിന്തകളോട് കലഹിക്കുകയും അതിനുവേണ്ടി ഉരുവപ്പെടുകയും ചെയ്തിരുന്ന ശരീരം നിശ്ചലമായിരിക്കുന്നു. ശരീരം ഒരു ഉപകരണം മാത്രമാണല്ലോ, അതിലൊതുങ്ങാത്തതുകൊണ്ടാവാം ആ കൂടുവിട്ട് അദ്ദേഹം പുറത്ത് പോയത്. ഇനി മറ്റൊരു ശരീരിയായി അദ്ദേഹം പുറത്ത് വരുമായിരിക്കാം. അറിയില്ല. പക്ഷേ ഒന്നോത്തുവിതുമ്പാന് എനിക്ക് ആ ഓര്‍മ്മകള്‍ മാത്രം മതി.
Recent Comments