ജീത്തുജോസഫ് ചിത്രം 12th Man സെപ്തംബര്‍ ആറിന് എറണാകുളത്ത് തുടങ്ങും. ഒരു ദിവസത്തെ വര്‍ക്ക് മാത്രമേ എറണാകുളത്ത് ഉണ്ടാകൂ. തുടര്‍ന്ന് കുളമാവിലേയ്ക്ക് ഷിഫ്റ്റ് ചെയ്യും. സിനിമയുടെ പ്രധാന പോര്‍ഷനുകള്‍ ഷൂട്ട് ചെയ്യുന്നത് കുളമാവിലാണ്. അവിടെ ഗ്രീന്‍ബര്‍ഗ് റിസോര്‍ട്ടാണ് പ്രധാന ലൊക്കേഷന്‍. ചിത്രത്തിലെ വീടിന്റെ സെറ്റിട്ടിരിക്കുന്നതും അവിടെയാണ്.
ചിത്രത്തിന്റെ പൂജ ചിങ്ങം 1 നായിരുന്നു. ഇതിനോടനുബന്ധിച്ച് രണ്ട് ദിവസത്തെ ഷൂട്ടിംഗും എറണാകുളത്ത് നടന്നിരുന്നു.
നേരത്തെ സെപ്തംബര്‍ 5 ന് ഷൂട്ടിംഗ് തുടങ്ങാനായിരുന്നു പ്ലാന്‍. 5-ാം തീയതി ഞായറാഴ്ചയാണ്. അന്ന് സമ്പൂര്‍ണ്ണ ലോക് ഡൗണ്‍ ആയതിനാല്‍ 6 ലേയ്ക്ക് മാറ്റുകയായിരുന്നു. എറണാകുളം ഷെഡ്യൂളില്‍ ലാല്‍ ഒഴിച്ചുള്ള എല്ലാ താരങ്ങളും പങ്കെടുക്കുന്നുണ്ട്. ഉണ്ണി മുകുന്ദന്, സൈജു കുറുപ്പ്, രാഹുല്‍ മാധവ്, ചന്ദുനാഥ്, അനുമോഹന്‍, അനു സിത്താര, അനുശ്രീ, പ്രിയങ്ക നായര്‍, ലിയോണ, അതിഥി രവി, ശിവദ എന്നിവരാണ് താരനിരയിലുള്ളത്. മോഹന്‍ലാല്‍ 10 ന് ജോയിന്‍ ചെയ്യും.
ഇപ്പോള്‍ ബ്രോഡാഡിയുടെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട ലാല്‍ ഹൈദരാബാദിലാണുള്ളത്. സെപ്തംബര്‍ 7 ന് ബ്രോഡാഡിയുടെ ഷൂട്ടിംഗ് പൂര്‍ത്തിയാകും. തുടര്‍ന്നദ്ദേഹം കേരളത്തിലേയ്ക്ക് എത്തും.
ജീത്തു ലാല്‍ കൂട്ടുകെട്ടിലുള്ള നാലാമത്തെ ചിത്രമാണ് 12th Man. ദൃശ്യം ഒന്നും രണ്ടും ഭാഗങ്ങള്‍ക്കുശേഷം റാമിലും ഇവര്‍ ഒരുമിച്ചിരുന്നു. റാമിന്റെ കേരളത്തിലുള്ള ഷൂട്ടിംഗ് പൂര്‍ത്തിയായെങ്കിലും ഇനിയുള്ള ഭാഗങ്ങള്‍ ലണ്ടനിലാണ് ചിത്രീകരിക്കാനുള്ളത്. കോവിഡ് പശ്ചാത്തലത്തില്‍ ഷൂട്ടിംഗ് അനിശ്ചിതമായി നീളുകയാണ്.
ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് 12th Man നിര്‍മ്മിക്കുന്നത്.
Recent Comments