ഉത്തര കന്നഡയിലെ ഷിരൂരില്‍ മണ്ണ് ഇടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനായുള്ള തിരച്ചില്‍ പന്ത്രണ്ടാം ദിവസത്തിലേക്ക് കടന്നു. ഇന്ന് കൂടുതല്‍ സംവിധാനങ്ങള്‍ എത്തിച്ച് തിരച്ചില്‍ നടത്തുമെന്നാണ് വിവരം. ഇന്നലെ കിട്ടിയ സിഗ്നല്‍ കേന്ദ്രീകരിച്ചാവും ഇന്നത്തെ തിരച്ചില്‍. സംസ്ഥാന മന്ത്രിമാരായ മുഹമ്മദ് റിയാസും എ.കെ ശശീന്ദ്രനും ഷിരൂരില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്.
ഗംഗാവലി പുഴയിലെ അടിയൊഴുക്ക് കാരണം മുങ്ങല്‍ വിദഗ്ദ്ധര്‍ കാര്യമായി ഒന്നും ചെയ്യുവാന്‍ കഴിയുന്നില്ല. ഒഴുകുന്ന പാലത്തിന്റെ നിര്‍മാണം ഇന്ന് ആരംഭിക്കും. ഉച്ചയോടെ പാലത്തിന്റെ നിര്‍മാണം തുടങ്ങിയേക്കും. അതേസമയം പ്രദേശത്ത് കനത്ത മഴയാണ്. ഉത്തര കന്നഡ ജില്ലയില്‍ ഇന്നും ഓറഞ്ച് അലര്‍ട്ട് ആണ്. റിട്ട. മേജര്‍ ജനറല്‍ ഇന്ദ്രബാലിന്റെ നേതൃത്വത്തില്‍ വിദഗ്ദ്ധ സംഘം നടത്തിയ പരിശോധനയില്‍ നാലിടത്ത് സിഗ്നല്‍ ലഭിച്ചിരുന്നു.
ഒരു ലോറി ഒഴുകി പോകുന്നത് കണ്ടതായി ഇന്നലെ (ജൂലൈ 26) പോലീസിനു വിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് നാലാമത്തെ സിഗ്നല്‍ ലഭിച്ചത്. രക്ഷാദൗത്യവുമായി ബന്ധപ്പെട്ട സംയുക്ത പരിശോധന റിപ്പോര്‍ട്ട് ദൗത്യസംഘം ഉടന്‍ കലക്ടര്‍ക്ക് കൈമാറും.
Recent Comments