താരരാജാക്കന്മാരുടെ ചിത്രങ്ങള്‍ തകര്‍ത്തോടിയ കാലയളവില്‍ അന്നത്തെ യുവനടനായ പൃഥ്വിരാജ് സുകുമാരനെ നായകനാക്കി സന്തോഷ് ശിവന് ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് അനന്തഭദ്രം. ഒട്ടേറെ പുതുമകള്‍ സമ്മാനിച്ച ചിത്രം പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിക്കുകയായിരുന്നു. മനോജ് കെ. ജയന്റെ ഏറെ വ്യത്യസ്തമായ കഥാപാത്രം- ദിഗംബരന് ഇന്നും സിനിമ കണ്ടിട്ടുള്ളവരില്‍ ഭീതിജനകമായ ഓര്‍മ്മപ്പെടുത്തലാണ്. ഒപ്പം നായികയായി മലയാളികളുടെ പ്രിയപ്പെട്ട കാവ്യാമാധവനും മികച്ച അഭിനയം കാഴ്ചവച്ച സിനിമയായിരുന്നു അനന്തഭദ്രം.
ഒരു സംവിധായകന്റെ ആദ്യചിത്രം എന്നതിലുപരി മികവുറ്റ സംവിധാന പ്രകടനമാണ് ഛായാഗ്രാഹകന്‍ കൂടിയായ സന്തോഷ് ശിവന് ചിത്രത്തിലൂടെ കാഴ്ചവച്ചത്. ചിത്രത്തിന്റെ ഓരോ ഫ്രെയിമും ഇന്നും പ്രേക്ഷകമനസ്സില്‍ മായാതെ കിടക്കുന്നുവെങ്കില്‍ അതിന്റെ പൂര്‍ണ്ണവിജയം അദ്ദേഹത്തിന് മാത്രമുള്ളതാണ്. കൂടാതെ സുനില്‍ബാബു എന്ന കലാസംവിധായകന്റെ മികച്ച കൈയൊപ്പും ശ്രീകര്‍ പ്രസാദിന്റെ മികവുറ്റ എഡിറ്റിംഗും പട്ടണം റഷീദിന്റെ മേക്കപ്പും അനന്തഭദ്രത്തിന്റെ മറ്റ് വിജയഘടകങ്ങളായിരുന്നു.
കലാഭവന്‍ മണി, നെടുമുടി വേണു, കൊച്ചിന് ഹനീഫ, മണിയന്‍പിള്ള രാജു തുടങ്ങിയ പ്രമുഖ താരങ്ങള്‍ക്കൊപ്പം റിയാ സെന്‍ എന്ന ബോളിവുഡ് സുന്ദരിയുടെയും അരങ്ങേറ്റചിത്രമായിരുന്നു അനന്തഭദ്രം. 2005 നവംബര്‍ 4 നായിരുന്നു സിനിമ പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിയത്. ദുര്‍മന്ത്രവാദത്തിന്റെ പശ്ചാത്തലത്തില്‍ അണിയിച്ചൊരുക്കിയ അനന്തഭദ്രം ആവിഷ്കാരഭംഗികൊണ്ട് അക്കാലത്ത് ഏറെ പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റുകയും ചെയ്തു.
സുനില്‍ പരമേശ്വരനായിരുന്നു ചിത്രത്തിന്റെ രചന. മണിയന്‍പിള്ള രാജു നിര്‍മ്മിച്ച അനന്തഭദ്രത്തിന്റെ അതി സുന്ദരമായ ഗാനങ്ങളൊരുക്കിയത്. ഗിരീഷ് പുത്തഞ്ചേരിയും എം.ജി. രാധാകൃഷ്ണനുമായിരുന്നു.
മികച്ച ഛായാഗ്രഹണത്തിനും സംഗീതത്തിനും ചിത്രസന്നിവേഷത്തിനും കലാസംവിധാനത്തിനും മേക്കപ്പിനുമുള്ള 2005 ലെ അഞ്ച് സംസ്ഥാന അവാര്‍ഡുകള്‍ അനന്തഭദ്രം നേടിയിട്ടുണ്ട്.
Recent Comments