പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാന്റെ ചിത്രീകരണം ഇപ്പോള്‍ ലഡാക്കില്‍ പുരോഗമിക്കുകയാണ്. ശക്തമായ മഞ്ഞുവീഴ്ചയും വെളിച്ചക്കുറവും ഷൂട്ടിംഗിനെ ബാധിക്കുന്നുണ്ടെങ്കിലും നിശ്ചയിച്ചപ്രകാരം ഷൂട്ടിംഗ് ദിനങ്ങള്‍ മുന്നോട്ട് പോവുകയാണ്. 27 ന് ചിത്രീകരണം അവസാനിക്കും. പ്രതികൂല കാലാവസ്ഥ തുടര്‍ന്നാല്‍ ഒന്നോ രണ്ടോ ദിവസം ഷൂട്ടിംഗ് നീളാനും സാധ്യതയുണ്ട്.
ഇതിനിടെ മോഹന്‍ലാല്‍ ലഡാക്കിലെത്തി. വൃഷഭയുടെ ഷൂട്ടിംഗ് ലൊക്കേഷനില്‍നിന്നാണ് മോഹന്‍ലാല്‍ എമ്പുരാന്റെ സെറ്റിലെത്തിയത്. ബോംബെയിലായിരുന്നു വൃഷഭയുടെ ഷൂട്ടിംഗ്. അതിന്റെ സെക്കന്റ് ഷെഡ്യൂള്‍ പൂര്‍ത്തിയായതിന് പിന്നാലെയാണ് അദ്ദേഹം ലഡാക്കിലേയ്ക്ക് പുറപ്പെട്ടത്.
എമ്പുരാനില്‍ ഒരു ദിവസത്തെ വര്‍ക്ക് ലാലിനുണ്ടെങ്കിലും ഇതുവരെ ചിത്രത്തിന്റെ ഭാഗമായിട്ടില്ല.
പഴയ അശോകേട്ടനും പുതിയ ഉണ്ണിക്കുട്ടനും എന്ന തലക്കെട്ടോടെ ഒരു ബുദ്ധ ഭിക്ഷുവിനൊപ്പമുള്ള ചിത്രം ലാല്‍തന്നെ ഫെയ്സ് ബുക്കില്‍ പങ്കുവച്ചു. ലഡാക്കിലെ ബുദ്ധവിഹാരം സന്ദര്‍ശിക്കുന്നതിനിടയിലായിരുന്നു ഈ ചിത്രം പകര്‍ത്തിയത്. സംഗീത് ശിവന് സംവിധാനം ചെയ്ത യോദ്ധ എന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേരാണ് അശോകന്. അതില്‍ റിംപോച്ചെ എന്ന കഥാപാത്രത്തെ അശോകന് വിളിച്ച പേരാണ് ഉണ്ണിക്കുട്ടന്. ആ പശ്ചാത്തലത്തിലാണ് അദ്ദേഹം പഴയ അശോകനും പുതിയ ഉണ്ണിക്കുട്ടനുമെന്ന തലക്കെട്ട് ആ ചിത്രത്തിന് നല്‍കിയത്.
Recent Comments