മലയാളത്തിലെ പ്രമുഖ ഗാനരചയിതാവ് ശ്രീകുമാരന്‍ തമ്പിയുടെ ശതാഭിഷേകത്തോടനുബന്ധിച്ച് ശ്രീകുമാരന്‍ തമ്പി ഫൗണ്ടേഷന് പുരസ്കാരം നാളെ (ആഗസ്റ്റ് 31) ശനിയാഴ്ച സമര്‍പ്പിക്കും. വൈകിട്ട് 5.30ന് നിശാഗന്ധിയില്‍ നടക്കുന്ന ചടങ്ങില്‍ നടന് മോഹന്‍ലാലിന് മുഖ്യമന്ത്രി പിണറായി വിജയന് പുരസ്കാരം സമ്മാനിക്കും. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവുമാണ് പുരസ്കാരം. ‘ശ്രീമോഹനം’ എന്ന പരിപാടിയില്‍ മന്ത്രി സജി ചെറിയാന് ശ്രീകുമാരന്‍ തമ്പിയെ ആദരിക്കും.
ശ്രീകുമാരന്‍ തമ്പി ഫൗണ്ടേഷന് ചെയര്മാന് ഗോകുലം ഗോപാലന് അധ്യക്ഷനാകും. സിനിമയിലെ സമഗ്ര സംഭാവനയ്ക്ക് കല്ലിയൂര്‍ ശശിക്കും ഗാനാലാപന മത്സരത്തിലെ വിജയികള്‍ക്കും മോഹന്‍ലാല്‍ ഉപഹാരങ്ങള്‍ നല്‍കും. പിന്നണി ഗായകന് എംജി ശ്രീകുമാറിന്റെ നേതൃത്വത്തില്‍ പ്രമുഖ ഗായകര്‍ അണിനിരക്കുന്ന ശ്രീകുമാരന്‍ തമ്പിയുടെ ഗാനങ്ങള്‍ കോര്‍ത്തിണക്കിയ ഗാനസന്ധ്യയും നടക്കും. പ്രവേശനം പാസ് മുഖേനയായിരിക്കുമെന്ന് ഫൗണ്ടേഷന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പ്രസിഡന്റ് ജി ജയശേഖരന്‍നായര്‍, ജനറല്‍ സെക്രട്ടറി സി ശിവന്‍കുട്ടി, കല്ലിയൂര്‍ ശശി, ദിനേഷ് പണിക്കര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
ജസ്റ്റിസ് ഹേമ കമ്മറ്റി റിപ്പോര്‍ട്ട് പുറത്തുവന്നശേഷമുണ്ടായ വിവാദങ്ങള്‍ക്കിടെ അമ്മയില്‍ നിന്നും രാജിവച്ച നടന് മോഹന്‍ലാല്‍ നാളെ ആദ്യമായാണ് ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കുക. മുഖ്യമന്ത്രി പിണറായി വിജയനും സാംസ്ക്കാരിക മന്ത്രി സജി ചെറിയാനും ഈ വേദിയിലുണ്ടാകും. നാളെ നടക്കുന്ന പരിപാടിയില്‍ മോഹന്‍ലാല്‍ പങ്കെടുക്കുമോ? എന്ന ചോദ്യവും ഇതോടൊപ്പം ഉയരുന്നുണ്ട്. അതേസമയം ചടങ്ങില്‍ പങ്കെടുക്കാന്‍ ഉറപ്പായും എത്തുമെന്ന് മോഹന്‍ലാല്‍ സ്ഥിരീകരിച്ചിട്ടുണ്ടെന്ന് സംഘാടകര്‍ വ്യക്തമാക്കി. ഈ ചടങ്ങിന് ശേഷം ഏതാനും ദിവസങ്ങള്‍ മോഹന്‍ലാല്‍ തിരുവനന്തപുരത്ത് ഉണ്ടാവും.
മോഹന്‍ ലാലിനെ സാക്ഷിയാക്കി ഈ വേദിയില്‍ മുഖ്യമന്ത്രി പറയുന്ന ഓരോ വാക്കും അതിനിര്‍ണ്ണായകമായിരിക്കും. പുരസ്കാരം ഏറ്റുവാങ്ങിയ ശേഷം മോഹന്‍ലാല്‍ നടത്തുന്ന പ്രസംഗത്തിനും മലയാളികള്‍ കാതോര്‍ക്കുകയാണ്. അതിനാല്‍ ആദ്യ ശ്രീകുമാരന്‍ തമ്പി പുരസ്കാരദാന ചടങ്ങ് ശ്രദ്ധേയമാവുകയാണ്.
ഗാനരചയിതാവ്, സംവിധായകന്, തിരക്കഥാകൃത്ത്, സംഗീത സംവിധായകന്, സിനിമ-സീരിയല്‍ നിര്‍മാതാവ് തുടങ്ങിയ വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച അതുല്യ കലാകാരനാണ് ശ്രീകുമാരന്‍ തമ്പി. മലയാള സിനിമയിലെ തിരുത്തലിന്റെ പ്രതീകമായ ശ്രീകുമാരന്‍ തമ്പി ഈ വേദിയില്‍ നടത്തുന്ന പ്രതികരണവും നിര്‍ണ്ണായകമാണ്.
Recent Comments