മലയാള സിനിമയിൽ തന്നെ ഏറ്റവും ഹൈപ്പോടെ റിലീസ് ചെയ്ത ചിത്രങ്ങളിൽ ഒന്നായിരുന്നു മോഹന്‍ലാല്‍-ലിജോ ജോസ് പെല്ലിശേരി കൂട്ടുകെട്ടിന്റെ മലൈക്കോട്ടൈ വാലിബന്. കഴിഞ്ഞ വർഷം റിലീസ് ചെയ്ത സിനിമയ്ക്ക് തിയേറ്ററുകളിൽ വേണ്ടുന്ന രീതിയിൽ ശ്രദ്ധിക്കപ്പെട്ടില്ല. ഇപ്പോൾ ആ സിനിമയുടെ പരാജയത്തെക്കുറിച്ച് പ്രതികരിക്കുകയാണ് മോഹൻലാൽ.
ലിജോ ജോസ് പെല്ലിശ്ശേരി മലൈക്കോട്ടൈ വാലിബന്റെ കഥ പറയുമ്പോൾ അത് അതിശകരമായിരുന്നു. എന്നാൽ ചിത്രീകരണ വേളയിൽ ആ സിനിമയുടെ കഥയിൽ മാറ്റങ്ങൾ വന്നുവെന്നും അത് കൈവിട്ടുപോകുന്ന സാഹചര്യമുണ്ടായെന്നും മോഹൻലാൽ പറഞ്ഞു. അത് ഒരു തെറ്റായി താൻ കാണുന്നില്ല എന്നും കണക്കുകൂട്ടലുകളിലെ പിഴവാണെന്നും മോഹൻലാൽ പറഞ്ഞു.
‘സിനിമയുടെ പരാജയങ്ങൾ എന്നെ ബാധിക്കാറില്ല. അത് സംഭവിക്കും. മലൈക്കോട്ടൈ വാലിബനിലേക്ക് വന്നാൽ ലിജോ ആ കഥ പറയുമ്പോൾ അത് അതിശയകരമായിരുന്നു. ഷൂട്ടിംഗ് പ്രോസസിനിടയിൽ ആ സിനിമയുടെ കഥ വളരാൻ തുടങ്ങി. അങ്ങനെ അത് കൈവിട്ടു പോയി. പിന്നീട് അത് രണ്ട് ഭാഗങ്ങളായി എടുക്കാൻ തീരുമാനിച്ചു, ആ കാരണത്താൽ ആ സിനിമയുടെ ദൈർഘ്യം മാറി, ആശയം മാറി. അതിനെ ഒരു തെറ്റായി ഞാൻ കാണുന്നില്ല. അത് കണക്കുകൂട്ടലുകളിലെ പിഴവാണ്. ലിജോ ആ സിനിമയെ മറ്റൊരു രീതിയിലാണ് അവതരിപ്പിച്ചത്. എന്നാൽ പ്രേക്ഷകർ ആ സിനിമയുടെ പേസുമായി കണക്റ്റായില്ല,’ എന്ന് മോഹൻലാൽ പറഞ്ഞു. നാടോടിക്കഥകൾ പറയുന്ന ശൈലിയിലാണ് ചിത്രത്തിന്റെ കഥ മുന്നോട്ടുപോകുന്നത്. കഥകളിൽ മാത്രം കേൾക്കുന്നതരം പേരുകളാണ് സ്ഥലങ്ങൾക്കും കഥാപാത്രങ്ങൾക്കും. പീരിയോഡിക് സിനിമകൾക്ക് സമാനമാണ് കഥാപശ്ചാത്തലം. മല്ലയുദ്ധത്തിൽ പങ്കെടുത്ത് തോൽവിയറിയാതെ നാടുകൾതോറും സഞ്ചരിക്കുന്നയാളാണ് വാലിബൻ. അയ്യനാർ എന്ന വളർത്തച്ഛനും ചിന്നൻ എന്ന സഹോദരനുമാണ് ഈ യാത്രയിൽ വാലിബനൊപ്പമുള്ളത്. ഈ യാത്രയിൽ ഒരിടത്തുവെച്ച് വാലിബനും സംഘത്തിനും നേരിടേണ്ടിവരുന്ന അത്യന്തം സംഘർഷാത്മകമായ സംഭവവികാസങ്ങളിലൂടെയാണ് സിനിമ സഞ്ചരിക്കുന്നത്.
2024 ജനുവരി 25നായിരുന്നു മലൈക്കോട്ടൈ വാലിബന് റിലീസ് ചെയ്തത്. പി എസ് റഫീക്കാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്. ‘ചുരുളി’ക്ക് ശേഷം മധു നീലകണ്ഠന് വീണ്ടും ലിജോയ്ക്ക് വേണ്ടി ക്യാമറ ചലിപ്പിച്ച ചിത്രത്തിന്റെ സംഗീതം നിര്‍വഹിച്ചത് പ്രശാന്ത് പിള്ളയാണ്. സൊണാലി കുൽക്കർണി, ഹരീഷ് പേരടി, ഡാനിഷ് സെയ്ത്, മനോജ് മോസസ്, കഥ നന്ദി, മണികണ്ഠൻ ആചാരി തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തിയത്.
Recent Comments