ബറോസ് എന്ന ചലച്ചിത്രം ചരിത്രത്തില്‍ ഇടംനേടിയത് ആ ചിത്രത്തിന്റെ സംവിധായകന്റെ പേരിലാണ്. നാലര പതിറ്റാണ്ട് പിന്നിട്ട നീണ്ട അഭിനയസപര്യയുടെ തുടര്‍ച്ചയായി, മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമെന്ന നിലയിലാണ് അതിന്റെ ഖ്യാതിയും ചരിത്രവും ഇഴചേര്‍ന്ന് നില്‍ക്കുന്നത്. ആ ചിത്രത്തില്‍ അഭിനയിക്കാന്‍ മാത്രമാണ് ആദ്യം നിയോഗമുണ്ടായതെങ്കിലും പിന്നീട് സംഭവിച്ചത് അദ്ദേഹം ക്യാമറയ്ക്ക് പിറകിലേയ്ക്ക് മാറുന്നതാണ്. രണ്ട് വര്‍ഷമായി ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി അവസാനിച്ചിട്ട്. ഒട്ടേറെ വിദേശതാരങ്ങളും സാങ്കേതിക പ്രവര്‍ത്തകരും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. എല്ലാത്തിന്റെയും അമരക്കാരനായി ലാല്‍ അതിനെ നിയന്ത്രിച്ചുപോന്നു. ഏറ്റവുമൊടുവില്‍ ചിത്രത്തിന്റെ പുതിയ അപ്ഡേറ്റ്സും എത്തിയിരിക്കുകയാണ്. മോഹന്‍ലാല്‍ തന്നെയാണ് ഈ വിവരം പുറത്തു വിട്ടത്. ഈ വരുന്ന ഓണത്തിന് ചിത്രം തീയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. സെപ്തംബര്‍ 12 ആണ് റിലീസ് ഡേറ്റ്.
മലയാള ഭാഷചിത്രമായി ബറോസിനെ ഒതുക്കിനിര്ത്താനാവില്ലെന്ന് മോഹന്‍ലാല്‍ തന്നെ പറഞ്ഞിട്ടുണ്ട്. ഇതൊരു അന്തര്‍ദ്ദേശീയ മാനമുള്ള ചിത്രമാണ്. ഏത് ഭാഷയ്ക്കും അനുഗുണമാണ് അതിന്റെ തീം. അതുകൊണ്ടുതന്നെ ലോകമെമ്പാടുമുള്ള തീയേറ്ററുകളിലായി ചിത്രം പ്രദര്‍ശനത്തിനെത്താന്‍ ഒരുങ്ങുകയാണ്.
സന്തോഷ് ശിവനാണ് ഈ 3ഡി ചിത്രത്തിന്റെ സിനിമാറ്റോഗ്രാഫര്‍. അടുത്തിടെ സന്തോഷിന്റെ സമഗ്ര സംഭാവനകളെ മുന്‍നിര്‍ത്തി കാന്‍ പുരസ്കാരവും അദ്ദേഹത്തെ തേടിയെത്തിയിരുന്നു. ബറോസും സന്തോഷിന്റെ മറ്റൊരു ദൃശ്യവിസ്മയമാകുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ടി.കെ. രാജീവ് കുമാറാണ് ചിത്രത്തിന്റെ ക്രിയേറ്റീവ് ഹെഡ്. സന്തോഷ് രാമന് പ്രൊഡക്ഷന്‍ ഡിസൈനറുമാണ്.
ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ഈ ബ്രഹ്മാണ്ഡ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ആശിര്‍വാദിനൊപ്പം പാര്‍സ് (PHARS) ഫിലിം കമ്പനിയും ചേര്‍ന്നാണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്.
Recent Comments