ബാംഗ്ളൂരിനേക്കാള് കൊച്ചിയില്‍ മയക്കുമരുന്നു സുലഭമാണെന്ന് മോഡല്‍ അല്‍ക്കാ ബോണി. ന്യൂസ് 18 വാത്ത ചാനലിനു നല്കിയ അഭിമുഖത്തിലാണ് അവരുടെ വെളിപ്പെടുത്തല്‍. കഴിഞ്ഞ ദിവസമാണ് മയക്കുമരുന്നായ കൊക്കെയ്നുമായി അല്‍ക്കാ ബോണിയും സംഘവും പോലീസ് പിടിയിലായത്. ഫ്ളാറ്റില്‍ തന്റെ ബര്‍ത്ത് ഡേ ആഘോഷിക്കാന്‍ ഒരുങ്ങുമ്പോഴാണ് പോലീസ് പരിശോധന നടന്നതെന്ന് അവര്‍ വ്യക്തമാക്കി. കൊക്കെയ്ന്‍ എത്തിച്ചത് യുവാവായ സുഹൃത്താണെന്നാണ് അഭിമുഖത്തില്‍ അല്‍ക്കാ ബോണി പറഞ്ഞത്.
അന്ന് ആറുപേരെയാണ് പോലീസ് പിടികൂടിയത്. എറണാകുളം ജില്ലയില്‍ വരാപ്പുഴ വേവുകാട്ടില് അല്‍ക്കാ ബോണി(22), തൃശൂര്‍ സ്വദേശി അബില്‍ ലൈജു(18), പാലക്കാട് സ്വദേശികളായ ആഷിഖ് അന്‍സാരി (22), എംസി സൂരജ് (26), രഞ്ജിത്ത് (24), മുഹമ്മദ് അസര്‍ (18) എന്നിവരാണവര്‍. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മിഥുന് മാധവ്, അജിത്ത് എന്നിവര്‍ പോലീസ് എത്തുന്നതിനു മുമ്പ് സ്ഥലം വിട്ടിരുന്നു. കൊക്കെയ്നും കഞ്ചാവും ഉള്‍പ്പെടെ രാസലഹരി വസ്തുക്കള്‍ പ്രതികളില്‍നിന്നും പിടിച്ചിരുന്നു. എറണാകുളം നഗരത്തിലെ എളമക്കരയിലെ വൈറ്റ് ഹൗസ് ഫ്ളാറ്റിലെ 401 നമ്പര്‍ മുറിയിലായിരുന്നു ഈ സംഘം താമസിച്ചത്. പോലീസ് എത്തിയപ്പോള്‍ അല്‍ക്കാ ബോണി ഉള്‍പ്പെടെയുള്ളവര്‍ അബോധാവസ്ഥയിലായിരുന്നു. ഈ ലോഡ്ജില്‍ താമസിച്ചാണ് ലഹരി കച്ചവടം നടത്തിയിരുന്നത് എന്നാണ് പോലീസ് പറഞ്ഞത്. ഇവര്‍ താമസിച്ചിരുന്ന മുറിയിലെ കട്ടിലിനടിയില്‍ നിന്നും ഒരു ഗ്രാം കൊക്കെയ്ന്‍, ഒന്നരഗ്രാം രാസലഹരി, എട്ട് ഗ്രാം കഞ്ചാവാണ് പോലീസ് പിടിച്ചത്. ഇതാണ് അല്‍ക്കാ ബോണി പ്രതിയായ കേസിന്റെ ഫ്ളാഷ് ബാക്ക്.
കൊക്കെയ്ന്‍ കൊണ്ടുവന്ന യുവാവിനെക്കുറിച്ചുള്ള വിവരം നല്‍കിയിട്ടും പോലീസ് അനേഷിച്ചില്ലെന്നും അഭിമുഖത്തില്‍ അല്‍ക്കാ ബോണി കുറ്റപ്പെടുത്തി. അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങള്‍ താഴെ ചേര്‍ക്കുന്നു:
റിപ്പോര്‍ട്ടറുടെ ചോദ്യം: അല്‍ക്കാ ബോണിക്ക് ലഹരി ഇടപാട് ഉണ്ടോ?
അല്‍ക്കാ ബോണിയുടെ ഉത്തരം: ഇല്ല
ചോദ്യം: നിങ്ങള്‍ താമസിച്ചിരുന്ന ഫ്ളാറ്റില്‍ നിന്നും ലഹരി മരുന്ന് പിടിച്ചിരുന്നു.
ഉത്തരം: പിടിച്ചിരുന്നു. ഉപയോഗിക്കാന്‍ വേണ്ടി കൊണ്ടുവന്നതാണ്. ഞങ്ങള്‍ വല്ലപ്പോഴുമൊക്കെ യൂസ് ചെയ്യാറുണ്ട്. ബര്‍ത്ത് ഡേക്ക് വേണ്ടിയായിരുന്നു. മെയ് 18 നായിരുന്നു ബര്‍ത്ത് ഡേ. മുറിയില്‍ ലഹരി മരുന്ന് ഉണ്ടായിരുന്ന വിവരം എനിക്കറിയില്ലായിരുന്നു. ആരെങ്കിലും സര്‍പ്രൈസ് തരാന്‍ വേണ്ടി ചെയ്തതാവാം. ആ സമയത്ത് ഞങ്ങള്‍ മറ്റൊരു സ്ഥലത്തേക്ക് പോവാനുള്ള പ്ലാനിങ്ങുമായി നടക്കുകയായിരുന്നു. ആ പ്ലാനിങ്ങില്‍ നില്‍ക്കുമ്പോഴാണ് ഈ സംഭവം(പോലീസ് പരിശോധന) ഉണ്ടാവുന്നത്.
ചോദ്യം: കൊക്കെയ്നാണോ പിടിച്ചെടുത്തത്? അത് ആരുടെ ബാഗില്‍ നിന്നായിരുന്നു.
ഉത്തരം:അതെ. എന്റെ ഒരു ഫ്രണ്ടിന്റെ ബാഗില്‍ നിന്നായിരുന്നു.
ചോദ്യം: കൊക്കെയ്ന്‍ നിങ്ങള്‍ ഉപയോഗിക്കാന്‍ വേണ്ടി കൊണ്ട് വന്നതാണോ?
ഉത്തരം: actually. കുറച്ച് ക്വാണ്ടിറ്റി മാത്രമേ അവര്‍ പിടിച്ചിട്ടുള്ളൂ. യൂസ് ചെയ്യാന്‍ വെച്ചതായിരിക്കും.
ചോദ്യം: സുഹൃത്തിനാണോ?
ഉത്തരം: അവന്റെ കൈയില്‍ ഇത് ഉള്ള വിവരം എന്നോട് പറഞ്ഞിട്ടില്ല. may be ബര്‍ത്ത് ഡേ ആഘോഷിക്കാന്‍ വേണ്ടി കൊണ്ട് വന്നതാവാം.
ചോദ്യം: വില്‍പ്പനയ്ക്ക് വേണ്ടി നിങ്ങള്‍ കൊണ്ട് വന്നതല്ലേ
ഉത്തരം: ഒരിക്കലുമല്ല.
ചോദ്യം: പോലീസ് നിങ്ങള്‍ ആറു പേര്‍ക്കെതിരെ കേസ് ചുമത്തി; നിങ്ങള്‍ റിമാണ്ടിലായി; പിന്നെ 20 ദിവസങ്ങള്‍ക്കു ശേഷമാണ് ജയിലില്‍ നിന്നും പുറത്തിറങ്ങിയത്. അല്ലെ
ഉത്തരം :അതെ
ചോദ്യം: നിങ്ങള്‍ ഇക്കാര്യങ്ങള്‍ കോടതിയില്‍ ബോധിപ്പിച്ചിരുന്നതുകൊണ്ടാണോ ജാമ്യം കിട്ടിയത്.
ഉത്തരം: അതെ
ചോദ്യം: പോലീസ് പറഞ്ഞത് അല്‍ക്കാ ബോണിയാണ് ലഹരി ഇടപാടിലെ പ്രധാനിയെന്നാണ്.
ഉത്തരം: എനിക്കൊന്നും അറിയില്ല .ഈ ന്യൂസ് കണ്ടപ്പോള്‍ ഞാന്‍ തന്നെ ഞെട്ടിപ്പോയി.
ചോദ്യം: ലഹരി വില്പനയുണ്ടോ?
ഉത്തരം: ഇല്ല
ചോദ്യം: ഉപയോഗിക്കാറുണ്ടോ?
ഉത്തരം: ഉണ്ടായിരുന്നു. വല്ലപ്പോഴും.
ചോദ്യം: ഇപ്പോള്‍ ഉപയോഗിക്കാറുണ്ടോ?
ഉത്തരം: ഇല്ല
ചോദ്യം: ഈ കേസിനു ശേഷമാണോ?
ഉത്തരം: അല്ല. ഈ സംഭവത്തിന് two weeks മുമ്പ്. പോലീസ് പിടിച്ച് ഞങ്ങള്‍ ആറുപേരും യൂസ് ചെയ്യുമെന്നല്ലാതെ വില്‍പ്പന നടത്തിയിട്ടില്ല.
കൊച്ചിയില്‍ പരസ്യ ലഹരി വില്‍പ്പന നടക്കുന്നതായും അല്‍ക്കാ ബോണി ഈ അഭിമുഖത്തില്‍ വ്യക്തമാക്കി. കൊച്ചിയിലെ മറൈന്‍ ഡ്രൈവും കലൂരും ലഹരി ഇടപാടിന്റെ പ്രധാന കേന്ദ്രമാണെന്നും അവര്‍ പറഞ്ഞു. താന്‍ മൂന്നു വര്‍ഷമായി ലഹരി മരുന്ന് ഉപയോഗിച്ചിരുന്നതായി ഇവര്‍ കൂട്ടിച്ചേര്‍ത്തു. ആറു വര്‍ഷമായി മോഡല്‍ രംത്തുണ്ട്. എംഡിഎംഎയാണ് താന്‍ ഉപയോഗിച്ചിരുന്നതെന്നും ഈ മോഡല്‍ അഭിമുഖത്തില്‍ വെളിപ്പെടുത്തി. ഇത് ഉപയോഗിക്കുന്ന ഘട്ടത്തില്‍ ആക്ടീവായിരിക്കും അഞ്ചാറ് ദിവസം കഴിഞ്ഞാല്‍ ഒരു ഓര്‍മയും ഉണ്ടാവില്ല.നമ്മുടെ ശരീരത്തില്‍ സ്പര്ശിക്കുവാന് ആരെയും അനുവദിക്കില്ല.നോ പറയുവാന്‍ നമ്മുക്കു കഴിയും. പിടിച്ചു പറിക്കുന്ന പെരുമാറ്റമൊന്നും മോഡല്‍ രംഗത്തില്ല.
ചോദ്യം: മോഡലിന്റെ മറവില്‍ ലഹരി ഇടപാടുകള്‍ നടക്കുന്നുണ്ടോ?
ഉത്തരം: ഒരിക്കലുമില്ല. ചില മോഡല്‍സ് യൂസ് ചെയ്യുന്നവര്‍ ഉണ്ടാവും. സെയില്‍ ചെയ്യാനുള്ള ധൈര്യം കാട്ടിയിട്ടില്ല. ഈ കേസ് വന്നതിനുശേഷം ഇതുവരെ മോഡല്‍ ചെയ്യാന്‍ എനിക്ക് ഒരു ഓഫറും വന്നിട്ടില്ല.കൊച്ചിയില്‍ മോഡലിങ് മോശമാണെന്നു ഞാന്‍ പറയില്ല. അതേസമയം കൊച്ചിയില്‍ ഡ്രഗ് കിട്ടാന്‍ എളുപ്പമാണ്. ബാംഗ്ളൂരിനേക്കാള്. മറൈന്‍ഡ്രൈവില്‍ പോയി ചുമ്മാ ചോദിച്ചാല്‍ അവരുടെ കൈയിലുണ്ടാവും.
ചോദ്യം: നിങ്ങള്‍ക്ക് എവിടെ നിന്നാണ് ലഹരി വസ്തുക്കള്‍ കിട്ടുന്നത്?
ഉത്തരം: ഇവ ഉപയോഗിക്കുന്നവരെ കണ്ടാലറിയാം. അവരോട് ചോദിച്ചാല്‍ കിട്ടും. സ്ഥിരമായി ഒരാളില്‍ നിന്നും വാങ്ങാറില്ല. കാരണം ലഹരി വസ്തുക്കള്‍ വില്ക്കുന്നവര് ധാരാളമുണ്ട്. ഞങ്ങള്‍ക്ക് ഡെയ്ലി വേണമെന്നില്ല. ഒരു ദിവസം കലൂര്‍ സ്റ്റേഡിയത്തിലൂടെ നടക്കുമ്പോള്‍ എംഡിഎംഎ വേണമോയെന്ന് പലരും ചോദിച്ച അനുഭവം എനിക്കുണ്ട്. ഇതില്‍ നിന്നും പോലീസും പരിശോധനയുമില്ലെന്നില്ല they were very cunning .തനിക്ക് പെണ് സുഹൃത്തുക്കളുണ്ടെന്നും അവരില്‍ ലഹരി മരുന്ന് ഉപയോഗിക്കുന്നവരും ഉപയോഗിക്കാത്തവരുമുണ്ടെന്ന് അല്‍ക്കാ ബോണി അഭിമുഖത്തില്‍ പറയുന്നുണ്ട്.
Recent Comments