തന്റെ മുന്നിലേയ്ക്കെത്തുന്ന ഒരു കലാസൃഷ്ടിയെ ഇഷ്ടപ്പെടാനും ഇഷ്ടപ്പെടാതിരിക്കാനും പ്രേക്ഷകര്‍ക്ക് നൂറ് ശതമാനവും അവകാശമുണ്ട്. പക്ഷേ നിരൂപണം, അതറിയുന്നവര്തന്നെ നടത്തണം. സിനിമയെക്കുറിച്ച് കൃത്യമായി പഠിച്ചവര്‍ തന്നെ അഭിപ്രായം പറയണം. അങ്ങനെയുള്ളവരാണോ ചില്ലുകൂട്ടിലിരുന്ന് കല്ലെറിയുന്നത്? സംശയിക്കേണ്ടിയിരിക്കുന്നു. ഇത്രയും ആമുഖമായി സൂചിപ്പിച്ചത്, സോഷ്യല്‍ മീഡിയയില്‍ മോണ്‍സ്റ്റര്‍ എന്ന സിനിമയെക്കുറിച്ച് നടക്കുന്ന പ്രചണ്ഡ പ്രചരണത്തെ മുന്‍നിര്‍ത്തിയാണ്.
ഇത്തരലൊരു ആക്രമണം നേരിടേണ്ട സിനിമയാണോ മോണ്‍സ്റ്റര്‍. അല്ലേയല്ല. മോണ്‍സ്റ്റര്‍ ഒരു മഹത്തായ സൃഷ്ടിയാണെന്ന് അതിന്റെ അണിയറപ്രവര്ത്തകര്പോലും അവകാശപ്പെട്ടിട്ടില്ല. പ്രേക്ഷകരെ വിനോദിപ്പിക്കുക എന്ന ദൗത്യംമാത്രമേ അവരേറ്റെടുത്തിട്ടുള്ളൂ. അത് പ്രേക്ഷകര്‍ക്ക് അനുഭവവേദ്യമാകുന്നുണ്ടോ ഇല്ലയോ, എന്നതാണ് പ്രധാന ചോദ്യം. അത് ഓരോ പ്രേക്ഷകന്റെയും ആസ്വാദനതലമനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. ഒരാളുടെ ശാരീരികനില മാനസികാവസ്ഥ ഇതെല്ലാം അതിനെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. അവര്‍ക്ക് നേരെയാണ് സിനിമയുടെ ഇടവേളകളിലും അതിനുശേഷവും മൈക്കുമായി കയറിച്ചെന്ന് റിവ്യൂ ചെകയാന്‍ പോകുന്നത്. അങ്ങനെയുള്ള ഒരുത്തനേയും തീയേറ്ററിനുള്ളില്‍ കടത്തരുത്. ഇങ്ങനെയൊരു ശക്തമായ ഒരു തീരുമാനമെടുക്കാന്‍ സിനിമാ സംഘടനകള്‍ എല്ലാം ചേര്‍ന്ന് തയ്യാറാകണം. അതിനെങ്കിലും അവര്‍ ഒത്തൊരുമിച്ച് നില്‍ക്കണം.
ഇനി മോണ്‍സ്റ്ററിനെക്കുറിച്ച് രണ്ട് വാക്ക്. മഞ്ജു ലക്ഷ്മിയെ ഈ സിനിമയിലേയ്ക്ക് തെരഞ്ഞെടുക്കുമ്പോള്‍ എന്തിന് ഇങ്ങനെയൊരു കാസ്റ്റിംഗെന്ന് ചോദിച്ചുപോയിട്ടുണ്ട്. സിനിമ കണ്ടിറങ്ങുമ്പോള്‍ ആ ചോദ്യം തെറ്റായിപ്പോയെന്ന് സമ്മതിക്കേണ്ടിവരും. മാര്‍ഷല്‍ ആര്‍ട്ട്സിലെ അവരുടെ പ്രാഗത്ഭ്യം എങ്ങനെ സമര്‍ത്ഥമായി ഉപയോഗിച്ചിരിക്കുന്നുവെന്നും സ്റ്റേജ് ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ അവരുടെ അനുഭവസമ്പത്തിനെ എങ്ങനെ ബുദ്ധിപൂര്‍വ്വം പ്രയോജനപ്പെടുത്തിയിരിക്കുന്നുവെന്നതിനും മോണ്‍സ്റ്റര്‍ നല്ല ഒന്നാന്തരം തെളിവാണ്. അതുപോലെ ഹണിറോസ് എന്ന അഭിനേത്രിയുടെ കരിയര്‍ ബെസ്റ്റാണ് ഈ ചിത്രം. ഇങ്ങനെയുള്ള വേഷങ്ങളും തനിക്കിണങ്ങുമെന്ന് അവര്‍ പ്രകടനംകൊണ്ട് തെളിയിച്ചിരിക്കുന്നു. വെള്ളിത്തിരയിലെ പകര്‍ന്നാട്ടങ്ങള്‍ കൊണ്ട് അത്ഭുതങ്ങള്‍ കാട്ടിയിട്ടുള്ള മോഹന്‍ലാലിലെ സംബന്ധിച്ചിടത്തോളം മോണ്‍സ്റ്റര്‍ ഒരു വെല്ലുവിളിയേയായിരുന്നില്ല. മണ്ണിണൊരല്പ്പം പശിമയില്ലെങ്കിലും തനിക്ക് ചാരുതയാര്‍ന്ന ശില്പ്പങ്ങള് മെനയാനാകുമെന്ന് ഒരിക്കല്‍കൂടി തെളിയിച്ചിരിക്കുകയാണ് സംവിധായകന് വൈശാഖ്. ആസ്വാദനത്തിന്റെ ഏത് ത്രാസ്സിലിട്ട് തുലനം ചെയ്താലും മോണ്‍സ്റ്ററിന്റെ തട്ട് ഒന്ന് ഉയര്‍ന്നുതന്നെ നില്ക്കും. കാരണം അതൊരു ക്ലീന്‍ എന്റര്‍ടെയ്നറാണ്.
Recent Comments