ഇടതുമുന്നണിയിലെ ഘടകക്ഷിയായ എൻ സിപി യിൽ ആഭ്യന്തര കലാപം ;പാർട്ടിയിൽ പിളർപ്പുണ്ടാവുമെന്ന് സൂചന . എ.കെ. ശശീന്ദ്രനെ മന്ത്രിസ്ഥാനത്ത് നിന്നും മാറ്റി പകരം കുട്ടനാട് എംഎൽഎ തോമസ് കെ. തോമസ് മന്ത്രിയാക്കുമെന്ന് എൻസിപി സംസ്ഥാന അധ്യക്ഷൻ പി.സി. ചാക്കോ മാധ്യമങ്ങളോട് വെളിപ്പെടുത്തിയതോടെയാണ് പാർട്ടിയിൽ രൂക്ഷമായ പ്രതിസന്ധി ഉടലെടുത്തത്.
പാർട്ടി ദേശീയ അധ്യക്ഷൻ ശരദ് പവാർ എ.കെ. ശശീന്ദ്രനെ മന്ത്രിസ്ഥാനത്ത് നിന്നും മാറ്റി പകരം കുട്ടനാട് എംഎൽഎ തോമസ് കെ. തോമസ് മന്ത്രിയാക്കാൻ തീരുമാനിച്ചുയെന്നാണ് പി സി ചാക്കോ വ്യക്തമാക്കിയത് .എന്നാൽ അത് സംബന്ധിച്ച് ഒരു ചർച്ചയും പാർട്ടി ഭാരവാഹികളുമായി നടത്തിയിട്ടില്ലെന്നാണ് ചാക്കോ വിരുദ്ധർ വ്യക്തമാക്കിയത്.
പാർട്ടിയുടെ വർക്കിങ് കമ്മിറ്റിയംഗവും മന്ത്രിയുമായ ശശീന്ദ്രനോട് ഇതുവരെ മന്ത്രിസ്ഥാനത്ത് നിന്നും മാറണമെന്ന് ശരദ് പവാർ നിര്ദേശിച്ചിട്ടില്ല .ഇത് സംബന്ധിച്ച് ശശീന്ദ്രനുമായി ദേശീയ നേതൃത്വം ഒരു വിധത്തിലുള്ള ആശയ വിനിമയവും നടത്തിയിട്ടില്ലെന്നാണ് ശശീന്ദ്രനുമായി ബന്ധപ്പെട്ട വൃത്തങ്ങൾ കാൻ ചാനൽ മീഡിയ പ്രതിനിധിയോട് പറഞ്ഞത് .പാർട്ടി ഭാരവാഹി യോഗവും എക്സിക്യൂട്ടീവ് യോഗവും മന്ത്രിയെ മാറ്റാൻ തീരുമാനം എടുത്തില്ല .ഇതുവരെ യോഗങ്ങൾ കൂടിയിട്ടു പോലുമില്ല . പിന്നെ എങ്ങനെയാണ് മന്ത്രിയെ മാറ്റുക.എൻ സി പി ഒരു ജനാധിപത്യ പാർട്ടിയാണെന്നും ചർച്ചകൾക്കു ശേഷം മാത്രമേ ഇത് സംബന്ധിച്ച തീരുമാനം എടുക്കുകയുള്ളൂയെന്നും ശശീന്ദ്രനുമായി ബന്ധപ്പെട്ട വൃത്തങ്ങൾ കൂട്ടിച്ചേർത്തു.
ദേശീയ അധ്യക്ഷൻ ശരദ് പവാറിന്റെ നിർദേശപ്രകാരം ശശീന്ദ്രനും തോമസിനുമൊപ്പം ഒക്ടോബർ മൂന്നിനു മുഖ്യമന്ത്രിയെ കാണുമെന്നു പി.സി. ചാക്കോ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാൽ അതുസംബന്ധിച്ച് ഒരു വിധത്തിലുള്ള കൂടിയാലോചനകളും പാർട്ടിയിൽ നടന്നിട്ടില്ലെന്നും മന്ത്രി മാറ്റത്തെക്കുറിച്ച് എ കെ ശശീന്ദ്രനു ഒന്നുമറിയില്ലെന്നുമാണ് ചില സീനിയർ നേതാക്കൾ അഭിപ്രായപ്പെട്ടത്.
മന്ത്രിസ്ഥാനത്തിന്റെ പേരിലുള്ള തർക്കം എൻസിപിയെ പിളർപ്പിലേക്കെത്തിക്കുമോ എന്ന വാർത്തകൾക്കിടയിലാണ് പാർട്ടി അധ്യക്ഷൻ പി സി ചാക്കോ തോമസ് കെ തോമസിനെ മന്തിയാക്കുമെന്ന് പ്രഖ്യാപിച്ചത് . പി സി ചാക്കോ ഏകപക്ഷീയമായാണ് കാര്യങ്ങൾ തീരുമാനിക്കുന്നതെന്നാണ് ആക്ഷേപം
ശശീന്ദ്രൻ മാറണമെന്ന പാർട്ടി തീരുമാനം മുഖ്യമന്ത്രിയെ അറിയിക്കുമെന്ന് മാധ്യമങ്ങളോട് പറഞ്ഞ ചാക്കോയുടെ തീരുമാനത്തോട് ശശീന്ദ്രൻ പരസ്യ പ്രതികരണം ഇതുവരെ നടത്തിയിട്ടില്ല. അതേസമയം തനിക്കൊപ്പം നിൽക്കുന്ന പരമാവധി നേതാക്കളെ സംഘടിപ്പിക്കാനുള്ള നീക്കം അണിയറയിൽ ശശീന്ദ്രൻ നടത്തുന്നുണ്ട്. പാർട്ടിയിൽ രണ്ടഭിപ്രായമുണ്ടെന്നു വന്നാൽ അന്തിമ തീരുമാനം നീളുമെന്നാണ് എ കെ ശശീന്ദ്രൻ പ്രതീക്ഷിക്കുന്നത്.
എന്നാൽ ശരദ് പവാറിന്റെയും പി.സി. ചാക്കോയുടെയും ആവശ്യം മുന്നണിക്ക് അംഗീകരിക്കേണ്ടി വരുമെന്നാണ് തോമസ് കെ. തോമസിന്റെ പ്രതീക്ഷ. എൻസിപിയിലെ രണ്ട് എംഎൽഎമാരും രണ്ടര വർഷം വീതം മന്ത്രിസ്ഥാനം പങ്കിടണമെന്ന് 2021ലെ തെരഞ്ഞെടുപ്പിനുശേഷം തോമസ് കെ. തോമസ് ആവശ്യപ്പെട്ടെങ്കിലും അംഗീകരിക്കപ്പെട്ടിരുന്നില്ല. അതിനിടെയാണ് കോൺഗ്രസിൽനിന്നു പി.സി. ചാക്കോയെത്തി എൻസിപി സംസ്ഥാന പ്രസിഡന്റായി ചുമതലയേറ്റത്.അതോടെയാണ് തോമസ് കെ തോമസിനെ മന്ത്രിയാക്കുവാനുള്ള നീക്കങ്ങൾ സജീവമായത് .അതിനൊരു കാരണം ചാക്കോയെപോലെ തോമസും മുൻ കോൺഗ്രസുകാരനാണ് .
എൻസിപി ഇപ്പോൾ പൂർണമായും കോൺഗ്രസിൽ നിന്നും ചേക്കേറിയവരുടെ കൈകളിലെത്തിയെന്നും ശശീന്ദ്രൻ പക്ഷം ആരോപിക്കുന്നുണ്ട്.എൻ സി പിയിലെ സീനിയർ നേതാക്കളെ പുറത്താക്കി ഇന്നലെകളിൽ പാർട്ടിയിൽ കടന്നുകൂടിയ മുൻ കോൺഗ്രസുകാരെ പ്രധാന പദവികളിൽ പ്രതിഷ്ഠിക്കുകയാണ് പിസി ചാക്കോ ചെയ്യുന്നത് എന്ന് പരാതികളുണ്ട് .കുട്ടനാട് എംഎൽഎ തോമസ് കെ തോമസ് അടുത്ത കാലത്ത് കോൺഗ്രസിൽ നിന്നെത്തിയതാണ് .സഹോദരനായ തോമസ് ചാണ്ടിയോടൊപ്പം കരുണാകരന്റെ ഡിഐസിയിൽ നിന്നാണ് തോമസ് കെ തോമസ് എന്സിപിയിൽ പ്രവേശിച്ചത്.
Recent Comments