അരുണ്ചന്തുവിന്റെ സുഹൃത്താണ് സ്റ്റീവ്. അദ്ദേഹത്തിന് റാന്നിക്കടുത്ത് മണിമലയില്‍ ഒരു ബേക്കറി ഉണ്ട്. സാജന് ബേക്കറി SINCE 1962 എന്നാണ് പേര്. സ്റ്റീവിന്റെ അപ്പന്റെ പേരാണ് സാജന്. ഇത് റിയല്‍. ഇനി റീലിലേയ്ക്ക് വരാം. സിനിമയുടെ പേരും ഭൂപ്രദേശവും മാത്രമേ റിയല്‍ ലൈഫില്‍നിന്ന് സംവിധായകന് അരുണ്‍ ചന്തു കടമെടുത്തിട്ടുള്ളത്. ബാക്കിയെല്ലാം ഫിക്ഷനാണ്.
റാന്നിയില്തന്നെയുള്ള സെന്ട്രലെന്നും അമ്പാടിയെന്നും പേരുള്ള രണ്ട് ബേക്കറികളിലായിട്ടാണ് സിനിമയുടെ ഷൂട്ടിംഗ് നടന്നത്.
ഷൂട്ടിംഗിന് വരുമ്പോള്‍ ലെന ഒരു പ്രതിജ്ഞ എടുത്തിരുന്നു, ബേക്കറി സാധനങ്ങള്‍ കൈകൊണ്ട് തൊടില്ല. ആദ്യത്തെ രണ്ടുമൂന്ന് ദിവസം വാക്ക് പാലിച്ചു. പോകെപ്പോകെ വ്രതം മുറിഞ്ഞു. അജുവര്‍ഗ്ഗീസും ഒപ്പം കൂടി. യൂണിറ്റ് അംഗങ്ങളും അവരുടെ ഭാഗം മോശമാക്കിയില്ല. ബേക്കറിസാധനങ്ങള്‍ കഴിക്കാനുള്ള മത്സരമാണ് പിന്നെ അവിടെ നടന്നത്. ഷൂട്ടിംഗ് നടക്കുന്നത് ബേക്കറിക്കകത്താണല്ലോ. അവരുടെ കച്ചവടം മുടക്കാതെയാണ് ഷൂട്ടിംഗ് നടത്തിയിരുന്നത്. അതുകൊണ്ട് ഇടയ്ക്കിടെ ചൂടുള്ള ബേക്കറി പലഹാരങ്ങള്‍ എത്തും. ആദ്യം രുചിച്ചു നോക്കും. ഇഷ്ടപ്പെട്ടുകഴിഞ്ഞാല്‍ പിന്നെ ഓര്‍ഡര്‍ ചെയ്യലായി. ഇത് പതിവായപ്പോള്‍ ടെന്‍ഷനായത് അജുവര്‍ഗ്ഗീസാണ്. പടത്തിന്റെ നിര്മ്മാണപങ്കാളികൂടിയാണല്ലോ അജു. (അജുവര്‍ഗ്ഗീസും ധ്യാന്‍ ശ്രീനിവാസനും വിശാഖ് സുബ്രഹ്മണ്യവുമാണ് ഫന്റാസ്റ്റിക് ഫിലിംസിന്റെ ഉടമകള്‍) നല്ലൊരു ബില്ല് എല്ലാ വൈകുന്നേരങ്ങളിലും പ്രൊഡക്ഷന്‍ കണ്ട്രോളര് സജി ചന്തിരൂര്‍ ബേക്കറിയില്‍ സെറ്റില്‍ ചെയ്യുന്നുണ്ട്. ഇടയ്ക്കിടെ അജുവിന്റെ മുഖം മങ്ങാന്‍ തുടങ്ങുമ്പോള്‍ സംവിധായകന് കാര്യം മനസ്സിലാകും. പിന്നെ പലതും പറഞ്ഞ് സമാധാനിപ്പിച്ചാണ് തിരിച്ചുകൊണ്ടുവരുന്നത്.
അജുവും മോശമല്ലല്ലോ. നയന്‍താരയെപ്പോലെ ഒരു ലേഡി സൂപ്പര്സ്റ്റാറിനെവച്ച് സിനിമ പിടിച്ച നിര്‍മ്മാതാവാണ്. അനുഭവങ്ങളുടെ ഭാണ്ഡക്കെട്ടാണ് ചുമലില്‍. ബേക്കറി സാധനങ്ങള്‍ കൂടുതല്‍ ചെലവാകുന്ന ദിവസം അജു പ്രൊഡക്ഷനില്‍ പറഞ്ഞ് ലഘുഭക്ഷണങ്ങള്‍ കട്ട് ചെയ്തുകൊണ്ടിരുന്നു. ഒരു വഴിയിലൂടെ കൊഴിഞ്ഞുപൊയ്ക്കൊണ്ടിരുന്ന നഷ്ടത്തെ അങ്ങനെ മറുവഴിയിലൂടെ നേടി.
ഭക്ഷണ സമൃദ്ധി താരങ്ങളെ ഒട്ടൊന്നുമല്ല സന്തോഷിപ്പിച്ചത്. അതവരുടെ പ്രകടനത്തിലും കണ്ടു. മത്സരിച്ചാണ് ഓരോ താരങ്ങളും അഭിനയിച്ചത്. പ്രത്യേകിച്ചും അജു-ഗണേഷ്കുമാര്-ലെന കോമ്പിനേഷന്‍. അവരുടെ പൂന്തിവിളയാട്ടമാണ് സാജന്‍ബേക്കറി.
തിരക്കഥാ രചനയിലും അജുവിന്റെ കോണ്ട്രിബ്യൂഷന് ഉണ്ടായിരുന്നു. ‘താന്‍ വെറുമൊരു സ്ക്രിപ്റ്റ് അപ്രന്റീസെന്നാണ്’ അജുവിന്റെ അവകാശവാദമെങ്കിലും അങ്ങനെയല്ലെന്നാണ് സംവിധായകന് അരുണിന്റെ പക്ഷം. ‘ഞങ്ങളൊരു ത്രെഡുമായിട്ടാണ് അജുവേട്ടനെ ആദ്യം കാണാന്‍ പോകുന്നത്. കഥ എവിടെ ഫിക്സ് ചെയ്യണം എന്ന കൃത്യമായ നിര്‍ദ്ദേശം തന്നത് അജുവേട്ടനാണ്. അതുപോലെ തിരക്കഥയുടെ പല ഇടങ്ങളിലും അദ്ദേഹത്തിന്റെ ക്രിയേറ്റീവ് സജക്ഷന്‍സ് ഉണ്ടായിരുന്നു. അതൊക്കെ അതേപടി ചേര്‍ത്തിട്ടുണ്ട്. എന്റെ അനുഭവത്തില്‍ സിനിമയെ വളരെ സൂക്ഷ്മമായി പഠിച്ചുകൊണ്ടിരിക്കുന്ന അഭിനേതാവാണ് അജുവേട്ടന്. അധികം വൈകാതെ ഒരു സംവിധായകനാകുമെന്നാണ് എന്റെ വിശ്വാസം.’
സാജന് ബേക്കറിയിലെ രണ്ട് പാട്ടുകള്‍ ഇതിനോടകം പുറത്തിറങ്ങിയിട്ടുണ്ട്. രണ്ടും പ്രേക്ഷകര്‍ ഹൃദയത്തിലേറ്റുവാങ്ങി. 27 ന് ട്രെയിലര്‍ റിലീസ് ചെയ്യും. ഫെബ്രുവരി 12 നാണ് ചിത്രം തീയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുന്നത്. പ്രേക്ഷകര്‍ പ്രതീക്ഷയോടെയാണ് ഈ ചിത്രത്തെയും കാത്തിരിക്കുന്നത്.
Recent Comments