ഒരുപക്ഷേ ദൃശ്യംപോലെ മറ്റൊരു സിനിമയ്ക്കും തുടര്‍ച്ച ഉണ്ടാകണമെന്ന് പ്രേക്ഷകര്‍ ഇത്രത്തോളം ആഗ്രഹിച്ചിട്ടുണ്ടാവില്ല. അത്തരത്തിലാണ് സംവിധായകന് ജീത്തു ജോസഫ് ചിത്രത്തിന്റെ ക്ലൈമാക്സ് പറഞ്ഞവസാനിപ്പിക്കുന്നത്. ദൃശ്യത്തിന്റെ ആദ്യഭാഗം ഇറങ്ങിയതിന് പിന്നാലെ അതിന്റെ രണ്ടാംഭാഗത്തെക്കുറിച്ചാണ് പ്രേക്ഷകര്‍ ചോദിച്ചുകൊണ്ടിരുന്നത്. രണ്ടാം ഭാഗം ഇറങ്ങിയപ്പോഴും മറ്റൊരു അനുഭവമായിരുന്നില്ല. ആ ഉദ്വേഗങ്ങള്ക്കെല്ലാം അറുതി വരുത്തിക്കൊണ്ട് ചിത്രത്തിലെ നായകന് തന്നെ ദൃശ്യത്തിന്റെ മൂന്നാംഭാഗവും അനൗണ്‍സ് ചെയ്തിരിക്കുകയാണ്.
ദൃശ്യം എന്ന ചലച്ചിത്രം കൈകാര്യം ചെയ്ത വിഷയം അത്രകണ്ട് സംവദിക്കപ്പെടുമെന്നതുകൊണ്ടുതന്നെയാണ് അത് ഇന്ത്യയിലെ വിവിധ ഭാഷകളിലേയ്ക്ക് റീമേക്ക് ചെയ്യപ്പെട്ടത്. ഹിന്ദിയിലും തെലുങ്കിലും കന്നഡത്തിലും തമിഴിനും അപ്പുറത്തേയ്ക്ക് ദേശാന്തരങ്ങള്‍ കടന്ന് ചൈനീസ് ഭാഷയിലും ദൃശ്യത്തിന് പതിപ്പുകളുണ്ടായി. ഏറ്റവും കൗതുകകരമായ മറ്റൊരു കാര്യം ചിത്രത്തിന്റെ തിരക്കഥാകൃത്ത് കൂടിയായ ജീത്തു ജോസഫിന് മുമ്പേ ദൃശ്യത്തിന് തുടര്‍ച്ചയുണ്ടാക്കാന്‍ പലരും മത്സരിച്ചിരുന്നുവെന്നതാണ്. പല അഭിമുഖങ്ങളിലും താരങ്ങള്‍ തന്നെ ഇക്കാര്യം തുറന്നു പറഞ്ഞിട്ടുണ്ട്.
ദൃശ്യത്തിന്റെ രണ്ടാം ഭാഗം കഴിഞ്ഞതിന് പിന്നാലെ ജീത്തുവിനോട് കൂടുതല്‍ പേരും അന്വേഷിച്ചത് ദൃശ്യത്തിന്റെ മൂന്നാംഭാഗം എന്ന് ഉണ്ടാകുമെന്നാണ്. അപ്പോഴും ദൃശ്യത്തിന് തുടര്‍ച്ചയുണ്ടാകുമെന്ന് ജീത്തുപോലും കരുതിയില്ല. വരട്ടെ, നോക്കാം എന്നിങ്ങനെയുള്ള ഒഴുക്കന്‍ മറുപടികളായിരുന്നു അദ്ദേഹത്തില്‍നിന്ന് ലഭിച്ചത്. ജോര്‍ജ് കുട്ടിയിലേയ്ക്കും കുടുംബത്തിലേയ്ക്കും ഇറങ്ങിച്ചെല്ലാന്‍ പാകത്തില്‍ മറ്റൊരു അന്വേഷണ തുമ്പും അതില്‍നിന്ന് രക്ഷപ്പെടാന്‍ ജോര്‍ജ് കുട്ടി ഒരുക്കുന്ന മാര്‍ഗങ്ങളും തെളിഞ്ഞപ്പോഴാണ് ജീത്തു മൂന്നാം ഭാഗത്തിലേയ്ക്ക് ലാന്റ് ചെയ്യുന്നത്. പതിവുപോലെ ജീത്തു ആദ്യം കഥ പറഞ്ഞത് നിര്‍മ്മാതാവ് ആന്റണിയോടാണ്. അവിടുന്ന് മോഹന്‍ലാലിലേക്കും. രണ്ടുപേര്‍ക്കും കഥ ഇഷ്ടപ്പെട്ടതോടെ പ്രൊജക്ട് അനൗണ്‍സ് ചെയ്യപ്പെടുകയായിരുന്നു. ഈ വര്‍ഷംതന്നെ ചിത്രീകരണം ആരംഭിക്കും. താരനിര്‍ണ്ണയം അടക്കമുള്ള കാര്യങ്ങള്‍ ഇനി മാത്രമേ ഉണ്ടാകൂ.
2013 ലാണ് ദൃശ്യത്തിന്റെ ആദ്യഭാഗം തീയേറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തിയത്. മോഹന്‍ലാലിന്റെ 60-ാം പിറന്നാള്‍ ദിനത്തിലാണ്, കൃത്യമായി പറഞ്ഞാല്‍ 2020 മെയ് 21 നാണ് ദൃശ്യം 2 ഔദ്യോഗികമായി അനൗണ്‍സ് ചെയ്യപ്പെട്ടത്. പക്ഷേ രണ്ടാംഭാഗം ഒടിടിയിലാണ് റിലീസ് ചെയ്തത്.
Recent Comments