ഇന്നലെ നടന് മോഹന്‍ലാലിന്റെയും ഭാര്യ സുചിത്രയുടെയുടെയും 36-ാം വിവാഹവാര്‍ഷികമായിരുന്നു. 1988 ഏപ്രില്‍ 28ന് തിരുവനന്തപുരത്തെ ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തില്‍ വെച്ചായിരുന്നു ഇവരുടെയും വിവാഹം. ഇന്നലെ, വിവാഹ വാര്‍ഷികദിനത്തില്‍ സുചിത്രയ്ക്ക് ആശംസ നേര്‍ന്ന് മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പ് ശ്രദ്ധ നേടിയിരുന്നു.
പ്രശസ്ത തമിഴ് നടനും നിര്‍മ്മാതാവായ കെ. ബാലാജിയുടെ മകളും സുരേഷ് ബാലാജിയുടെ സഹോദരിയുമാണ് സുചിത്ര. നിരവധി പ്രമുഖര്‍ മോഹന്‍ലാലിന്റെ വിവാഹത്തിന് സാക്ഷ്യം വഹിക്കാന്‍ എത്തിയിരുന്നു. ആ വിവാഹ വീഡിയോ ഇന്നും യൂട്യൂബില്‍ വൈറലാണ്. മമ്മൂട്ടിയുടെ മാസ് എന്‍ട്രിയും ഒടുവിലിന്റെ സിഗരറ്റ് വലിക്കുന്ന ഷോട്ടുമെല്ലാം ഒരു സിനിമയെക്കാള്‍ മനോഹരമായി ആ വീഡിയോയില്‍ കാണാന്‍ സാധിക്കും.
എന്നാല്‍ ഇരുവരുടെയും കല്യാണത്തിന്റെ പിറ്റേ ദിവസം, കൃത്യമായി പറഞ്ഞാല്‍ ഏപ്രില്‍ 29 വെളുപ്പിനെ മുതല്‍ മോഹന്‍ലാലിന്റെ വീടിന് മുമ്പില്‍ രണ്ടു പേര് കുത്തിയിരിക്കുകയായിരുന്നു. അന്ന് മോഹന്‍ലാല്‍ അഭിനയിച്ച് കൊണ്ടിരുന്ന ചിത്രം പാദമുദ്രയായിരുന്നു. ഒരു ദിവസം നഷ്ടമായാല്‍ അത്രയും ധനനഷ്ടം ഉണ്ടാകും എന്ന് കണ്ട് കല്യാണത്തിന്റെ അടുത്ത ദിവസം തന്നെ ഷൂട്ടിങ്ങ് വെച്ചു. മോഹന്‍ലാല്‍ വ്യത്യസ്തമായ ഗെറ്റപ്പില്‍ വരുന്ന ചിത്രമായത് കൊണ്ട് മേക്കപ്പിടാന്‍ കൂടുതല്‍ സമയം ആവശ്യമായിരുന്നു. അതിനായി മോഹന്‍ലാല്‍ സൈറ്റില്‍ നേരത്തെ എത്തണം.
മോഹന്‍ലാലിനെ രാവിലെ തന്നെ വിളിച്ചോണ്ട് വരാന്‍ രണ്ടു പേരെയാണ് പ്രൊഡക്ഷന്‍ നിയോഗിച്ചത്. അതിനായി അവര്‍ വീടിനു മുമ്പില്‍ പ്രഭാതം പൊട്ടി വിടരുന്നതിന്റെ മുമ്പ് തന്നെ കുത്തിയിരുന്നു. അങ്ങനെ രാവിലെ മോഹന്‍ലാലിനെ ബെഡില്‍ നിന്ന് വിളിച്ചുണര്‍ത്തി സെറ്റില്‍ എത്തിച്ചത് ആ രണ്ടു പേര് ആയിരുന്നു.
അതില്‍ ആദ്യത്തെ വ്യക്തി ജൂബിലി യൂണിറ്റിലെ മണക്കാട് രാമചന്ദ്രനായിരുന്നു. രണ്ടാമത്തെ വ്യക്കി പാദമുദ്രയുടെ സഹസംവിധായകനായ ഷാജി കൈലാസാണ്. പിന്നീട് ഷാജി കൈലാസ് മോഹന്‍ലാലിന്റെ സിനിമ ജീവിതത്തിലെ വലിയ വിജയങ്ങള്‍ സമ്മാനിച്ച സംവിധായകനായി മാറി എന്ന കൗതുകവും ആ വിവാഹവുമായി ബന്ധപ്പെട്ടു കിടക്കുന്നു.
Recent Comments