അപ്പന് ഒരല്‍പ്പം വൈകിയാണ് കണ്ടത്. കണ്ടതിന് പിന്നാലെ സണ്ണിവെയിനെയും അലന്‍സിയറെയും വിളിച്ചിരുന്നു. അവരുടെ പ്രകടന മികവിനെ വാതോരാതെ അഭിനന്ദിച്ചു. വേറെയും ചിലരെയൊക്കെ വിളിക്കണമെന്നുണ്ടായിരുന്നു. എന്തുകൊണ്ടോ നടന്നില്ല.
ഒരു വീടും പരിസരവുമാണ് ഏതാണ്ട് രണ്ട് മണിക്കൂറിലേറെ ദൈര്‍ഘ്യമുള്ള അപ്പന്റെ പശ്ചാത്തലമായി നിറഞ്ഞുനില്ക്കുന്നത്. കഥാപാത്രങ്ങളെല്ലാം അങ്ങോട്ടേയ്ക്ക് കടന്നെത്തുന്നവര്‍ മാത്രമാണ്. ആ ചെറിയ സ്പെയ്സില്നിന്നുകൊണ്ടാണ് സംവിധായകന് മജു മുഷിച്ചിലില്ലാതെ കഥ പറഞ്ഞുതരുന്നത്. ആ രസച്ചരടിനെ മുറിച്ചുകളയാത്തത് അപ്പനിലെ ഓരോ കഥാപാത്രങ്ങളുടെയും മിന്നുന്ന പ്രകടനമാണ്. ചിത്രത്തിലെ ചെറിയ കുറവുകളെ മായ്ച്ചു കളയുന്നതും അതാണ്.
പ്രകടനത്തില്‍ ആര് മുന്നില്‍ എന്ന രീതിയില്‍ ആരോഗ്യകരമായ മത്സരവും നടക്കുന്നുണ്ട്. ഇട്ടിച്ചനും ഞൂഞ്ഞുമാണ് അവരെ മുന്നില്‍നിന്ന് നയിക്കുന്നത്. ആ വേഷങ്ങളെ അവതരിപ്പിച്ച അലന്‍സിയറുടെയും സണ്ണി വെയ്നെന്റെയും കരിയര്‍ ബെസ്റ്റാണ് ആ കഥാപാത്രങ്ങളെന്ന് നിസ്സംശയം പറയാം.
അപ്പന് മരിച്ചാല്‍ മതിയെന്ന് ആഗ്രഹിക്കുന്നവരുടെ കൂട്ടത്തിലേയ്ക്ക് പ്രേക്ഷകരെയും വലിച്ചിടുന്നിടത്തേയ്ക്ക് അപ്പനെ അഥവാ ഇട്ടിച്ചനെ ജീവസ്സുറ്റതാക്കിയതാണ് അലന്‍സിയറുടെ മികവ്. ആന്തരിക സംഘര്‍ഷങ്ങള്‍കൊണ്ട് വരിഞ്ഞുമുറുകിയ ഞൂഞ്ഞിനെ സ്വന്തം ആത്മാവിലേയ്ക്ക് ആവാഹിക്കുകയാണ് സണ്ണി വെയ്ന്‍ എന്ന അഭിനേതാവ്. കല പാരമ്യതയിലേയ്ക്കെത്തുമ്പോള് കല അവശേഷിക്കുകയും കലാകാരന് അപ്രത്യക്ഷനാകുകയും ചെയ്യുന്ന മാജിക്കിനും അപ്പന് സാക്ഷ്യം വഹിക്കുന്നുണ്ട്. അങ്ങനെ ജീവിക്കുന്ന വേറെയും കഥാപാത്രങ്ങളുണ്ടതില്. കുട്ടിയമ്മ (പോളി വല്‍സണ്‍), റോസി (അനന്യ), മോളിക്കുട്ടി (ഗ്രേസ് ആന്റണി), ഷീല (രാധികാ രാധാകൃഷ്ണന്) അവരും അപ്പന്റെ മഹത്വം ഉദ്ഘോഷിക്കുന്നവരാണ്.
കണ്ണുകളെ തഴുകി ഒഴുകി പോകുന്ന ദൃശ്യാനുഭവവും അപ്പന് എന്ന സിനിമയോടുള്ള ഇഷ്ടം വര്‍ദ്ധിപ്പിക്കുന്നതേയുള്ളൂ. എന്തെങ്കിലും കുറ്റം പറയണമെന്നുണ്ടെങ്കില്‍ അപ്പന് ഒരു തീയേറ്റര്‍ എക്സ്പീരിയന്‍സ് ആകേണ്ടിയിരുന്ന ചിത്രമായിരുന്നുവെന്നുമാത്രം. ഒടിടിയുടെ കംഫര്‍ട്ട് സോണിലും അപ്പനെ ആസ്വദിക്കുന്നവര്‍ക്ക് മറിച്ചൊരഭിപ്രായം ഉണ്ടാകാനിടയില്ല.
കെ. സുരേഷ്
Recent Comments