മോഹന്‍ലാല്‍, സിനിമയ്ക്കുവേണ്ടി പാടുന്നൂവെന്നത് പുതുമയുള്ള കാര്യമല്ല. അതുപോലെതന്നെയാണ് പൃഥ്വിരാജും. മോഹന്‍ലാലിനോളം വരില്ലെങ്കിലും പൃഥ്വിരാജും ഇതിനോടകം നിരവധി സിനിമകള്‍ക്കുവേണ്ടി പിന്നണി പാടിയിട്ടുണ്ട്. ഗായകനെന്ന നിലയില്‍ ‘പുതിയമുഖ’ത്തിലൂടെ തുടങ്ങിയ അരങ്ങേറ്റം ‘അയ്യപ്പനും കോശി’യിലുംവരെ എത്തിനില്‍ക്കുന്നു. ടി.കെ. രാജീവ്കുമാര്‍ സംവിധാനം ചെയ്ത ബര്‍മുഡ എന്ന ചിത്രത്തിനുവേണ്ടിയാണ് മോഹന്‍ലാല്‍ ഏറ്റവും ഒടുവിലായി പാടിയത്.
എന്നാലിതാ, മോഹന്‍ലാലും പൃഥ്വിരാജും ഒരുമിച്ച് ഒരു സിനിമയ്ക്കുവേണ്ടി പാടിയിരിക്കുന്നു. പൃഥ്വിരാജ് സംവിധാനം ചെയ്ത് മോഹന്‍ലാലും പൃഥ്വിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ബ്രോഡാഡിക്കുവേണ്ടിയായിരുന്നു ആ ഗാനം.
ഡിസംബര്‍ 5 നായിരുന്നു സോംഗ് റിക്കോര്‍ഡിംഗ്. ഈ പാട്ടിന്റെ സംഗീതസംവിധായകന് കൂടിയായ ദീപക് ദേവിന്റെ തമ്മനത്തിലുള്ള സ്റ്റുഡിയോയില്‍വച്ചായിരുന്നു റിക്കോര്‍ഡിംഗ്.
കടുവയുടെ ലൊക്കേഷനില്‍നിന്ന് പൃഥ്വിയും മോണ്‍സ്റ്ററിന്റെ ലൊക്കേഷനില്‍നിന്ന് ലാലും രാവിലെതന്നെ പാടാനെത്തി. ലാലിനെയും രാജുവിനെയും പാട്ട് പഠിപ്പിച്ചത് ദീപക് ദേവായിരുന്നു. രണ്ട് മണിക്കൂര്‍കൊണ്ട് പാട്ടിന്റെ റിക്കോര്‍ഡിംഗ് പൂര്‍ത്തിയാക്കി ഇരുവരും പുറത്തിറങ്ങി.
സ്ക്രീനില്‍ അത് തീര്‍ക്കുന്ന അലകള്ക്കുവേണ്ടിയുള്ള കാത്തിരിപ്പ് മാത്രമേ ഇനി അവശേഷിക്കുന്നുള്ളൂ.
Recent Comments