ഒരു നേരത്തെ ആഹാരത്തിനുപോലും വകയില്ലാത്ത അവസ്ഥയില്‍ പി.കെ.ആര്. പിള്ള ജീവിക്കുന്നു എന്ന വാര്‍ത്ത പ്രചരിച്ച നാളുകളിലാണ് അദ്ദേഹത്തെ നേരില്‍ കാണാന്‍ ഞാന്‍ പാലക്കാട് കണ്ണാറയ്ക്കടുത്തുള്ള സായി നിവാസില്‍ എത്തുന്നത്. അത്യാവശ്യം സൗകര്യങ്ങളുള്ള ഒരു ഇരുനില കെട്ടിടമായിരുന്നു അത്. അവിടെ എത്തി പി.കെ.ആര്. പിള്ളയെ നേരില്‍ കണ്ട് സംസാരിക്കുമ്പോള്‍ മാത്രമാണ് പുറമെ പ്രചരിച്ച വാര്‍ത്തകളെല്ലാം അവാസ്തവങ്ങളായിരുന്നുവെന്ന് ബോദ്ധ്യപ്പെട്ടത്. ഓര്മ്മക്കുറവുണ്ടെന്നതൊഴിച്ചാല് അദ്ദേഹം തികച്ചും ആരോഗ്യവാനായിരുന്നു. ഭാര്യ രമയും മകള്‍ പ്രീതിയും അദ്ദേഹത്തെ പരിചരിച്ച് ഒപ്പമുണ്ടായിരുന്നു. ഈ വിധത്തില്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നതില്‍ അവരും തുല്യ ദുഃഖിതരായിരുന്നു. ‘ഞങ്ങളെ പൊന്നുപോലെ നോക്കിയ ആളാണ്. ഞങ്ങള്‍ക്ക് ജീവനുള്ളിടത്തോളം കാലം അദ്ദേഹത്തിന് ഒരു കുറവും വരാതെതന്നെ നോക്കും.’ അന്ന് രമ ഞങ്ങളോട് പറഞ്ഞ വാക്കുകളാണ്. ജീവിതാവസാനം വരെയും രമ ആ വാക്ക് പാലിച്ചു.
അന്ന് അവിടുന്ന് യാത്ര പറഞ്ഞ് മടങ്ങുമ്പോള്‍ ഒന്നുരണ്ട് കാര്യങ്ങള്‍ രമ പറയാതെ പറഞ്ഞു. പി.കെ.ആര് പിള്ളയുടെ ചികിത്സയ്ക്കും മരുന്നിനുമുള്ള ഭീമമായ ചെലവിനെക്കുറിച്ച് അവര്‍ വല്ലാതെ ആശങ്കപ്പെടുന്നുണ്ടായിരുന്നുവെന്ന് തോന്നി.
അടുത്ത ലക്കം ഇറങ്ങിയ നാനയില്‍ പി.കെ.ആര്. പിള്ളയുടെ ജീവിതത്തെക്കുറിച്ച് നീണ്ട ലേഖനം എഴുതി. അത് ലാലിന്റെ ശ്രദ്ധയിലും പെട്ടിരുന്നു. തൊട്ടടുത്ത ദിവസം നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ എന്നെ വിളിച്ചു. ‘ലാല്‍ സാറിന് ഒരിക്കലും മറക്കാനാവാത്ത ആളാണ് പി.കെ.ആര്. പിള്ള സാര്‍. അദ്ദേഹത്തിന് എന്ത് സഹായം വേണമെങ്കിലും ചെയ്തുകൊടുക്കാനാണ് ലാല്‍സാര്‍ പറഞ്ഞിരിക്കുന്നത്. ഞങ്ങള്‍ എന്താണ് ചെയ്യേണ്ടത്.’ ആന്റണി ചോദിച്ചു.
പി.കെ.ആര്. പിള്ളയുടെ ഒരു ബന്ധു ഉണ്ടായിരുന്നു. മോഹന്‍ എന്നായിരുന്നു അദ്ദേഹത്തിന്റെ പേര്. കസ്റ്റംസ് ഉദ്യോഗസ്ഥനായിരുന്നു. പി.കെ.ആര് പിള്ളയുടെ വീട്ടില്‍ ഞങ്ങള്‍ ആദ്യം എത്തുന്നത് അദ്ദേഹത്തോടൊപ്പമാണ്. ഞാന്‍ അദ്ദേഹവുമായി സംസാരിച്ചു. പി.കെ.ആര് പിള്ളയുടെ ഒരു മാസത്തെ ചെലവിനും മരുന്നുകള്‍ക്കുമായി ഒരു തുക അദ്ദേഹത്തിന്റെ പേരില്‍ ബാങ്ക് അക്കൗണ്ട് തുടങ്ങി അതില്‍ നിക്ഷേപിക്കാന്‍ തീരുമാനിച്ചു. അതിന്റെ മേല്‍നോട്ട ചുമതല മോഹനെ ഏല്‍പ്പിച്ചു. അതിന്റെ പിറ്റേ മാസം മുതല്‍ ആശിര്‍വാദിന്റെ അക്കൗണ്ടില്‍നിന്ന് ആ തുക പി.കെ.ആര്. പിള്ളയുടെ ബാങ്ക് അക്കൗണ്ടില്‍ എത്തുന്നുണ്ടായിരുന്നു.
പിന്നീട് രമയെ വിളിക്കുമ്പോഴെല്ലാം മുടങ്ങാതെ ബാങ്കിലെത്തുന്ന ആ തുകയെക്കുറിച്ച് അവര്‍ നന്ദിയോടെ പറയാറുണ്ടായിരുന്നു. ഈ മാസവും ആ തുക കൃത്യമായി എത്തിച്ചേര്‍ന്നു. മോഹന്‍ലാല്‍ പി.കെ.ആര്. പിള്ളയെ സഹായിക്കുന്ന വിവരം ഇപ്പോള്‍ ഞങ്ങള്‍ എഴുതുമ്പോള്‍ മാത്രമാകും പുറംലോകം അറിയാന്‍ തുടങ്ങുന്നതും. അത് മറ്റാരും അറിയരുതെന്ന് ലാലും ആഗ്രഹിച്ചിട്ടുണ്ടായിരുന്നു.
പി.കെ.ആര്. പിള്ള ഓര്‍മ്മയാകുമ്പോള്‍ നടക്കാതെ പോയ ഒരു വലിയ ആഗ്രഹംമാത്രം ബാക്കിയാകുന്നു. മോഹന്‍ലാല്‍ എന്നെങ്കിലും വീട്ടിലെത്തി തന്നെ കാണുമെന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നു. പാലക്കാട് എവിടെയെങ്കിലും ഷൂട്ടിംഗ് ഉള്ളപ്പോള്‍ അതിന് ശ്രമിക്കാമെന്ന് ലാലും പറഞ്ഞതോര്‍ക്കുന്നു. ആ സ്വപ്നം മാത്രമാണ് ബാക്കിയാകുന്നത്.
കെ. സുരേഷ്.
Recent Comments