ഉദയകൃഷ്ണന്റെ തിരക്കഥയില്‍ ബി. ഉണ്ണികൃഷ്ണന് സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ചിത്രം നവംബര്‍ 16 ന് കൊടുവായൂരില്‍ തുടങ്ങും. മോഹന്‍ലാല്‍ 20 ന് ജോയിന്‍ ചെയ്യും.
ഇതുവരെയുള്ള ഉണ്ണികൃഷ്ണന് സിനിമകളില്‍നിന്ന് വ്യത്യസ്തമായി ഏറ്റവും കൂടുതല്‍ താരങ്ങള്‍ അഭിനയിക്കുന്ന ചിത്രം കൂടിയാണിത്.
മോഹന്‍ലാല്‍ നിന്ന് നയിക്കുന്ന നായകനിരയില്‍ നെടുമുടിവേണു, സായ്കുമാര്, സിദ്ധിഖ്, വിജയരാഘവന്, ഗണേഷ്കുമാര്, ഇന്ദ്രന്‍സ്, നന്ദു, റിയാസ്ഖാന്, രാഘവന്, സന്തോഷ് കീഴാറ്റൂര്‍, ശ്രീജിത്ത് രവി, ശിവജി ഗുരുവായൂര്‍, ഡോ. റോണി, ബിജു പപ്പന്, പ്രശാന്ത് അലക്സാണ്ടര്‍, കോട്ടയം രമേഷ് തുടങ്ങി രണ്ട് ഡസനോളം താരങ്ങള്‍ ഉണ്ട്.
നായികനിരയിലാവട്ടെ, ശ്രദ്ധ ശ്രീനാഥിനെ കൂടാതെ രചന നാരായണന്‍കുട്ടി, നേഹ സക്സേന, സ്വാസിക, മീര, ഗാഥ എന്നിവരും പ്രധാന വേഷങ്ങള്‍ ചെയ്യുന്നു.
ആസിഫ് അലി ആദ്യമായി നിര്‍മ്മിച്ച കോഹിനൂര്‍ എന്ന ചിത്രത്തിലെ സെക്കന്റ് ഹീറോയിനായിരുന്നു ശ്രദ്ധ ശ്രീനാഥ്. അതിനുശേഷം അവര്‍ കന്നട, തമിഴ് ചിത്രങ്ങളിലെ തിരക്കുള്ള നായികയായി വളര്‍ന്നു. യൂടേണ്‍ (കന്നട), വിക്രംവേദ, നേര്‍കൊണ്ട പാര്‍വ്വൈ (തമിഴ്) തുടങ്ങിയവ ശ്രദ്ധയുടെ ശ്രദ്ധേയമായ ചിത്രങ്ങളാണ്.
പൂര്‍ണ്ണമായും നര്‍മ്മത്തിന് പ്രധാന്യമുള്ള ഒരു ഉണ്ണികൃഷ്ണന് ചിത്രമെന്ന വിശേഷണവും ഈ സിനിമയ്ക്ക് സ്വന്തം.
കൊടുവായൂരിനെ കൂടാതെ കൊല്ലങ്കോടും ഒറ്റപ്പാലവും ഹൈദ്രാബാദുമാണ് ചിത്രത്തിന്റെ മറ്റു ലൊക്കേഷനുകള്‍. ഹൈദ്രാബാദില്‍ 10 ദിവസത്തെ വര്‍ക്ക് പ്ലാന്‍ ചെയ്യുന്നുണ്ട്.
നീണ്ട നാളുകള്‍ക്കുശേഷം മോഹന്‍ലാല്‍ വരിക്കാശ്ശേരി മനയിലേയ്ക്ക് ഷൂട്ടിംഗിന് എത്തുന്നതും ഈ ചിത്രത്തിലൂടെയാണ്.
ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും, ടൈറ്റിലും വൈകാതെ അനൗണ്‍സ് ചെയ്യും.
അരോമ മോഹനാണ് പ്രൊഡക്ഷന്‍ കണ്ട്രോളര്. റോബിയാണ് ഛായാഗ്രാഹകന്‍. കലാസംവിധാനം ജോസഫ് നെല്ലിക്കനും മേക്കപ്പ് ജിതേഷും. കോസ്റ്റൂം സ്റ്റെഫിയും നിര്‍വ്വഹിക്കുന്നു. ഷമീര്‍ മുഹമ്മദാണ് ഏഡിറ്റര്‍.
Recent Comments