കടത്തനാടന്‍ അമ്പാടിയുടെ ഷൂട്ടിംഗ് ആലപ്പുഴ ഉദയ സ്റ്റുഡിയോയില്‍ നടന്നുകൊണ്ടിരിക്കുന്നു. പ്രിയദര്‍ശനാണ് സംവിധായകന്. ഈ സിനിമയുടെ ഷൂട്ടിംഗ് സമയത്താണ് പ്രിയന് ഒരു പച്ച ഫിയറ്റ് കാര്‍ സ്വന്തമാക്കുന്നത്.
അന്ന് പതിവിലും നേരത്തേ ഷൂട്ടിംഗ് തീര്‍ന്നു. എല്ലാവരും റൂമുകളിലേയ്ക്ക് പോകാന്‍ തയ്യാറെടുക്കുകയാണ്. ആലപ്പുഴ റെയ്ബാന്‍ ഹോട്ടലിലാണ് താമസം. തന്നോടൊപ്പം വരാന്‍ പ്രിയന് മോഹന്‍ലാലിനെയും മണിയന്‍പിള്ള രാജുവിനെയും ക്ഷണിച്ചു. രണ്ടുപേരും ആ ഫിയറ്റ് കാറിലേയ്ക്ക് ചാടിക്കയറാന്‍ ഒരുങ്ങുന്നതിനിടെ, പ്രിയന് പറഞ്ഞു. ‘എന്റെ കാറിന്റെ ഡിക്കിയിലിരുന്ന് ഹോട്ടല്‍വരെ വരാന്‍ ആരെങ്കിലും തയ്യാറുണ്ടോ? 100 രൂപ സമ്മാനം തരാം.’
ഉദയാ സ്റ്റുഡിയോയില്‍നിന്ന് റെയ്ബാന്‍ ഹോട്ടലിലേയ്ക്ക് ഏതാണ്ട് പതിനഞ്ച് മിനിറ്റോളം യാത്രയേയുള്ളൂ. എന്നിട്ടും രാജു പറ്റില്ലെന്ന് തീര്‍ത്തു പറഞ്ഞു. കാരണം അദ്ദേഹത്തിന് ഇരുട്ടിനെ പേടിയാണ്. മോഹന്‍ലാല്‍ പക്ഷേ ആ വെല്ലുവിളി ഏറ്റെടുത്തു. അദ്ദേഹം ചാടിക്കയറി ഡിക്കിയില്‍ ഇരുന്നു. ഡിക്കി അടയപ്പെട്ടു.
പ്രിയനാണ് വണ്ടി ഓടിച്ചത്. ആലപ്പുഴയിലെ വീതി കുറഞ്ഞ റോഡുകളിലൂടെ ആ വണ്ടി സാവധാനം മുന്നോട്ട് നീങ്ങി.
റെയ്ബാനിലേയ്ക്ക് കടക്കുന്ന ക്രോസ് റോഡിന്റെ വളവിലായി ഒരു ട്രാന്‍സ്ഫോര്‍മര്‍ ഉണ്ടായിരുന്നു. മുള്ളുവേലികൊണ്ട് സംരക്ഷിക്കപ്പെട്ട ട്രാന്‍സ്ഫോര്‍മറായിരുന്നു അത്. ആ വളവ് കടക്കുന്നതിനിടെ പ്രിയന് വണ്ടി കൊണ്ടിടിച്ചത് മുള്ളുവേലിയിലേക്കായിരുന്നു. മുള്ളുവേലി തകര്‍ത്ത് വണ്ടി ട്രാന്‍സ്ഫോര്‍മറില്‍ ഇടിച്ചുനിന്നു. ചെറിയ പൊട്ടലും ചീറ്റലുമൊക്കെയുണ്ടായി. ഒപ്പം കറന്റും പോയി.
അതോടെ പ്രിയന് ടെന്‍ഷനിലായി. പലവിധേനയും വണ്ടി റിവേഴ്സ് എടുത്ത് ഹോട്ടലിനെ ലക്ഷ്യംവച്ച് പാഞ്ഞു. അപകടം നടന്ന ഷോക്കിലായിരുന്നു രാജുവും. വണ്ടി ഹോട്ടലിലെത്തി. പെട്ടെന്നാണ് ഡിക്കിയിലിരുന്ന മോഹന്‍ലാലിനെ അവര്‍ ഓര്‍ത്തത്. ധൃതിപ്പെട്ട് വന്ന് ഡിക്കി തുറന്നു. അപകടത്തിന്റെ ടെന്ഷനിലായിരുന്നെങ്കിലും ലാലിന്റെ അപ്പോഴത്തെ കോലം കണ്ട് പ്രിയനും രാജുവും നിര്‍ത്താതെ ചിരിച്ചു.
ഡിക്കിയിലെ പൊടിയും ഇടിയുടെ അഘാതത്തില്‍ തെറിച്ചുവീണ പെയിന്റിന്റെ അവശിഷ്ടങ്ങളുമൊക്കെയായി കറുത്ത് കരുവാളിച്ച രൂപം. ചില കോമഡി പടങ്ങളില്‍ മാത്രം കാണാവുന്ന സീന്‍. പക്ഷേ ലാലിന്റെ മുഖത്ത് ഒരു ഭാവപ്രകടനവും ഉണ്ടായില്ല. കാറില്‍ കയറിയ
അതേ ത്രില്ലോടെയാണ് അദ്ദേഹമിറങ്ങിയത്. സാഹസികതകളോട് ലാലിനുണ്ടായിരുന്ന ചങ്ങാത്തത്തിന്റെ മറ്റൊരു ഉദാഹരണമായിരുന്നു ആ സംഭവം.
Recent Comments