ഒരു താരനിര്‍ണ്ണയം കൊണ്ട് ദേശിയ തലത്തില്‍ ശ്രദ്ധ ആകര്‍ഷിച്ച സിനിമയാണ് ‘ലൈഗര്‍’. തെലുങ്ക് യുവതാരം വിജയ് ദേവരകൊണ്ട പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍, ബോക്സിങ് ഇതിഹാസം മൈക്ക് ടൈസണ്‍ ഒരു സുപ്രധാന വേഷം കൈകാര്യം ചെയ്യുന്നു.
നിരവധി ഹോളിവുഡ് ചിത്രങ്ങളില്‍ അഭിനയിച്ചെങ്കിലും മൈക് ടൈസണ്‍ ഇന്ത്യന്‍ സിനിമയില്‍ മുഖം കാണിക്കുന്നത് ഇതാദ്യമാണ്. താരത്തെ ഇന്ത്യന്‍ സിനിമയിലേക്കെത്തിക്കുന്നു എന്ന വാര്‍ത്ത സംവിധായകന് കരണ്‍ ജോഹറാണ് ട്വിറ്ററിലൂടെ അറിയിച്ചത്. വിജയ് ദേവരകൊണ്ടയും മൈക്ക് ടൈസണുമുളള സിനിമയുടെ പോസ്റ്റര്‍ കരണ്‍ജോഹര്‍ പുറത്തുവിട്ടിരുന്നു.
മിക്സഡ് മാര്‍ഷ്യല്‍ ആര്‍ട്ട് ചെയ്യുന്ന നായകനായി വിജയ് ദേവരകൊണ്ട എത്തുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് തെലുങ്കിലെ ഹിറ്റ്മേക്കര് പുരി ജഗന്നാഥ് ആണ്.
വെള്ളിത്തിരയില്‍ കുറഞ്ഞ സമയദൈര്‍ഘ്യം മാത്രമേ മൈക് ടൈസന്റെ കഥാപാത്രത്തിനുള്ളൂ. പക്ഷേ പ്രതിഫലത്തിന്റെ കാര്യത്തില്‍ ദേവരകൊണ്ട വാങ്ങുന്നതിനേക്കാള്‍ ഉയര്‍ന്ന പ്രതിഫലമാണ് ടൈസണ്‍ വാങ്ങുന്നത്. എന്നാല്‍ തുക എത്രയെന്ന വിവരം പുറത്തു വിട്ടിട്ടില്ല.
ധര്‍മ്മ പ്രൊഡക്ഷന്‍സ്, പുരി കണക്റ്റ്സ് എന്നീ ബാനറുകളില്‍ കരണ്‍ ജോഹര്‍, ചാര്‍മി കൗര്‍, അപൂര്‍വ്വ മെഹ്ത, ഹിരൂ യാഷ് ജോഹര്‍, പുരി ജഗന്നാഥ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. അനന്യ പാണ്ഡെ നായികയാവുന്ന ചിത്രത്തില്‍ രമ്യ കൃഷ്ണന്, റോണിത് റോയ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നിലവില്‍ സിനിമയുടെ ചിത്രീകരണം ഗോവയില്‍ പുരോഗമിക്കുകയാണ്.
വളരെ വിരളമായാണ് ഇന്ത്യന്‍ സിനിമകളില്‍ ഹോളിവുഡ് സ്റ്റാര്‍ കാസ്റ്റിംഗ് സംഭവിക്കുന്നത്. മുന്‍പ് അക്ഷയ് കുമാര്‍ ചിത്രമായ ‘കംബക്ത് ഇഷ്ക്’ല്‍ ഹോളിവുഡ് സൂപ്പര്‍ ആക്ഷന്‍ സ്റ്റാര്‍ സില്‍വസ്റ്റര്‍ സ്റ്റാലോണ്‍ അതിഥി വേഷത്തില്‍ എത്തിയിരുന്നു. 2009ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ ഹോളിവുഡ് നടി ഡെനിസ് റീചാര്ഡ്സും ഒരു ക്യാമിയോ റോള്‍ ചെയ്തിരുന്നു. കൂടതെ അമിതാബ് ബച്ചന് ചിത്രമായ ‘ടീന്‍ പറ്റി ‘ല്‍ (2010) ബെന്‍ കീസ്ലിയും ഒരു ശ്രദ്ധേയ വേഷം ചെയ്തു. ശങ്കര്‍ ചിത്രമായ 2.0 ല്‍ ഹോളിവുഡ് ആക്ഷന്‍ കിങ് അര്‍ണോള്‍ഡ് സ്വാസ്നഗര് വില്ലന്‍ വേഷം ചെയ്യുവാന്‍ എത്തുമെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. ശങ്കര്‍ -വിക്രം ചിത്രമായ ‘ഐ’ സിനിമയുടെ ഓഡിയോ ലോഞ്ചിന് താരം എത്തിയത് പ്രേക്ഷകരില്‍ പ്രതീക്ഷ ഇരട്ടിപ്പിച്ചു . എന്നാല്‍ പല കാരണങ്ങളാല്‍ അര്‍ണോള്‍ഡ് ചിത്രത്തില്‍ നിന്ന് പിന്മാറി, പിന്നീട് ആ വേഷം അക്ഷയ് കുമാര്‍ ചെയ്യുകയായിരുന്നു. വീണ്ടും ഇന്ത്യന്‍ സിനിമകളില്‍ ഹോളിവുഡ് താരം എത്തുമ്പോള്‍ അന്തര്‍ദേശീയ തലത്തിലേക്ക് ഇന്ത്യന്‍ സിനിമകള്‍ ശ്രദ്ധപിടിച്ച് പറ്റും എന്നാണ് പ്രതീക്ഷിക്കുന്നത്.
Recent Comments