സംവിധായകനും തിരക്കഥാകൃത്തുമായ ഹരികുമാര്‍ അന്തരിച്ചു. കാന്‍സര്‍ ബാധിതനായി അദ്ദേഹം ചികിത്സയിലായിരുന്നു. തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ അല്‍പ്പം മുമ്പായിരുന്നു വിയോഗം.
സുകുമാരിയും ജഗതി ശ്രീകുമാറും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച ആമ്പല്പൂ എന്ന ചിത്രത്തിലൂടെയാണ് ഹരികുമാര്‍ സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നത്. ചിത്രത്തിന്റെ കഥാകൃത്തും ഹരികുമാറായിരുന്നു. പെരുമ്പടവം ശ്രീധരനാണ് തിരക്കഥ ഒരുക്കിയത്. എം.ടി. വാസുദേവന്‍ നായരുടെ തിരക്കഥയില്‍ ഹരികുമാര്‍ സംവിധാനം ചെയ്ത സുകൃതത്തിന് മികച്ച പ്രാദേശിക ചിത്രത്തിനുള്ള ദേശീയ പുരസ്കാരം ലഭിച്ചിരുന്നു. മമ്മൂട്ടിയും ഗൗതമിയുമായിരുന്നു ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
ലോഹിതദാസിന്റെ തിരക്കഥയില്‍ ഉദ്യാനപാലകന്‍ എന്ന ചലച്ചിത്രവും സംവിധായകനെന്ന നിലയില്‍ ഹരികുമാറിന്റെ മിഴിവ് തിരിച്ചറിഞ്ഞ ചിത്രമായിരുന്നു. ബാലചന്ദ്രന് ചുള്ളിക്കാടിന്റെ രണ്ട് തിരക്കഥകള്ക്കുവേണ്ടിയും അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. ജാലകവും ഊഴവും.
എം. മുകുന്ദന്റെ തിരക്കഥയില്‍ അദ്ദേഹം സംവിധാനം ചെയ്ത ഓട്ടോറിക്ഷാക്കാരന്റെ ഭാര്യയാണ് ഏറ്റവും ഒടുവിലായി ചെയ്ത ചിത്രം. സുരാജ് വെഞ്ഞാറമൂടും ആന്‍ അഗസ്റ്റിനുമായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങള്‍. ദേശീയ ചലച്ചിത്ര പുരസ്കാര ജ്യൂറിയില്‍ അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. പറഞ്ഞുതീരാത്ത വിശേഷങ്ങള്‍, പുലര്‍വെട്ടം, എഴുന്നെള്ളത്ത്, പുലിവരുന്നേ പുലി, അയനം, ഒരു സ്വകാര്യം, സ്നേഹപൂര്‍വ്വം മീര എന്നിവയും ഹരികുമാര്‍ സംവിധാനം ചെയ്ത ചിത്രങ്ങളാണ്. മാക്ടയുടെയും കെ.ആര്. നാരായണന് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെയും ചെയര്‍മാനായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.
പരേതയായ ചന്ദ്രികയാണ് ഭാര്യ. അമ്മു ഹരികുമാര്‍, ഗീതാഞ്ജലി ഹരികുമാര്‍ മക്കളാണ്. അച്ഛനും സംവിധായകന് കമലിനുമൊപ്പം അസിസ്റ്റന്റ് ഡയറക്ടറായി ഗീതാഞ്ജലിയും പ്രവര്‍ത്തിച്ചിട്ടുണ്ട്. സംസ്കാരച്ചടങ്ങുകള്‍ നാളെ നടക്കും.
Recent Comments