സംഗീത സംവിധായകന് എം.എസ്. വിശ്വനാഥന് മലയാളത്തിന് നല്കിയ ഏറ്റവും വലിയ സംഭാവനയാണ് പി ജയചന്ദ്രന്. മലയാളികളുടെ ഈ ഭാവഗായകന് ഇന്ന് എണ്‍പതാം പിറന്നാള്‍.
ജയചന്ദ്രന് എന്ന ഗായകനെ മലയാളത്തില്‍ അവതരിപ്പിച്ചതോ ആദ്യകാല ഗാനങ്ങള്‍ നല്കിയതോ വിശ്വനാഥന് അല്ല. ദേവരാജന്‍ മാഷിന്റെ കളരിയിലാണ് അതെല്ലാം സംഭവിച്ചത്. പക്ഷേ, ജയചന്ദ്രന് എന്ന ഗായകന്റെ സാധ്യതകളെ പുറത്തെടുത്ത സംഗീത സംവിധായകന് എം.എസ്. വിശ്വനാഥനാണ്.
ചലച്ചിത്രഗാന കമ്പനികള്‍ക്ക് ഗായകരെ തീരുമാനിക്കുന്നതില്‍ നിര്‍ണായക സ്വാധീനമുണ്ടായിരുന്ന കാലത്ത് സംഗീത കമ്പനികള്‍ മുന്‍ഗണന നല്കിയിരുന്നതു യേശുദാസിനു തന്നെയായിരുന്നു. ആ സ്വാധീനത്തെ മറികടക്കാന്‍ എം.എസ്.വിക്കും കഴിഞ്ഞില്ല. പാട്ടുകളുടെ എണ്ണം ശ്രദ്ധിച്ചാല്‍ ഇത് വ്യക്തമാണ്.
എം.എസ്.വി മലയാളത്തില്‍ സംഗീതം നല്കിയ 340 സിനിമാഗാനങ്ങളില്‍ 75 എണ്ണം യേശുദാസ് പാടിയപ്പോള്‍ വെറും 36 എണ്ണം മാത്രമേ ജയചന്ദ്രന് പാടിയിട്ടുള്ളൂ. പക്ഷേ, നിലവാരം പരിശോധിക്കുമ്പോള്‍ ആ 36 എണ്ണം എം.എസ്.വിയുടെ ഏറ്റവും നല്ല മലയാള ഈണങ്ങളാവുന്നു. നീലഗിരിയുടെ സഖികളേ (പണിതീരാത്ത വീട്), സ്വര്‍ണഗോപുര നര്‍ത്തകീ ശില്പം (ദിവ്യദര്‍ശനം), രാജീവ നയനേ (ചന്ദ്രകാന്തം) തുടങ്ങിയവ ഇതിന് ഉദാഹരണങ്ങളാണ്.
ചിട്ടകളില്‍ ഊന്നാത്ത അനായാസമായ ജയചന്ദ്രന്റെ ആലാപനം എം.എസ്.വിയുടെ സംഗീതശൈലിയോട് ഏറ്റവും ചേര്‍ന്നു നില്ക്കുന്നു. കൂടുതല്‍ വെല്ലുവിളികളുള്ള പാട്ടുകള്‍ക്കു നിയോഗിക്കപ്പെട്ടതും ജയചന്ദ്രനായിരുന്നു. രാജീവ നയനേ എന്ന ഗാനം ജയചന്ദ്രന്റെ സംഗീതജീവിതത്തിലെ നാഴികക്കല്ലുമായി. ഈ ഗാനത്തിന്റെ ആലാപനത്തില്‍ ആകൃഷ്ടനായ എംജിആര്‍ ശബ്ദത്തിന്റെ ഉടമയെ തന്റെ അടുത്ത ചിത്രത്തില്‍ പാടിക്കണമെന്ന് എം.എസ്.വിയോട് ആവശ്യപ്പെട്ടു. അങ്ങനെയാണ് എംജിആറിന്റെ ‘മധുരമീട്ട സുന്ദര പാണ്ഡ്യന്’ എന്ന സിനിമയില്‍ ‘അമുദത്തമിഴില്‍ എഴുതും കവിതൈ…’ എന്ന സൂപ്പര്‍ ഹിറ്റ് ഡ്യൂയറ്റ് ജയചന്ദ്രനു ലഭിച്ചത്.
1944 മാര്‍ച്ച് 3 ന് എറണാകുളം ജില്ലയിലെ രവിപുരത്ത് ഭദ്രാലയത്തിലാണ് ജയചന്ദ്രന് ജനിച്ചത്. ജയചന്ദ്രന് ചെറുപ്പത്തില്‍ തന്നെ സംസ്ഥാന സ്കൂള്‍ യുവജനോത്സവത്തില്‍ മൃദംഗ വായന, ലൈറ്റ് മ്യൂസിക് എന്നിവയില്‍ നിരവധി സമ്മാനങ്ങള്‍ നേടിയിരുന്നു. 1958 ലെ സംസ്ഥാന യുവജനമേളയില്‍ പങ്കെടുക്കവേ ജയചന്ദ്രന് തന്റെ സമകാലികനായ യേശുദാസിനെ കണ്ടുമുട്ടുകയും മികച്ച ക്ലാസിക്കല്‍ ഗായകനുള്ള പുരസ്കാരം യേശുദാസ് നേടിയപ്പോള്‍ അതേ വര്‍ഷം മികച്ച മൃദംഗവിദ്വാനുള്ള അവാര്‍ഡ് നേടുകയും ചെയ്തിരുന്നു. കുഞ്ഞാലി മരയ്ക്കാര്‍ എന്ന ചിത്രത്തിനു വേണ്ടിയാണ് ആദ്യം പാടിയതെങ്കിലും, ആദ്യം പുറത്തു വന്നത് കളിത്തോഴന്‍ എന്ന ചിത്രത്തിനു വേണ്ടി പാടിയത് മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി എന്നു തുടങ്ങുന്ന ഗാനമാണ്.
ഒരു തവണ മികച്ച പിന്നണി ഗായകനുള്ള ദേശീയ പുരസ്കാരം നേടിയ ജയചന്ദ്രന് അഞ്ചുതവണ മികച്ച പിന്നണി ഗായകനുള്ള കേരള സംസ്ഥാന അവാര്‍ഡുകളും നാലു തവണ തമിഴ്നാട് സംസ്ഥാന അവാര്‍ഡുകളും നേടിയിട്ടുണ്ട്.
Recent Comments