സാധാരണ പതിവുള്ളതല്ല . ഇത്തവണ അത് തെറ്റിച്ചു . നിറഞ്ഞ സദസിൽ ആടുജീവിതം കണ്ടിറങ്ങിയതിന് പിന്നാലെ സംവിധായകൻ ബ്ലെസിയെ വിളിച്ചു . “എങ്ങനെയുണ്ട് സിനിമ?” ബ്ലെസിയുടെ ഉദ്വേഗം നിറഞ്ഞ ചോദ്യം . പൊതുവെ വാചാലനാകേണ്ടതാണ് . പക്ഷേ വാക്കുകൾക്ക് വേണ്ടി പരതി .മഹാത്ഭുതം എന്ന് ഒറ്റവാക്കിൽ സിനിമയെ വിശേഷിപ്പിച്ചു . പിന്നെയും എന്തൊക്കെയോ പറഞ്ഞു.അടുത്തു കിട്ടിയിരുന്നെങ്കിൽ ഞാൻ ബ്ലെസിയുടെ കാൽ തൊട്ട് വണങ്ങുമായിരുന്നു .
അവിടം കൊണ്ടും ആവേശം തീർന്നിരുന്നില്ല . പൃഥ്വിരാജിനെയും ഫോണിൽ വിളിച്ചു. സാധാരണ കിട്ടാറുള്ളതല്ല . പക്ഷേ ഇത്തവണ അദ്ദേഹം ഫോൺ എടുത്തു . പൃഥ്വി വീട്ടിലുണ്ടായിരുന്നു .പൃഥ്വിയുടെ പകർന്നാട്ടം കണ്ടുകൊണ്ട് വിസ്മയത്തോടെ ഇരുന്നുവെന്ന് മാത്രം പറഞ്ഞപ്പോൾ എല്ലാ ക്രെഡിറ്റും ബ്ലെസിയേട്ടന് അവകാശപ്പെട്ടതാണെന്ന് അദ്ദേഹം വിനയത്തോടെ പ്രതിവചിച്ചു.
അങ്ങനെയെ പൃഥ്വിരാജിനും പറയാൻ കഴിയൂ . കാരണം പൃഥ്വിയുടെ കരിയറിൽ ഇതുപോലെ വെല്ലുവിളി നിറഞ്ഞ ഒരു കഥാപാത്രം ഉണ്ടായിട്ടില്ല . ഉണ്ടായിട്ടുണ്ടെങ്കിൽ തന്നെ അതിൽ പൂർണത ദർശിക്കാനായിട്ടില്ല .നജീബിലൂടെ അത് സമ്പൂർണമാകുന്നു. സൂക്ഷമാഭിനയം കൊണ്ട് മാത്രമല്ല ഡയലോഗ് ഡെലിവറി കൊണ്ടും പൃഥ്വി അമ്പരപ്പിക്കുകയാണ് . പേരെടുത്ത ഇതിഹാസ താരങ്ങളുടെ പ്രകടനങ്ങൾക്ക് മുകളിലും താഴെയുമല്ല അവർക്കൊപ്പം തന്നെയാണ് നജീബിലൂടെ പൃഥ്വിയും .ശരീരവും മനസ്സും സമർപ്പിച്ചു കൊണ്ടുള്ള പൃഥ്വിയുടെ തീർത്ഥാടനത്തിന് ആടുജീവിതം ഉത്തമ മാതൃകയാണ് . ഇനി ഭയം ഒന്ന് മാത്രമേയുള്ളു . ഇതിനും മുകളിൽ പൃഥ്വിക്ക് കെട്ടിയാടേണ്ടി വരുന്ന വേഷം ഏതാകും ? പൃഥ്വിയേയും അത് കുഴപ്പിക്കും എന്ന കാര്യത്തിൽ സംശയമില്ല .
മഹാത്ഭുതങ്ങൾ വല്ലപ്പോഴും മാത്രമേ സംഭവിക്കാറുള്ളു . ആടുജീവിതവും ഇന്ത്യൻ സിനിമയിലെ മഹാത്ഭുതമാണ് . ആദ്യാന്തം പ്രേക്ഷകരെ സിനിമയ്ക്കൊപ്പം സഞ്ചരിപ്പിക്കുന്ന മാജിക്ക്. മരുഭൂമിയുടെ വിശാലത , അവിടുത്തെ കാറ്റ് , ഒട്ടകങ്ങൾ , ചെമ്മരിയാടുകൾ , അവയ്ക്കിടയിലെ മനുഷ്യ ജീവിതം , രക്ഷപ്പെടാനുള്ള ത്വര ഒക്കെയും ചേർന്നുള്ള പഴുതുകളില്ലാത്ത ദൃശ്യവിസ്മയമാണത്. ആര് മുൻപെ എന്നല്ല എല്ലാവരും ഒത്തുചേർന്ന് സൃഷ്ടിക്കുന്ന ഹാർമണിയാണത് . അതിനെ കണ്ടക്ട് ചെയ്യാൻ ഒരേ ഒരു സംവിധായകനെ ഉണ്ടായിരുന്നുള്ളു. അത് ബ്ലെസിയാണ് . അദ്ദേഹത്തെ മലയാള സിനിമയ്ക്ക് വേണ്ടി പ്രണമിക്കുന്നു .
മരുഭൂമിയെ ദൃശ്യവല്കരിക്കുകയല്ല അനുഭവഭേദ്യമാക്കുന്ന ദൃശ്യഭാഷയാണ് ഛായാഗ്രാഹകൻ സുനിലിൻ്റെത്. അതിലേക്ക് സന്നിവേശിപ്പിക്കുന്ന ഘടകങ്ങളാണ് ഏ ആർ റഹ്മാൻ്റെ സംഗീതവും , റസൂൽ പൂക്കുട്ടിയുടെ ശബ്ദമിശ്രണവും , പ്രശാന്ത് മാധവിൻ്റെ കലാസംവിധാനവും , രഞ്ജിത് അമ്പാടിയുടെ ചമയ കലയും ,സ്റ്റെഫി സേവ്യറുടെ വസ്ത്രാലങ്കാരതികവുകളുമെല്ലാം . അങ്ങനെ കലകളുടെ സമഞ്ജസ സമ്മേളനത്തിൻ്റെ പുതുനിലാവാവുകയാണ് ആടുജീവിതം .
ദേശീയ-സംസ്ഥാന പുരസ്കാരങ്ങളല്ല , റിലീസിന് മുന്നേ ആടുജീവിതത്തിന് ഓസ്കർ പ്രഖ്യാപിച്ചവർ വരെയുണ്ട് . അത് എന്തു തന്നെ ആയിക്കൊള്ളട്ടെ . സിനിമ കണ്ടിറങ്ങിയ ഒരോ പ്രേക്ഷകൻ്റെയും മുന്നിലേക്ക് മൈക്കും പിടിച്ച് ഓടിയടുത്ത ചാനൽ പടയോട് ഒന്നും സംസാരിക്കാനില്ലാതെ നിന്ന അവരുടെ ഹൃദയവേദനയുണ്ടല്ലോ , അതൊന്ന് മതി ആടുജീവിതത്തെ എല്ലാ പുരസ്കാരങ്ങൾക്ക് മീതെയും പ്രതിഷ്ഠിക്കാൻ . .പലതവണ തിയേറ്ററുകളിൽ മുഴങ്ങിക്കേട്ട കയ്യടികളും എല്ലാ അവാർഡുകൾക്കും മേലെയാണ് . അവാർഡ് കളത്തിൽ ആടുജീവിതത്തെ ഒതുക്കാൻ ശ്രമിക്കരുത് . അത് നമ്മെ ചെറുതാക്കുകയെയുള്ളു . ആടുജീവിതം അപ്പോഴും സകല സൗന്ദര്യത്തോടെയും അതിൻ്റെ വിശ്വരൂപം പൂണ്ട് നിലനിൽക്കുകയും ചെയ്യും
Recent Comments