മലയാള സിനിമയെ ആദ്യമായി 200 കോടി ക്ലബ്ബില്‍ എത്തിച്ച ചലച്ചിത്രമാണ് ലൂസിഫര്‍. പൃഥ്വിരാജ് എന്ന നടന്റെ ആദ്യ സംവിധാന സംരംഭവും. ലൂസിഫറിന്റെ രചനാവേളയില്തന്നെ അതിനൊരു രണ്ടാംഭാഗം ഉണ്ടാകുമെന്ന നിലയിലാണ് തിരക്കഥാകൃത്ത് മുരളിഗോപി തന്റെ എഴുത്തുജോലികളും പൂര്‍ത്തിയാക്കിയത്. ലൂസിഫറിന്റെ ഐതിഹാസികമായ വിജയം എമ്പുരാനിലേയ്ക്കുള്ള യാത്രയെ വേഗത്തിലെത്തിച്ചുവെന്നുമാത്രം. എന്നിട്ടും നാല് വര്‍ഷം വേണ്ടിവന്നു ആ യാത്ര യാഥാര്‍ത്ഥ്യമാകാന്‍.
എമ്പുരാന്റെ ഷൂട്ടിംഗ് ഒക്ടോബര്‍ 5 ന് തുടങ്ങും. കാര്‍ഗിലാണ് ആദ്യ ലൊക്കേഷന്‍. ആദ്യ ഷെഡ്യൂളില്‍ മോഹന്‍ലാല്‍ പങ്കെടുക്കുന്നില്ല.
ലൂസിഫറില്നിന്ന് വ്യത്യസ്തമായി ബ്രഹ്മാണ്ഡ ചിത്രമെന്ന നിലയിലാണ് എമ്പുരാന് ഒരുങ്ങുന്നത്. ഇരുപതോളം വിദേശ രാജ്യങ്ങളില്വച്ചുതന്നെ ചിത്രം ഷൂട്ട് ചെയ്യപ്പെടുന്നുണ്ട്. പല ഷെഡ്യൂളുകളിലായിട്ടാണ് ചിത്രീകരണം പ്ലാന്‍ ചെയ്തിരിക്കുന്നത്. അതുകൊണ്ടുതന്നെ ഒരു മലയാള സിനിമയ്ക്ക് സ്വപ്നം കാണാവുന്നതിനപ്പുറമാണ് അതിന്റെ ബജറ്റും. അതുകൊണ്ടുകൂടിയാണ് ഈ ചലച്ചിത്രനിര്‍മ്മാണത്തില്‍ സുഭാസ്കരന്റെ നേതൃത്വത്തിലുള്ള ലൈക്കാ പ്രൊഡക്ഷനെ ആന്റണി പെരുമ്പാവൂര്‍ മലയാളത്തിലേയ്ക്ക് കൂട്ടിക്കൊണ്ട് വന്നതും. ഇതിന് മുന്നോടിയായി ഒട്ടേറെ ചര്‍ച്ചകള്‍ നടന്നിരുന്നു. അതിനുശേഷമാണ് ലൈക്ക പ്രൊഡക്ഷനും എമ്പുരാന്റെ ഭാഗമായി എത്തിയത്.
മോഹന്‍ലാലിന് പുറമെ പൃഥ്വിരാജും ഇന്ദ്രജിത്തും ടൊവിനോ തോമസും ബൈജു സന്തോഷും ശക്തികപൂറും മഞ്ജുവാര്യരും സാനിയ ഇയ്യപ്പനുമടക്കം ലൂസിഫറിലുള്ള താരങ്ങളെല്ലാം എമ്പുരാനിലും എത്തുന്നുണ്ട്. ഇനിയുള്ള ആര്‍ട്ടിസ്റ്റുകള്‍ ഏറെയും വിദേശ രാജ്യങ്ങളില്‍നിന്നുള്ളവരാണ്. സുജിത് വാസുദേവനാണ് ഇത്തവണയും ഛായാഗ്രഹണ ചുമതല. മോഹന്‍ദാസ് കലാസംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കണ്ട്രോളര് സിദ്ദു പനയ്ക്കലാണ്. സുജിത് സുധാകരന് കോസ്റ്റിയൂമും ശ്രീജിത്ത് ഗുരുവായൂര്‍ മേക്കപ്പും സിനറ്റ് സേവ്യര്‍ നിശ്ചല ഛായാഗ്രഹണവും നിര്‍വ്വഹിക്കുന്നു.
മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായിട്ടാണ് എമ്പുരാനെന്ന ബ്രഹ്മാണ്ഡ ചിത്രം ഒരുങ്ങുന്നത്.
Recent Comments